എസ്.എ20യിലെ പാള്‍ റോയല്‍സ് – സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് മത്സരത്തിനാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നത്. ഐ.പി.എല്ലിലെ ഫാന്‍ ഫേവറിറ്റ് ടീമുകളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും രാജസ്ഥാന്‍ റോയല്‍സിന്റെയും സൗത്ത് ആഫ്രിക്കന്‍ കൗണ്ടര്‍പാര്‍ട്ടുകള്‍ തമ്മിലുള്ള ക്ലാസിക് പോരാട്ടത്തിന് ബോളണ്ട് പാര്‍ക്കാണ് വേദിയാകുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 4.30നാണ് മത്സരം.
എസ്.എ20യില്‍ ആദ്യമായി ഒരു ഇന്ത്യന്‍ താരം കളത്തിലിറങ്ങുന്നു എന്ന ചരിത്രത്തിനാണ് ബോളണ്ട് പാര്‍ക് സാക്ഷ്യം വഹിക്കുക. പാള്‍ റോയല്‍സിനായി വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളില്‍ ദിനേഷ് കാര്‍ത്തിക് എസ്.എ20യില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.
ഇന്ത്യന്‍ പുരുഷ താരങ്ങള്‍ ഇത്തരത്തില്‍ മറ്റ് രാജ്യങ്ങളുടെ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കുന്നത് സാധാരണമല്ല. ഇതാണ് ദിനേഷ് കാര്‍ത്തിക്കിന്റെ എസ്.എ20 അരങ്ങേറ്റത്തെ കൂടുതല്‍ സ്‌പെഷ്യലാക്കുന്നത്.
കഴിഞ്ഞ സീസണോടെ ഐ.പി.എല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച താരം മറ്റൊരു രാജ്യത്തിന്റെ ഫ്രാഞ്ചൈസി ലീഗ് കളിക്കുമെന്ന് ആരാധകര്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. അതും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പരിശീലകന്റെ റോളില്‍ ചുമതലയേറ്റതിന് പിന്നാലെ!
ദിനേഷ് കാര്‍ത്തിക്
ദിനേഷ് കാര്‍ത്തിക്കിന് മുമ്പ് ശിഖര്‍ ധവാനും ഇത്തരത്തില്‍ മറ്റൊരു രാജ്യത്തിന്റെ ഫ്രാഞ്ചൈസി ലീഗിന്റെ ഭാഗമായിരുന്നു. നേപ്പാള്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന സീസണില്‍ ധവാന്‍ കര്‍ണാലി യാക്ക്‌സിന് വേണ്ടി കളത്തിലിറങ്ങിയിരുന്നു.
കര്‍ണാലി യാക്ക്‌സ് ജേഴ്‌സില്‍ ശിഖര്‍ ധവാന്‍
മറ്റ് രാജ്യങ്ങളുടെ ഫ്രാഞ്ചൈസി ലീഗ് കളിക്കുന്നതില്‍ നിന്നും പുരുഷ താരങ്ങളെ വിലക്കിയ ബി.സി.സി.ഐ വനിതാ താരങ്ങളോട് ഈ നിര്‍ബന്ധബുദ്ധി വെച്ചുപുലര്‍ത്തിയിട്ടില്ല. ബിഗ് ബാഷ് ലീഗ്, ദി ഹണ്‍ഡ്രഡ്, കിരീബിയന്‍ പ്രീമിയര്‍ ലീഗ് തുടങ്ങിയ വിവിധ ഫ്രാഞ്ചൈസി ലീഗുകളില്‍ സ്മൃതി മന്ഥാനയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ കളിക്കുന്നുണ്ട്.
സതേണ്‍ ബ്രേവ് ജേഴ്‌സിയില്‍ സ്മൃതി മന്ഥാന ദി ഹണ്‍ഡ്രഡ് കിരീടവുമായി
അതേസമയം, എസ്.എ20യില്‍ ഹാട്രിക് കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സിന് ആദ്യ മത്സരത്തില്‍ അടി തെറ്റിയിരുന്നു. സെന്റ് ജോര്‍ജ്‌സ് ഓവലില്‍ നടന്ന മത്സരത്തില്‍ എം.ഐ. കേപ് ടൗണിനോട് ഓറഞ്ച് ആര്‍മിക്ക് 97 റണ്‍സിന്റെ പരാജയം നേരിടേണ്ടി വന്നിരുന്നു. ഇതാദ്യമായാണ് സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് എം.ഐ കേപ് ടൗണിനോട് പരാജയപ്പെടുന്നത്.
ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി ക്യാമ്പെയ്ന്‍ ആരംഭിക്കാനാണ് പാള്‍ റോയല്‍സ് ഒരുങ്ങുന്നത്. കഴിഞ്ഞ രണ്ട് സീസണിലും പ്ലേ ഓഫില്‍ പരാജയപ്പെട്ട് മടങ്ങേണ്ടി വന്നതിന്റെ നിരാശ ഇത്തവണ മറികടക്കാന്‍ തന്നെയാകും പിങ്ക് പടയുടെ ലക്ഷ്യം.
ഡേവിഡ് മില്ലര്‍ (ക്യാപ്റ്റന്‍), ഡെവോണ്‍ മെറായിസ്, ജോ റൂട്ട്, മിച്ചല്‍ വാന്‍ ബ്യൂറന്‍, സാം ഹെയ്ന്‍, ആന്‍ഡില്‍ പെഹ്‌ലുക്വായോ, ഡയ്യാന്‍ ഗാലിയെം, കീത് ഡഡ്ജിയണ്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ലുവാന്‍ ഡി പ്രിട്ടോറിയസ് (വിക്കറ്റ് കീപ്പര്‍), റോബിന്‍ ഹെര്‍മാന്‍ (വിക്കറ്റ് കീപ്പര്‍), ബ്യോണ്‍ ഫോര്‍ച്യൂണ്‍, കോഡി യൂസഫ്, ദുനിത് വെല്ലാലാഗെ, ഇഷാന്‍ മലിംഗ. ക്വേന മഫാക്ക, ലുങ്കി എന്‍ഗിഡി, മുജീബ് ഉര്‍ റഹ്‌മാന്‍, എന്‍ഖാബ പീറ്റര്‍.
ജോര്‍ഡന്‍ ഹെര്‍മന്‍, ടോം ഏബല്‍, സാക്ക് ക്രോളി, ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ബെയേഴ്സ് സ്വാന്‍പിയോള്‍, ലിയാം ഡോവ്സണ്‍, മാര്‍കോ യാന്‍സെന്‍, പാട്രിക് ക്രൂഗര്‍, വാന്‍ ഡെര്‍ മെര്‍വ്, ഡാനിയല്‍ സ്മിത് (വിക്കറ്റ് കീപ്പര്‍), ഡേവിഡ് ബെഡ്ഡിങ്ഹാം (വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്സ് (വിക്കറ്റ് കീപ്പര്‍), ആന്‍ഡില്‍ സിമിലാനെ, കാലെബ് സെലേക, ക്രെയ്ഗ് ഓവര്‍ടണ്‍, ഒക്ഹുല്‍ സെലെ, ഒട്നീല്‍ ബാര്‍ട്മാന്‍, റിച്ചാര്‍ജഡ് ഗ്ലീസണ്‍, സൈമണ്‍ ഹാര്‍മര്‍.
Content Highlight: Paarl Royals vs Sunrisers Eastern Cape: Dinesh Karthik to debut in SA20