കോഴിക്കോട്: യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രപതിജ്ഞാ ചടങ്ങിലെ വന്ദേമാതരം വിവാദത്തില്‍ തനിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളോട് പ്രതികരിച്ച് സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരത്തിന്റെ ആദ്യ ഈരടികള്‍ക്ക് പുറമെ ഗാനം മുഴുവനായും പാടിയത് ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷതയെന്ന ആശയത്തിനെതിരാണ് എന്ന നിലപാടാണ് തങ്ങള്‍ ചൂണ്ടിക്കാട്ടിയതെന്നും മുഖ്യമന്ത്രി വി.ഡി. സതീശനും ഇപ്പോള്‍ ഇക്കാര്യം ശരിവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലെഴുതിയ കുറിപ്പിലായിരുന്നു ബേപ്പൂര്‍ എം.എല്‍.എയുടെ പ്രതികരണം.
യഥാര്‍ത്ഥ മതവിശ്വാസികള്‍ ഉള്‍പ്പെടെ ആഗ്രഹിക്കുന്ന മതനിരപേക്ഷ നിലപാടുയര്‍ത്തിയതിന് ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഒട്ടേറെ വ്യക്തി അധിക്ഷേപങ്ങളും കോലം കത്തിക്കലുകളും ഉള്‍പ്പെടെ നേരിടേണ്ടി വന്നു.
എന്നാല്‍ കോലമല്ല സ്വന്തം ശരീരം തന്നെ കത്തിച്ചാലും മതനിരപേക്ഷ നിലപാടില്‍ നിന്ന് പിറകോട്ട് പോകുന്നവരല്ല തങ്ങളെന്നും റിയാസ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
വന്ദേമാതരം പൂര്‍ണമായും ആലപിക്കുമെന്ന കാര്യം അറിഞ്ഞിരുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോട് വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും പുതിയ സര്‍ക്കാര്‍ എന്ന നിലയില്‍ അതിപ്പോള്‍ ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരത്തിന്റെ ആദ്യ ഈരടികള്‍ക്കു പുറമെ ഗാനം മുഴുവനായും പാടിയത് ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷതയെന്ന ആശയത്തിനെതിരാണ് എന്ന നിലപാട് ഞങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശന്‍ ഇപ്പോള്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഞങ്ങള്‍ ഉയര്‍ത്തിയ നിലപാട് ശരി വച്ചിരിക്കുകയാണ്. യഥാര്‍ത്ഥ മതവിശ്വാസികള്‍ ഉള്‍പ്പെടെ ആഗ്രഹിക്കുന്ന മതനിരപേക്ഷ നിലപാടുയര്‍ത്തിയതിന് ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഒട്ടേറെ വ്യക്തി അധിക്ഷേപങ്ങളും കോലം കത്തിക്കലുകളും ഉള്‍പ്പെടെ നേരിടേണ്ടി വന്നു.
ഞങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനം ശരിയായിരുന്നു എന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ക്രിയാത്മക പ്രതിപക്ഷ ധര്‍മവും മതനിരപേക്ഷത മുറുകെപ്പിടിക്കുക എന്ന കടമയും ഇവിടെ നിര്‍വഹിക്കപ്പെട്ടിരിക്കുകയാണ്.
വന്ദേമാതരം പൂര്‍ണമായും ആലപിക്കുമെന്ന കാര്യം അറിഞ്ഞിരുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോട് വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും പുതിയ സര്‍ക്കാര്‍ എന്ന നിലയില്‍ അതിപ്പോള്‍ ഉന്നയിക്കുന്നില്ല.
കോലമല്ല സ്വശരീരം തന്നെ കത്തിച്ചാലും മതനിരപേക്ഷ നിലപാടില്‍ നിന്ന് പിറകോട്ട് പോകുന്നവരല്ല ഞങ്ങള്‍.
Content Highlight: PA Muhammad Riyaz responds to the protests against him in the Vande Mataram controversy.