തിരുവനന്തപുരം: ഒഡീഷയിലെ ജലേശ്വറില്‍ മലയാളി കന്യാസ്ത്രീകളെയും വൈദികരെയും അതിക്രമിച്ച സംഭവത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
പുള്ളിമാന്റെ പുള്ളി തേച്ചുമാച്ച് കളഞ്ഞാല്‍ പോകുമോയെന്നും മലയാളികളായതുകൊണ്ടാണ് ഒഡീഷയിലെ സംഭവം നമ്മള്‍ ചര്‍ച്ച ചെയ്തതെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കാലങ്ങളായി ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. ബി.ജെ.പി എന്ത് നയതന്ത്രവുമായി മുന്നോട്ട് പോയാലും ഇത്തരത്തിലുള്ള വിഷയങ്ങളില്‍ അവരുടെ നിലപാട് എന്താണ്? ബി.ജെ.പിയെ നിയന്ത്രിക്കുന്ന സംഘടനയുടെ അജണ്ട എന്താണെന്ന് അറിയാവുന്നവര്‍ക്ക് ഇതൊന്നും ഒരു അത്ഭുതമേയല്ലെന്നും മന്ത്രി പറഞ്ഞു.
ആഭ്യന്തര ശത്രുക്കളായി ബി.ജെ.പി കണ്ട മൂന്ന് പേരില്‍ ഒന്നാണ് മിഷിനറി. മുസ്‌ലിങ്ങൾ, മിഷനറീസ്, മാര്‍ക്‌സിസ്റ്റുകള്‍ ഇവരെയെല്ലാം ബി.ജെ.പി ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പ്രഖ്യാപനം രേഖാമൂലം അവരുടെ ഗ്രന്ഥങ്ങളില്‍ ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതിന്റെ ഭാഗമായാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ അതിന് വേറൊരു മുഖം കൊടുക്കാന്‍ നോക്കിയിട്ട് കാര്യമില്ല. ആളുകള്‍ക്ക് അത് മനസിലാകും. കേരളത്തിനകത്ത് കേക്ക് മുറിക്കുകയും കേരളത്തിന് പുറത്ത് വേറെന്തൊക്കെയോ മുറിക്കുന്ന നിലപാടാണ് ബി.ജെ.പിക്കെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഗ്രഹാംസ്‌റ്റൈന്‍സ് ഇന്നും നമ്മുടെ മനസുകളില്‍ ഓര്‍മയായി നില്‍ക്കുന്നുണ്ട്. ഇതെല്ലാം ബി.ജെ.പിയുടെ പ്രഖ്യാപിത നയങ്ങളാണ്. ഇതിനെതിരെ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. ഇതൊരു പ്രത്യേക മതവിഭാഗത്തിനെതിരായ അതിക്രമങ്ങളല്ലെന്നും ഭരണഘടന മുന്നോട്ടുപോകുന്ന മൂല്യങ്ങള്‍ക്കെതിരായ നീക്കങ്ങളാണെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.
ഓഗസ്റ്റ് ആറിന് ഒമ്പത് മണിയോടെയാണ് മലയാളി കന്യാസ്ത്രീകളും വൈദികരും ഒഡീഷയില്‍ ആക്രമിക്കപ്പെട്ടത്. ഒരു ക്രിസ്ത്യന്‍ മതവിശ്വാസിയുടെ രണ്ടാമത്തെ ചരമവാര്‍ഷികത്തിനായാണ് ജലേശ്വറിലെ ഗംഗാധര്‍ ഗ്രാമത്തിലെത്തിയതെന്നാണ് വൈദികര്‍ പറയുന്നത്.
വീട്ടില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം മടങ്ങിപ്പോകുന്നതിനിടെ 70 അംഗ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ സംഘം ഇവരെ മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ വൈദികരായ ഫാദര്‍ നരിപ്പേല്‍, ജോജോ എന്നിവര്‍ക്ക് ഗുരുതമായി പരിക്കേറ്റിരുന്നു.
സംഭവത്തില്‍ വൈദികര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ദേഷ്യപ്പെടുകയും ബി.ജെ.ഡി അല്ല ബി.ജെ.പിയാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നതെന്നും പറഞ്ഞതായാണ് പരാതി ചൂണ്ടിക്കാട്ടുന്നത്. ബജ്‌രംഗ് പ്രവര്‍ത്തകര്‍ തങ്ങളുടെ മുഖത്തടിച്ചതായും കന്യാസ്ത്രീകളെ അസംഭ്യം പറഞ്ഞതായും വൈദികര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: Muhammad Riyas against Sanghparivar attack in Odisha