മലപ്പുറം: പി.വി. അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം അനുമതി നല്‍കിയതോടെയാണ് അന്‍വര്‍ മത്സരിക്കുമെന്ന് ഉറപ്പായത്.
നാളെ (തിങ്കളാഴ്ച്ച)യാണ് അന്‍വര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അന്‍വറിന് മത്സരിക്കുന്നതിനായി തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചിഹ്നമായ പുല്ലും പൂവും അനുവദിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യസംഘം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ന് കേരളത്തില്‍ എത്തും.
അന്‍വറിനെ അനുനയിപ്പിക്കാനായി കോണ്‍ഗ്രസ് എം.എല്‍.എയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇന്നലെ രാത്രി അന്‍വറിന്റെ വീട്ടില്‍ എത്തിയായിരുന്നു ചര്‍ച്ച നടത്തിയത്. എന്നാല്‍ ഇതൊരു ഔദ്യോഗിക ചര്‍ച്ചയല്ലെന്നായിരുന്നു യു.ഡി.എഫിന്റെ പ്രതികരണം.
നിലമ്പൂര്‍ നിയമസഭ മണ്ഡലത്തിലെ അന്‍വറിന്റെ മൂന്നാമത്തെ അങ്കമാകും ഇത്. മുമ്പ് രണ്ട് തവണയും എല്‍.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായായിരുന്നു അന്‍വറിന്റെ മത്സരം. അന്‍വറിന്റെ സിറ്റിങ് സീറ്റായിരുന്നു നിലമ്പൂര്‍. സി.പി.ഐ.എം നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്നാണ് അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജി വെച്ചത്.
അന്‍വറും കൂടി മത്സരരംഗത്തേക്ക് ഇറങ്ങുന്നതോടെ നിലമ്പൂരില്‍ മത്സരം ശക്തമാവും. നിലവില്‍ യു.ഡി.എഫും എല്‍.ഡി.എഫും അവരുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. എം. സ്വരാജാണ് എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി. ആര്യാടന്‍ ഷൗക്കത്താണ് യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി.
ആദ്യം മത്സരിക്കില്ലെന്ന് പറഞ്ഞ ബി.ജെ.പിയും നിലമ്പൂരില്‍ മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Content Highlight: P.V. Anwar to contest in Nilambur by election