| Wednesday, 11th March 2026, 12:58 pm

പി.എ മുഹമ്മദ് റിയാസിനെ ഒഴിവാക്കി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ച് സര്‍ക്കാര്‍

നിഷാന. വി.വി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതില്‍ പ്രതികരണവുമായി സര്‍ക്കാര്‍.

സംസ്ഥാന സര്‍ക്കാര്‍ പ്രധാന പങ്കുവഹിച്ച പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രിയെ ഒഴിവാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സര്‍ക്കാര്‍ ആരോപിച്ചു.

ചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കിയ നടപടി കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും സംസ്ഥാനത്തെ സുപ്രധാനമായ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ മാറ്റി പകരം ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ഉള്‍പ്പെടുത്തിയത് ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

2014ല്‍ മുടങ്ങിപ്പോയൊരു പദ്ധതിയാണിതെന്നും എല്‍.ഡി.എഫ് അധികാരത്തില്‍ വന്നതോടെ മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ പുനരുജ്ജീവിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ദേശീയപാത വികസനത്തിന് ഒരു സംസ്ഥാന സര്‍ക്കാര്‍ 5,600 കോടി രൂപ വിഹിതം നല്‍കാന്‍ തയ്യാറായത് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിനെ മാത്രം ഉള്‍പ്പെടുത്തുന്നുവെങ്കില്‍ മറ്റു പാര്‍ട്ടികളുടെ അധ്യക്ഷന്‍മാരെയും വിളിക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.

പരിപാടിയില്‍ പങ്കെടുത്ത് സമയം കളയാനില്ലെന്ന് മന്ത്രി എം.ബി രാജേഷും പ്രതികരിച്ചു. പ്രധാനമന്ത്രി പങ്കെടുത്ത തിരുവനന്തപുരത്തെ പരിപാടിയില്‍ ക്ഷണമുണ്ടായിരുന്നുവെന്നും അന്ന് ചെന്നപ്പോള്‍ എസ്.പി.ജി ആധാര്‍ കാര്‍ഡ് ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഏറെ സമയത്തിന് ശേഷമാണ് കടത്തിവിട്ടത്. ഇന്നത്തെ കൊച്ചിയിലെ പരിപാടിയില്‍ പങ്കെടുത്ത് സമയം കളയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് ഇടുങ്ങിയ രാഷ്ട്രീയമാണെന്നും ഇതാണ് ബി.ജെ.പിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാര്‍ മര്യാദയില്ലായ്മയാണ് കാണിക്കുന്നതെന്നും നികുതി പണം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പി നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് പൊതുപരിപാടികള്‍ നടത്തുന്ന രീതിയാണ് കണ്ട് വരുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രധാന പങ്കുവഹിച്ച പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളെ മാറ്റിനിര്‍ത്തുന്ന നടപടി അത്യന്തം ഞെട്ടിക്കുന്നതാണെന്ന് വി.ശിവന്‍കുട്ടി പ്രതികരിച്ചു.

ഇത് ചീപ്പ് നടപടിയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയിരുന്നു. ഇന്ന് കൊച്ചിയില്‍ നടക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്.

സംസ്ഥാനത്തെ ദേശീയപാത വികസന പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്നത് പൊതുമരാമത്ത് വകുപ്പാണ്. പദ്ധതിക്കായി 5500 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത്.

പൊതു തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായുളള രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു.

ഇതോടെ മുഖ്യമന്ത്രിയും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ഷണം ലഭിച്ചിട്ടുള്ള മന്ത്രിഎം.ബി രാജേഷ് അടക്കമുളള മറ്റ് മന്ത്രിമാരും ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കും.

കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ തുടങ്ങിയവര്‍ക്കും എം.പിമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, ഉമാ തോമസ് എം.എല്‍.എയ്ക്കും പരിപാടിയില്‍ ക്ഷണമുണ്ട്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര ശേഖറും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാനത്ത് ദേശീയപാത-66 ആറുവരിയാക്കുന്ന പണിനടക്കുന്ന 23 റീച്ചുകളില്‍ ആദ്യം പൂര്‍ത്തിയായ തലപ്പാടി-ചെങ്കള റീച്ചാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്.

Content Highlight: PA Muhammad Riyaz removed; Government boycotts PM Narendra Modi’s national highway inauguration ceremony

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more