| Wednesday, 4th June 2025, 5:37 pm

2026ലെ പുതുവര്‍ഷ സമ്മാനമായി എന്‍.എച്ച് 66 നാടിന് സമര്‍പ്പിക്കും : പി.എ മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദേശീയ പാത 66 ന്റെ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കി 2026ലെ പുതുവര്‍ഷ സമ്മാനമായി നാടിന് സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇക്കാര്യത്തില്‍ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ക്കരിയുടെ ഉറപ്പ് ലഭിച്ചതായി മന്ത്രി പറഞ്ഞു.

ന്യൂദല്‍ഹിയിലെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തില്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൂടിക്കാഴ്ച്ചയില്‍ ദേശീയ പാത നിര്‍മാണത്തിലെ വീഴ്ച്ചകള്‍ ചര്‍ച്ച ചെയ്‌തെന്നും നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് കിട്ടിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിര്‍മാണത്തിലെ അപാകതകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

ജനസാന്ദ്രത കൂടിയ സംസ്ഥാനം ആയതുകൊണ്ട് തന്നെ ഭൂമി ഏറ്റെടുക്കല്‍ സംസ്ഥാനത്ത് പ്രശ്‌നമായിരുന്നു. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ സര്‍ക്കാര്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. ഇനി സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുക എന്നതാണ് ലക്ഷ്യം.

360 മീറ്റര്‍ വയഡക്ട് നിര്‍മ്മിക്കുമെന്ന് ഉറപ്പ് നല്‍കി. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് പദ്ധതിക്ക് കേന്ദ്രാനുമതിയായിട്ടുണ്ട്. ഇതിന്റെ നിര്‍മാണത്തിനായി ജൂലൈ അവസാനത്തോട് അനുമതി ലഭിക്കും.

പാലക്കാട് -കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കും ജൂലായ് അവസാനത്തോടെ അംഗീകാരം കിട്ടും. കൂടാതെ കൊല്ലം ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ്‌ പദ്ധതിക്ക് സെപ്റ്റംബറോടെ ഉത്തരവാകും. കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട റോഡ് വികസനത്തിനും അനുമതി കിട്ടുമെന്നും മന്ത്രി അറിയിച്ചു.

Content Highlight: PA Muhammad Riyaz about NH 66 construction

We use cookies to give you the best possible experience. Learn more