തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി നടപ്പാക്കാന്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ പിന്തുണ വളരെ വലുതായിരുന്നുവെന്ന് പി. വിജയന്‍ ഐ.പി.എസ്. പ്രായഭേദമന്യേ ഏവര്‍ക്കും പ്രചോദനം നല്‍കുന്ന ഒരു ജീവിതമായിരുന്നു വി.എസിന്റേതെന്നും പി. വിജയന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി. വിജയന്‍ വി.എസിനെ കുറിച്ച് പ്രതികരിച്ചത്.
കര്‍മ മണ്ഡലത്തിലും വ്യക്തി ജീവിതത്തിലും ആരോഗ്യപരിപാലനത്തിലും വി.എസ് പുലര്‍ത്തിയ നിഷ്ഠ, കണിശത തുടങ്ങിയവയെല്ലാം ഒരിക്കലും കെടാത്ത പ്രചോദനത്തിന്റെ ഒരു മാതൃകയാണെന്നും പി. വിജയന്‍ പറഞ്ഞു.
തന്റെ മുണ്ടിന്റെ തലപ്പുപിടിച്ച് പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ശബരിമല നടന്ന് കയറി വരുന്ന വി.എസിനെ കണ്ടപ്പോള്‍, നമ്മളില്‍ പലരും ശബരിമല കയറാന്‍ ബുദ്ധിമുട്ട് കാണിക്കുമ്പോള്‍ നമ്മുടെ മുന്നില്‍ ഈ പ്രായത്തിലും മറ്റൊരാളുടെ സഹായമില്ലാതെ കയറി വരുന്ന വി.എസ് നല്‍കുന്ന പാഠം വളരെ വലുതാണെന്ന് സഹപ്രവര്‍ത്തകരോട് പറഞ്ഞതായും പി. വിജയന്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ആലപ്പുഴയിലേക്കുള്ള വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മുന്നോട്ടുനീങ്ങുകയാണ്. ആയിരക്കണക്കിന് ആളുകളാണ് വി.എസിനെ കാണാന്‍ നിരത്തുകളിൽ കാത്തുനില്‍ക്കുന്നത്. വി.എസിന്റെ മരണത്തിലൂടെ ഒരു നൂറ്റാണ്ട് കാലത്തെ വിപ്ലവ ജീവിത്തതിനാണ് തിരശ്ചീല വീണിരിക്കുന്നത്.
ഇന്നലെ (തിങ്കള്‍) ഉച്ചയ്ക്ക് ശേഷം 3.20ഓടെയായിരുന്നു വി.എസിന്റെ മരണം. കഴിഞ്ഞ ഒരു മാസക്കാലമായി അദ്ദേഹം തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ഒന്നിലധികം തവണ വി.എസിന്റെ ആരോഗ്യനിലയില്‍ ചെറിയ തോതിലുള്ള പുരോഗതിയുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യനില വീണ്ടും ഗുരുതരമായതോടെ മരണപ്പെടുകയായിരുന്നു.
പി. വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഇന്ന് ഇന്ത്യയില്‍ അങ്ങോളം ഇങ്ങോളമായി 13,000 സ്‌കൂളുകളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി നടപ്പാക്കി വരുന്നു. ഏതാണ്ട് 15 ലക്ഷത്തോളം കുട്ടികള്‍ ഈ പദ്ധതിയിലൂടെ സ്വഭാവരൂപീകരണത്തിന് വിധേയരാകുന്നുമുണ്ട്. കേരളത്തില്‍ മാത്രം ആയിരത്തില്‍പരം സ്‌കൂളുകളില്‍ ഒരു ലക്ഷത്തോളം കുട്ടികള്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
ഇന്ത്യക്ക് പുറത്തുനിന്നു പോലും സ്റ്റുഡന്റ് പൊലീസ് പദ്ധതിയെ കുറിച്ച് പഠിക്കാന്‍ പത്തോ പതിഞ്ചോ രാജ്യങ്ങളിലെ ആള്‍ക്കാര്‍ വന്നിരുന്നു, ഇപ്പോഴും എത്തുന്നു. കേരളം രാജ്യത്തിനും രാജ്യം ലോകത്തിലെ യുവ ജനതയെ ഉത്തരവാദിത്തമുള്ള ഒരു യുവജനതയെ വാര്‍ത്തെടുക്കാന്‍ ലോകത്തിന് നല്‍കിയ ഒരു മഹത്തായ സംഭാവനയായി ഈ പദ്ധതി ഇന്ന് അറിയപ്പെടുന്നു. എന്നാല്‍ യാത്രയുടെ തുടക്കം 2010 ഓഗസ്റ്റ് രണ്ടിന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന എസ്.പി.സിയുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ നിന്നാണ്. ഈ പദ്ധതി അന്ന് നടപ്പാക്കാന്‍ അന്നത്തെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയായ ശ്രീ. വി.എസ്. അച്യുതാനന്ദന്‍ സര്‍ നല്‍കിയ പിന്തുണയും പ്രേരണയും വളരെ വലുതായിരുന്നു.
അന്ന് അദ്ദേഹം നല്‍കിയ ആ ശക്തിയാണ് ഈ പദ്ധതിയെ ഒരു ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും വളര്‍ച്ചയിലേക്ക് നയിച്ചതെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പ്രായഭേദമന്യേ ഏവര്‍ക്കും പ്രചോദനം നല്‍കുന്ന ഒരു ജീവിതമായിരുന്നു അച്യുതാനന്ദന്‍ സാറിന്റേത്. അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റൊരൊര്‍മ, ഞാന്‍ ശബരിമലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു സമയത്തേതാണ്. അന്ന് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ പ്രായം 87. തീര്‍ത്ഥാടനകാലത്തെ ബന്തവസും മറ്റ് സൗകര്യങ്ങളും പരിശോധിക്കാന്‍ ഒരിക്കല്‍ അദ്ദേഹം വന്നു. ഡോളി പോയിന്റില്‍ അദ്ദേഹത്തെ കാത്തുനിന്ന ഞങ്ങളെ എല്ലാവരേയും അത്ഭുതപ്പെടുത്തിയ കാഴ്ച തന്റെ മുണ്ടിന്റെ തലപ്പ് പിടിച്ച്, പ്രകൃതി സൗന്ദര്യം ആസ്വദിച്ചു മല നടന്ന് കയറി വരുന്ന ശ്രീ. വി.എസ്. അച്യുതാനന്ദന്‍ സാറായിരുന്നു.
അന്ന് ഞാന്‍ എന്റെ സഹപ്രവര്‍ത്തകരോട് പറഞ്ഞു, ‘നമ്മളില്‍ പലരും ശബരിമല കയറാന്‍ ബുദ്ധിമുട്ട് കാണിക്കുമ്പോള്‍, നമ്മുടെ മുന്നില്‍ ഈ പ്രായത്തിലും മറ്റൊരാളുടെ സഹായമില്ലാതെ കയറി വരുന്ന ഇദ്ദേഹം നല്‍കുന്ന പാഠം വളരെ വലുതാണെന്ന്’. കര്‍മ മണ്ഡലത്തിലും വ്യക്തി ജീവിതത്തിലും ആരോഗ്യപരിപാലനത്തിലും അദ്ദേഹം പുലര്‍ത്തിയ നിഷ്ഠ, കണിശത-ഇതൊക്കെ ഒരിക്കലും കെടാത്ത പ്രചോദനത്തിന്റെ ഒരു മാതൃക, ഒരു പ്രചോദനം നല്‍കിയിട്ടാണ് ശ്രീ. വി.എസ്. അച്യുതാനന്ദന്‍ എന്ന യുഗപുരുഷന്‍ യാത്രയാകുന്നത്. ആ മഹത് ജീവിതത്തിന് മുന്നില്‍ പ്രണാമം.
Content Highlight: A life and role model that inspires everyone regardless of age: P. Vijayan IPS