തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമാണ് തുടരും. ശോഭന – മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ച ഈ സിനിമില്‍ വില്ലനായി എത്തിയിരുന്നത് പ്രകാശ് വര്‍മ ആയിരുന്നു.
ജോര്‍ജ് മാത്തന്‍ എന്ന കഥാപാത്രമായിട്ടാണ് പ്രകാശ് വര്‍മ തുടരും സിനിമയില്‍ അഭിനയിച്ചത്. ഇപ്പോള്‍ പ്രകാശ് വര്‍മയുടെ ഈ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തന്റെ യൂട്യൂബ് ചാനലില്‍ പ്രകാശ് വര്‍മയോടൊപ്പമുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
‘കുറച്ചായി താങ്കളെ കാണണമെന്ന് കരുതുന്നു. സിനിമ കണ്ടിട്ട് ഇപ്പോള്‍ ഒരു പേടിയാണ്. പല സിനിമകളിലായി പല വില്ലന്മാരെയും കണ്ടിട്ടുണ്ട്. പക്ഷെ ഇതൊരു വെറൈറ്റിയായ വില്ലനായിരുന്നു.
ആദ്യം വാഷ്‌റൂമില്‍ നിന്ന് ഇറങ്ങി വരുന്ന ആള്‍ പിന്നെ ഓരോ സീന്‍ കഴിയുമ്പോഴും മാറുകയാണല്ലോ. പിന്നീട് വളരെ പെട്ടെന്നായിരുന്നു ആ കഥാപാത്രത്തില്‍ മാറ്റമുണ്ടാകുന്നത്. സത്യം പറഞ്ഞാല്‍ നിങ്ങളെ കണ്ടപ്പോള്‍ ചെറുതായി ഒരു പേടി തോന്നിയിരുന്നു (ചിരി),’ പി.എ. മുഹമ്മദ് റിയാസ് പറയുന്നു.
താന്‍ ആ അര്‍ത്ഥത്തില്‍ പറഞ്ഞതല്ലെന്നും സിനിമ കണ്ട എല്ലാവര്‍ക്കും ആ കഥാപാത്രത്തോട് പേടി തോന്നിയേക്കാമെന്നും റിയാസ് പറയുന്നു. ഹിന്ദി, മലയാളം, തമിഴ് ഭാഷകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട ഒരുപാട് വില്ലന്‍ കഥാപാത്രങ്ങളുണ്ടല്ലോയെന്ന് പറയുന്ന അദ്ദേഹം അതുപോലെ ഒന്നായിരുന്നു തുടരും സിനിമയിലേതെന്നും കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ആ അര്‍ത്ഥത്തില്‍ പറഞ്ഞതല്ല. പൊതുവായിട്ട് പറഞ്ഞതാണ്. ഇത് എനിക്ക് മാത്രമുള്ള ഫീല്‍ ആകണമെന്നില്ല. ഒരുപക്ഷെ സിനിമ കണ്ട എല്ലാവര്‍ക്കും പേടി തോന്നിയിട്ടുണ്ടാകും. ഒരു വില്ലന്‍ കഥാപാത്രത്തെ ആളുകള്‍ക്ക് അത്രയും ഇഷ്ടപ്പെടാം.
അതേസമയം സ്വാഭാവികമായും ഒരു പേടിയും വരാം. ഹിന്ദിയിലും മലയാളത്തിലും തമിഴിലുമെല്ലാം ശ്രദ്ധിക്കപ്പെട്ട ഒരുപാട് വില്ലന്‍ കഥാപാത്രങ്ങളുണ്ടല്ലോ. അതുപോലെ ഒന്നായിരുന്നു ഇത്,’ പി.എ. മുഹമ്മദ് റിയാസ് പറയുന്നു.
Content Highlight: PA Muhammed Riyas Talks About Prakash Varma’s Character In Thudarum Movie