ഭക്തിയുടെ അന്തരീക്ഷത്തിലേക്ക് എല്ലാവരെയും കൂട്ടിക്കൊണ്ടുപോകാന്‍ കഴിയുന്ന സംഗീതശാഖയാണ് ഭജന. കേരളത്തില്‍ ഈയടുത്തകാലത്ത് ഭജനസംഘങ്ങള്‍ പുതിയൊരു സംഗീതധാരയായി വളരുകയാണ്.
ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഭക്തിഗാനസുധകള്‍ പുതിയതല്ലെങ്കിലും, സോഷ്യല്‍ മീഡിയകളിലേക്കുള്ള കടന്നുവരവോടെ അവരുടെ സ്വീകാര്യത വിപുലമായി. മലയാളികള്‍ക്ക് പ്രിയപ്പെട്ടതും, പരിചിതവുമായ ഭക്തിഗാനങ്ങള്‍ റീല്‍സുകളായി മാറിയതോടെ ഓരോ മൊബൈല്‍ ഫോണും ഭക്തിമയമായി.
മയില്‍പീലി എന്ന ആല്‍ബത്തിലൂടെ കെ.ജെ. യേശുദാസ് പാടിയ പാട്ടുകളെല്ലാം മലയാളികളുടെ തലമുറകളിലൂടെ ഒഴുകുന്ന ഒരു സംഗീത പ്രവാഹമാണ്. ഈ ആല്‍ബത്തിലെ ‘രാധതന്‍ പ്രേമത്തോടാണോ’ എന്നാ ഗാനത്തിന്റെ ഈരടികള്‍ ഏറ്റുപാടാത്ത മലയാളികള്‍ ഉണ്ടാവില്ല.
നന്ദഗോവിന്ദം ഭജന്‍സിന്റെ ഈ പാട്ട് റീല്‍കളിലൂടെ കടന്നു വന്നപ്പോള്‍ പുതിയ ജനറേഷനുകളും ആസ്വദിച്ചു ഏറ്റുപാടി. എല്ലാവരും കേള്‍ക്കാത്ത പല കീര്‍ത്തനങ്ങളും ഇത്തരം ഭക്തിഗാന ഭജന സംഘങ്ങള്‍ ഇതിനിടയില്‍ പാടുന്നുണ്ട്. ഇത്തരം കീര്‍ത്തനങ്ങളുടെ ഉള്ളടക്കം പരിശോധിക്കുമ്പോള്‍ ആധുനിക സമൂഹത്തിന് യോജിക്കാത്ത പലതും കാണാനാവും.
ക്ഷേത്രാരാധനങ്ങളും, അനുഷ്ഠാനങ്ങളും, പ്രാര്‍ത്ഥനകളും, വഴിപാടുകളും ഭക്തിമാര്‍ത്തിന്റെ അവിഭാജ്യ ഘടകങ്ങളായി മാറുകയും, നാമജപങ്ങളും കീര്‍ത്തനാലാപനങ്ങളും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദേവതാരൂപങ്ങളുടെ ഇമേജുകളും പ്രഭ ചൊരിയുന്ന ലൈറ്റിങ് സംവിധാനങ്ങളും കൂടി ചേര്‍ന്ന് മറ്റൊരു ലോകത്തേക്ക് വിശ്വാസികളെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു.
ഇത്തരം ഭജനകളില്‍ ആവര്‍ത്തിച്ചു കേള്‍ക്കുന്ന കീര്‍ത്തനങ്ങളില്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയം സമൂഹത്തെ പുരാതനകാലത്തേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ മാത്രമാണ് സഹായിക്കുക. ഭജനകളില്‍ സാധാരണയായി കേള്‍ക്കാറുള്ള കിളിപ്പാട്ട് രാമായണവും, കുചേലവൃത്തം വഞ്ചിപ്പാട്ടും ജാതി വ്യവസ്ഥ പിന്തുടരേണ്ടത് ദൈവത്തെ പ്രസാദിപ്പിക്കുന്നതിനുള്ള മാര്‍ഗമാണ് എന്നാണ് പറയുന്നത്.
നന്ദഗോവിന്ദം ഭജന്‍സ്
പാടുന്നവര്‍ ഈ ഉദ്ദേശത്തോടുകൂടി അല്ല പാടുന്നതെങ്കിലും, ഈ കീര്‍ത്തനങ്ങളില്‍ ഉള്‍ക്കൊള്ളുന്ന ബ്രാഹ്‌മണ മേധാവിത്വവും ചാതുര്‍വര്‍ണ്യ വ്യവസ്ഥയും സമൂഹത്തില്‍ വീണ്ടും അടിച്ചേല്‍പ്പിക്കാന്‍ സഹായകരമാവുകയാണ് ചെയ്യുന്നത്.
‘കാരണഭൂതന്മാരായ ബ്രാഹ്‌മണരുടെ കാലിലെ പൊടി തന്റെ ഹൃദയം ശുദ്ധീകരിക്കട്ടെ’ എന്ന് പാടുന്ന എഴുത്തച്ഛന്റെ കിളിയും ആ കിളിപ്പാട്ട് ഏറ്റുപാടുന്നവരും അറിഞ്ഞോ, അറിയാതെയോ ബ്രാഹ്‌മണ്യ സംസ്‌കാരത്തിന്റെ സംവാഹകരായി മാറിത്തീരുകയാണ് ചെയ്യുന്നത്.
പുരാണ കൃതികളുടെയും, കീര്‍ത്തനങ്ങളുടെയും, ഭജന പാട്ടുകളുടെയും ഉള്ളടക്കം പരിശോധിക്കുമ്പോള്‍ അവ ആത്യന്തികമായി ബ്രാഹ്‌മണ്യ പൗരോഹിത്യ ചൂഷണ വ്യവസ്ഥയെയും, പുരുഷമേധാവിത്വത്തെയും നിലനിര്‍ത്തുന്നവയാണെന്ന് കാണാനാവും.
അതുകൊണ്ടുതന്നെ പുതിയകാലത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെ വര്‍ണാഭമായി അവതരിപ്പിക്കുന്ന കീര്‍ത്തനാലാപനങ്ങളുടെ രാഷ്ട്രീയം അത്ര നിഷ്‌കളങ്കമല്ല എന്ന് ഭജനകളിലെ പാട്ടുകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് വിമര്‍ശിക്കുന്നത് ഡോ.ടി.എസ്. ശ്യാം കുമാറാണ്.
ഡോ.ടി.എസ്. ശ്യാം കുമാർ
നന്ദഗോവിന്ദം ഭജന്‍സ് ആവര്‍ത്തിച്ചുപാടുന്ന ‘വഞ്ചി ഭൂമി പതേ ചിരം’ എന്ന ഗാനം ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സമത്വവും ആത്മാഭിമാനപൂര്‍ണവുമായ സാമൂഹ്യ ജീവിതത്തെ റദ്ദ് ചെയ്തു കൊണ്ട് ശ്രേണീകൃത അസമത്വത്തെയും, ഫ്യൂഡല്‍ നാടുവാഴി ജാതി ജന്മിത്വ വ്യവസ്ഥയെയും ഉറപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നതാണ്.
തിരുവിതാംകൂറിന്റെ ദേശീയ ഗാനം ഈ ഭജന സംഘങ്ങള്‍ പാടുമ്പോള്‍ രാജാവിനെ സ്തുതിച്ചുകൊണ്ട് ജനാധിപത്യം നില്‍ക്കുന്ന ഒരു രാജ്യത്ത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങളെ അട്ടിമറിക്കുകയാണ് ചെയ്യുന്നത്.
വഞ്ചീശ്വര സ്തുതികള്‍ അടിസ്ഥാനപരമായി ഫ്യൂഡല്‍ നാടുവാഴി സ്തുതിയാണ്. ഫ്യൂഡല്‍ നാടുവാഴി ജന്മി ഭരണം അവസാനിപ്പിച്ചാണ് ഇന്ത്യ ഒരു സ്വതന്ത്ര ഭരണാധികാര രാഷ്ട്രമായി പൗരര്‍ക്ക് തുല്യത നല്‍കുന്ന നാടായത്.
ജന്മി വര്‍ഗത്തെ ആദ്യമായി ഇല്ലാതാക്കിയ കേരള സമൂഹത്തില്‍ തന്നെ ‘പ്രജാപാലനം ചെയ്തരുളേണം’ എന്തു പാടുകയും, ഏറ്റുപാടുകയും ചെയ്യുന്ന പൗരന്മാര്‍ ഈ കാലത്തും ഉണ്ടാവുന്നു എന്നത് ആധുനികതയോടുള്ള വെല്ലുവിളിയാണ്.
എല്ലാവര്‍ക്കും ആസ്വദിക്കാനും, ഏറ്റുപാടാനും കഴിയുന്ന നിരുപദ്രവകാരിയായ ഭജനകളിലൂടെ ഭരണഘടനക്കും, ജനാധിപത്യത്തിനും മുകളില്‍ ഹിന്ദു രാഷ്ട്ര വ്യവസ്ഥയെയും, ചാതുര്‍ വര്‍ണ്യത്തെയും പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത് വൈറലായ ഈ ഭജന പാട്ടുകാര്‍ അറിയുന്നുണ്ടോ എന്നറിയില്ല.
ഭജന സംഘങ്ങളുടെ മനോഹരമായ ആലാപനങ്ങള്‍ ജെന്‍ഡര്‍ വ്യത്യാസം ഇല്ലാതെ വൈറലാകുന്നതിലൂടെ ഹിന്ദുത്വ രാഷ്ട്രീയം സമൂഹത്തില്‍ കലരുന്നത് കണ്ട് രഹസ്യമായി ആസ്വദിക്കുകയും, ആഘോഷിക്കുകയും ചെയ്തിരുന്ന സംഘപരിവാര്‍ ഈ ഭജന മതനിരപേക്ഷമാകുന്നത് കാണുമ്പോള്‍ അസ്വസ്ഥരാകുന്നുണ്ട്.
ഭജനയുടെ പൊതുവായ ഉള്ളടക്കം ബ്രാഹ്‌മണ മേധാവിത്വവും, ജാതി വ്യവസ്ഥയും ഉള്‍ ചേര്‍ന്നതാണെങ്കിലും കേരളീയ സമൂഹത്തില്‍ ഈ സംഗീത ശാഖക്ക് മതനിരപേക്ഷമാവാതെ നിലനില്‍ക്കാന്‍ കഴിയില്ല എന്നത് വസ്തുതയാണ്. ഒരു മതനിരപേക്ഷ സമൂഹത്തില്‍ സ്വാഭാവികമായും ഭക്തിയുടെ വേറിട്ട തലങ്ങള്‍ അവതരിപ്പിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്.
കേരളത്തിന്റെ മതനിരപേക്ഷ അന്തരീക്ഷം നന്ദഗോവിന്ദം ഭജന്‍സിനെ കൊണ്ട് ക്രിസ്ത്യന്‍ സങ്കീര്‍ത്തനവും ആലപിക്കുന്ന സാഹചര്യം ഉണ്ടാക്കിയപ്പോള്‍ സംഘപരിവാറിന് സഹിക്കുന്നില്ല. ഭജനയുടെ പരമ്പരാഗതവും, പ്രാകൃതവുമായ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുനത് കാണുമ്പോള്‍ ഈ ആക്രോശം സംഘപരിവാറില്‍ നിന്നും വരുന്നതില്‍ അസഭാവികത ഇല്ല.
നന്ദഗോവിന്ദം ഭജന്‍സിനെതിരായ കെ.പി. ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ്
മതനിരപേക്ഷതയുടെ താളത്തിലൂടെ കടന്നുപോയ നന്ദഗോവിന്ദം ഭജന്‍സ് സംഘപരിവാര്‍ ആക്രമണത്തില്‍ പതറുകയോ പിന്മാറുകയോ ചെയ്തില്ല എന്നത് അഭിമാനകരമാണ്.
‘നന്ദഗോവിന്ദം എപ്പോഴും ഭക്തി, ഐക്യം, സംഗീതത്തിലൂടെ ആളുകള്‍ ഒന്നാകുന്ന ആത്മാവ് എന്നിവയ്ക്കായി നിലകൊണ്ടതാണ്. അത് മാറിയിട്ടില്ല. സംഗീതം നന്ദിയും, ആദരവും ബന്ധവും പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു ശക്തിയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതായിരുന്നു ആ നിമിഷത്തിന് പിന്നിലുള്ള ഏക ചിന്ത’ എന്ന അവരുടെ ഈ വിഷയത്തിലുള്ള പ്രതികരണം ക്രിസ്ത്യന്‍ സങ്കീര്‍ത്തനം പാടിയത് ഒരു തെറ്റല്ല എന്ന പ്രഖ്യാപനം കൂടിയാണ്. കേരളത്തില്‍ ആയതുകൊണ്ട് മാത്രമാണ് ഇത്തരത്തില്‍ ആത്മധൈര്യത്തോടെ പ്രതികരണം നടത്താന്‍ ഇവര്‍ക്ക് കഴിയുന്നത്.
കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നടന്ന പരിപാടിയിലാണ് ക്ഷേത്രവും തൊട്ടടുത്തുള്ള ക്രിസ്ത്യന്‍ പള്ളിയും തമ്മിലുള്ള ബന്ധത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഈയടുത്ത് ഒരു ആല്‍ബത്തിലൂടെ വീണ്ടും ശ്രദ്ധേയമായ ‘ഈ പരദേവനഹോ‘ എന്ന സങ്കീര്‍ത്തനം നന്ദഗോവിന്ദം ഭജന്‍സ് പാടുന്നത്. ക്ഷേത്രത്തില്‍ ഈ ക്രിസ്ത്യന്‍ പള്ളിയിലും വിളക്ക് തെളിയിക്കാറുണ്ട്.
നന്ദഗോവിന്ദം ഭജന്‍സ്
ഈ പരിപാടിയുടെ പാര്‍ക്കിങ്ങിന് സൗകര്യം ഒരുക്കിയത് പള്ളിയിലാണ്. ഈ മതസൗഹാര്‍ദം അന്തരീക്ഷത്തില്‍ പാടിയ ക്രിസ്ത്യന്‍ സങ്കീര്‍ത്തനം കയ്യടികളോട് കൂടിയാണ് നാട്ടുകാര്‍ ആസ്വദിച്ചത്. ഭജന സംഘങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് നമ്മുടെ സമൂഹത്തിന്റെ ജാതിമത ചിന്തകള്‍ക്കതീതമായുള്ള ഐക്യത്തിന്റെ മഹത്തരമായ മാതൃക തന്നെയാണിത്.
സംഗീതത്തിന് മതമില്ലെന്ന് ആവര്‍ത്തിച്ചു പറയാന്‍ കഴിയുന്ന സമാനമായ നിരവധി ഉദാഹരണങ്ങള്‍ കേരളത്തില്‍ ഉടനീളമുണ്ട്. വാവരു തോഴനായ അയ്യപ്പനെ ഹരിവരാസനം പാടിയുറക്കുന്ന യേശുദാസിന്റെ നാടാണിത്. വര്‍ണാശ്രമധര്‍മ്മങ്ങള്‍ക്ക് കീഴ്‌പ്പെടില്ല, എന്നുറപ്പാക്കുന്നതിനൊപ്പം ഭജന സംഘങ്ങള്‍ക്കെല്ലാം വിദ്വേഷ, വര്‍ഗീയ ചിന്തകള്‍ക്ക് അനുഗുണമായി പ്രവര്‍ത്തിക്കില്ല എന്നുകൂടി പ്രഖ്യാപിക്കാനുള്ള അവസരമാണിത്.
ബ്രാഹ്‌മണ മേധാവിത്വത്തിന്റെ മുഖത്തടിക്കാന്‍ അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയ ശ്രീനാരായണഗുരുവിന്റെ നാട്ടിലെ പുതിയ ഭജന ഗായകര്‍ ജാതി വ്യവസ്ഥ നിലനിര്‍ത്താനുള്ള പ്രചാരകരായി മാറാതെ, മതനിരപേക്ഷതയുടെ താളബോധം തകരാതെ കാത്തുസൂക്ഷിക്കുന്ന ഗാട്ടുകാരായി തന്നെ തുടരുമെന്ന് പ്രതീക്ഷിക്കാം.
Content Highlight: P.T. Rahesh writes about Nanda Govindam Bhajans and the Brahminical dominance in the Bhajans