| Tuesday, 21st July 2026, 9:04 am

സമരനൂറ്റാണ്ട് വിട പറഞ്ഞ് ഒരു വര്‍ഷം

പി.ടി. രാഹേഷ്

നാം ജീവിക്കുന്ന ആധുനിക സമൂഹത്തെ രൂപപ്പെടുത്തിയ സമര കലുഷിതമായ ഒരു നൂറ്റാണ്ടിന്റെ അടയാളമയ വിപ്ലവകാരിയാണ് വി.എസ്. ജാതി ജന്മി നാടുവാഴിത്തം, ബ്രിട്ടീഷ് ഭരണം, ദിവാന്‍ ഭരണം, കൊളോണിയലിസം, അടിയന്തരാവസ്ഥ, ആഗോളവല്‍ക്കരണം, ഹിന്ദുത്വ വര്‍ഗീയത, നവഫാസിസം തുടങ്ങി മനുഷ്യത്വ വിരുദ്ധമായ കടന്നാക്രമണങ്ങളെയെല്ലാം സധൈര്യം നേരിട്ട ഈ ലോകത്തെ ഒരേയൊരു കമ്മ്യൂണിസ്റ്റുകാരനാണ് അദ്ദേഹം.

രണ്ടു നൂറ്റാണ്ടുകള്‍ക്കിടയില്‍ ജീവിച്ച് അനവധി തലമുറകളെ പ്രചോദിപ്പിച്ച ഒരു മാര്‍ക്‌സിസ്റ്റുകാരന്‍. മണ്ണിനോടും മനുഷ്യനോടുമുള്ള ചൂഷണത്തിനെതിരായ പോരാട്ടത്തിന്റെ നേര്‍ചിത്രമായി ഇന്നത്തെ സമൂഹം നേരിട്ടു കണ്ട കേരളത്തിന്റെ ക്രൗഡ് പുള്ളര്‍ വലിയ ചുടുകാടിലേക്കെത്തിയിട്ട് ഒരു വര്‍ഷമാവുകയാണ്.

നീ പഠിച്ച് മജിസ്‌ട്രേറ്റാകാന്‍ പോവുകയാണോ? സ്‌കൂളില്‍ പോകുന്ന അച്ചുതാനന്ദനെതിരെയുള്ള സവര്‍ണ്ണ അധിക്ഷേപങ്ങളെ അച്ഛന്റെ നിര്‍ദേശപ്രകാരം അരഞ്ഞാണമൂരി അടിച്ചാണ് അന്നവന്‍ നേരിട്ടത്.

അനീതികളോടും, അത്യാചാരങ്ങനോടുമുള്ള അച്ചുതാനന്റെ ആദ്യ സമരമായിരുന്നത്. അരുതായ്മകള്‍ക്കെതിരെയുള്ള പത്തു വയസ്സുകാരന്റെ പ്രതിഷേധം പോരാളികളായ കുട്ടികളുടെ ‘ഉശിരുള്ള ബാല്യത്തിന്റെ’ ചരിത്രം കൂടിയാണ്.

അനീതികളോട് സന്ധി ചെയ്യാത്ത അച്ചുതാനന്ദന്‍ ‘വി.എസ്’ ആയി രൂപാന്തീകരണം സംഭവിക്കുന്നതിന്റെ ചരിത്രവഴി കേരളത്തിന്റെ വളര്‍ച്ചയുടേതു കൂടിയാണ്. ജൗളിക്കടയുടെ ചുവരുകള്‍ക്കിടയില്‍ നിന്നും അയ്യായിരത്തിലധികം തൊഴിലാളികളുണ്ടായിരുന്ന ആസ്പിന്‍വാള്‍ കയര്‍ ഫാക്ടറിയിലെ നെയ്ത്തു തൊഴിലാളിയായി കടന്നു ചെന്ന വി.എസ് തൊഴിലാളികള്‍ക്കിടയിലെ ശ്രദ്ധാകേന്ദ്രമായി.

മഹാനായ വിപ്ലവകാരി സഖാവ് പി.കൃഷ്ണപിള്ളയുമായുള്ള കൂടിക്കാഴ്ച്ച ട്രേഡ് യൂണിയന്‍ സംഘാടനത്തില്‍ വി.എസ് എന്ന കൗമാരക്കാരനെ കരുത്തനാക്കി. പതിനെട്ടു തികയും മുന്‍പേ കൃഷ്ണപിള്ള വി.എസിന് പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കി.

സഖാവ് പി. കൃഷ്ണപിള്ളയുടെ ചിത്രത്തിനു മുന്നിൽ അഭിവാദ്യമർപ്പിക്കുന്ന വി.എസ്

കയര്‍ തൊഴിലാളികളുടെ ജീവിതത്തില്‍ പുതിയ വെളിച്ചം പകര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവായി വളര്‍ന്ന വിഎസിനെ, കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് കൃഷ്ണപിള്ള പിന്നീട് ഏല്‍പ്പിച്ചത്.

സന്തോഷപൂര്‍വ്വം കുട്ടനാടിന്റെ മണ്ണിലേക്ക് യാത്രതിരിച്ച ഇരുപതുകാരന്‍ അടിമസമാനമായ ജീവിതം നയിച്ചിരുന്ന മനുഷ്യരെ അഭിമാന ബോധമുള്ളവരാക്കി മാറ്റുന്നതിന് ആ കുഴഞ്ഞ മണ്ണില്‍ ഐതിഹാസികമായ ഇടപെടലുകളാണ് നടത്തിയത്.

സമരപോരാട്ടങ്ങളില്‍ എന്നും മുന്‍നിരയില്‍

അടിമകളെപ്പോലെ പണിയെടുക്കാനും പട്ടിണി കിടക്കാനും വിധിക്കപ്പെട്ടവരല്ല തൊഴിലാളികള്‍ എന്നുള്ള ചിന്തയും മനുഷ്യരെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തൊഴിലിനെ കുറിച്ചുമൊക്കെ പുതിയ ബോധ്യവുമുണ്ടാക്കുകയായിരുന്നു വി.എസ് അവര്‍ക്കിടയില്‍ ചെയ്തത്.

തൊഴിലാളികളുടെ അധ്വാനഭാരം ലഘൂകരിക്കാനുള്ള വായ്ത്താരികളിലെ താളബോധം മനസ്സിലാക്കിയിട്ടാണോ അച്യുതാനന്ദന്‍ അവരോട് സവിശേഷമായ ഭാഷയുടെ കയറ്റിറക്കങ്ങളിലൂടെ സംവദിച്ചത് എന്നറിയില്ല.

തൊഴിലാളികളെ ചില കാര്യങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞ് മനസ്സിലാക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായി രൂപപ്പെടുത്തിയ താളനിബദ്ധമായ ഈ സംസാരമാണ് കാലാന്തരത്തില്‍ വിഎസിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായി മാറിയ പ്രസംഗ ശൈലിയായി മാറുന്നത്.

ജനങ്ങളെ അഭിസംബോധന ചെയ്യുന്ന വി.എസ്

ഈ സംസാരങ്ങളിലൂടെ കര്‍ഷക തൊഴിലാളികള്‍ പതുക്കെ പതുക്കെ തങ്ങള്‍ നേരിടുന്ന ചൂഷണത്തെ പറ്റി മനസ്സിലാക്കാന്‍ തുടങ്ങുകയും, പൊരുതുകയല്ലാതെ മറ്റൊരു വഴിയില്ലെന്ന് തിരിച്ചറിയുകയും ചെയ്തു. പുതിയ ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍ സമരങ്ങളിലൂടെ കഴിയുമെന്ന് തിരിച്ചറിഞ്ഞു.

കുട്ടനാട്ടിലെ മറ്റു പ്രദേശങ്ങളിലും കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചു അച്യുതാനന്ദന്‍ കര്‍ഷകത്തൊഴിലാളികളുടെ ആദ്യ സംഘടിത പ്രസ്ഥാനം എന്ന നിലയില്‍ തിരുവിതാംകൂര്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ രൂപീകരിച്ചു. കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകളില്‍ യൂണിറ്റുകള്‍ ഉണ്ടായി. ഓരോ പ്രദേശത്തും സമര മുന്നേറ്റങ്ങളുമുണ്ടായി.

കൊടിയ പോലീസ് മര്‍ദനങ്ങളും, അക്രമങ്ങളും നേരിടേണ്ടി വന്നെങ്കിലും പതുക്കെ പതുക്കെ തൊഴിലാളികളുടെ സംഘടന മറ്റു ജില്ലകളിലേക്കും വ്യാപിച്ചു. അതോടെയാണ് കര്‍ഷക തൊഴിലാളികളുടെ കൂട്ടായ്മ കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ (കെ.എസ്.കെ.ടി.യു) എന്ന സംസ്ഥാന അടിസ്ഥാനത്തിലുള്ള സംഘടനയായി മാറുന്നത്. അവകാശങ്ങള്‍ ജന്മിമാരോട് കണക്കു പറഞ്ഞു ചോദിച്ചു വാങ്ങാനുള്ള ശേഷിയാണ് കര്‍ഷകത്തൊഴിലാളികള്‍ക്ക് ഇതിലൂടെ കൈവന്നത്.

കെ.എസ്.കെ.ടി.യു

യുക്തിയുടെ ഭാരങ്ങള്‍ അഴിച്ചുവച്ച് വാരിക്കുന്തങ്ങളുമായി യന്ത്രത്തോപ്പുകള്‍ക്കെതിരെ കുതിച്ച പുന്നപ്ര വയലാര്‍ സമരത്തിന് നേതൃത്വം നല്‍കുകയും, പിന്നീട് ഒളിവില്‍ പോവുകയും, പിടിക്കപ്പെട്ട് ജയിലില്‍ അതിക്രൂരമായ പോലീസ് മര്‍ദനമുറകള്‍ക്കുള്ള പരീക്ഷണ വസ്തുവായി ശരീരത്തെ മാറ്റുമ്പോഴുമെല്ലാം ധീരതയോടെ, കരളുറപ്പോടെ പൊരുതിനിന്ന വി.എസിന്റെ അവിശ്വസനീയമായ യൗവ്വനകാലം തന്നെയാണ് ‘തലനരക്കുവതല്ല എന്റെ വൃദ്ധത്വം’ എന്നു തൊണ്ണൂറുകളിലെത്തിയ കാലത്തും അദ്ദേഹത്തെ കൊണ്ട് പറയിപ്പിച്ചത്.

‘ബൂര്‍ഷ്വ ഭരണകൂടം അടിച്ചേല്‍പ്പിക്കുന്ന അച്ചടക്കം പൗരന്‍മാരെ പ്രജകളാക്കുകയാണ് ചെയ്യുന്നത്’ എന്ന ഗ്രാംഷിയുടെ വാക്കുകള്‍ വി.എസ് യൗവ്വനകാലത്ത് വായിച്ചിട്ടുണ്ടാവാന്‍ ഇടയില്ലെങ്കിലും ജീവിതം കൊണ്ട് പ്രജകളെ പൗരന്‍മാരാക്കാനുള്ള പോരാട്ടമായി യൗവ്വനത്തെ മാറ്റിയ ചരിത്രം പുതിയ തലമുറക്ക് ഈ വായിച്ചെടുക്കാനാവുന്ന ഒരു പാഠപുസ്തകമായി മഹാനായ വി.എസിനെ മാറ്റുന്നു.

കേരളത്തിന്റെ രൂപീകരണവും കേരളത്തിന്റെ കുതിപ്പിന് തുടക്കമിട്ട ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയവും സ്വതന്ത്ര ഇന്ത്യയില്‍ തന്നെ സവിശേഷ ചരിത്ര സന്ദര്‍ഭങ്ങളാണ്.

ഇ.എം.എസിനൊപ്പം

ആ വിജയത്തിന് നിര്‍ണായക മുതല്‍ കൂട്ടാകാന്‍ ആലപ്പുഴയില്‍ ഉണ്ടായ അഭിമാനകരമായി വിജയത്തിന്റെ അമരക്കാരനാവാന്‍ വി.എസിന് കഴിഞ്ഞു. 57ലെ ദേവികുളം ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് നേതൃത്വം നല്‍കിയ വി.എസ് പാര്‍ട്ടിയുടെ സമുന്നത നേതാവായി വളരുകയും ഉയരുകയും ചെയ്തു.

പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ വി.എസിന് 1967 ആദ്യമായി കൈവന്ന എം.എല്‍.എ സ്ഥാനം അതിനുമുമ്പ് കാല്‍ നൂറ്റാണ്ടിലേറെ കാലം നടത്തിയ രാഷ്ട്രീയ സംഘടന പ്രവര്‍ത്തനങ്ങളുടെ വിപുലീകരണമായിരുന്നു.

കടുത്ത ചൂഷണങ്ങള്‍ക്ക് വിധേയകരാവുന്ന, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന തൊഴിലാളികളെ അഭിമാനബോധമുള്ള മനുഷ്യരാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനത്തിലൂടെ വളര്‍ന്നുവന്ന വി.എസ്, നിയമസഭാ സാമാജികത്വം അത്തരം പ്രവര്‍ത്തനങ്ങളെ നിയമപരമായ സാധുതക്കുള്ള അവസരമാക്കി മാറ്റുന്നതിനുള്ള സന്ദര്‍ഭമായി ഉപയോഗപ്പെടുത്തി.

താന്‍ നേരിട്ടറിഞ്ഞ തൊഴിലാളി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അവരുടെ ക്ഷേമത്തിനായി നടത്തിയ നിയമസഭാ പ്രസംഗങ്ങള്‍ ആധുനിക കേരളത്തിന്റെ നിര്‍മാണത്തെ തന്നെ സ്വാധീനിച്ചു.

കര്‍ഷക തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ നിജപ്പെടുത്തുക, കര്‍ഷകത്തൊഴിലാളികള്‍ക്ക് ആവശ്യമായ ക്ഷേമാനുകൂല്യങ്ങള്‍ ലഭ്യമാക്കുക എന്ന സുപ്രധാന ലക്ഷ്യങ്ങളോടെ 1974ല്‍ നിലവില്‍ വന്ന കര്‍ഷക തൊഴിലാളി നിയമത്തിന്റെ നിര്‍മാണ ചര്‍ച്ചയില്‍ കര്‍ഷക തൊഴിലാളികള്‍ക്ക് ഏറെ വിശാലമായ കാഴ്ചപ്പാടോടെ ക്ഷേമനിധി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടത് വി.എസ് ആണ്.

ലക്ഷക്കണക്കിന് കര്‍ഷക തൊഴിലാളികളുടെ തൊഴിലിനും, ജീവിതത്തിലും പുതിയ പ്രകാശവും പ്രതീക്ഷയും നല്‍കുന്ന ക്ഷേമനിധി 1980 നായനാര്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ അതിന്റെ തുടക്കക്കാരനായി ചരിത്രത്തില്‍ സ്ഥാനം പിടിക്കാന്‍ വി.എസിന് കഴിഞ്ഞു. കര്‍ഷകരുടേയും, തൊഴിലാളികളുടേയും അവകാശങ്ങള്‍ക്കായി നിരന്തരം നടത്തിയ പോരാട്ടങ്ങളിലൂടെയാണ് വിഎസ് വിശ്രമരഹിതമായ ജീവിതം നയിച്ചത്.

ഇ.കെ. നായനാർക്കൊരപ്പം

നെല്‍വയല്‍ സംരക്ഷണത്തിനായുള്ള സമരത്തെ വലതുവശ മാധ്യമങ്ങള്‍ ‘വെട്ടിനിരത്തല്‍’ സമരമെന്ന് അധിക്ഷേപിച്ചപ്പോഴും പിന്നോട്ട് പോകാതെ കേരളത്തിനു വേണ്ടിയുള്ള പോരാട്ടമായി തുടരുകയും, അധികാരത്തിലെത്തിയപ്പോള്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം സാധ്യമാക്കുകയും ചെയ്തു.

കാടും മലയും കയറി കഠിനമായതെല്ലാം യൗവന കാലത്തേതു പോലെ തന്നെ വാര്‍ധക്യത്തിലും താണ്ടി പ്രതിപക്ഷ നേതാവിന്റെ ചുമതലയില്‍ നിഷ്പ്രയാസം സാധ്യമാക്കി. മതികെട്ടാന്‍ചോല വനം സന്ദര്‍ശിച്ചു കൊണ്ട് കൊള്ളക്കാര്‍ക്കെതിരെ വിരല്‍ ചൂണ്ടുന്ന വി.എസിന്റെ സംഭവബഹുലമായ ഇടപെടലിനെ ആവേശപൂര്‍വം പൊഫഷണല്‍ രാഷ്ട്രീയ കാലത്ത് നമുക്ക് വായിച്ചെടുക്കാനാവും.

അഴിമതിക്കെതിരായ പോരാട്ടങ്ങളും, വിട്ടുവീഴ്ചയില്ലാത്ത ജീവിതശൈലിയും നിറഞ്ഞ സമരഭരിതമായ ഒരു നൂറ്റാണ്ടുകാലത്തെ കമ്യൂണിസ്റ്റ് ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ചരിത്ര പുസ്തകമാണ്.

മുഖ്യമന്ത്രിയായും, ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിക്കുമ്പോള്‍ രാഷ്ട്രീയ സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നടത്തിയ പതിറ്റാണ്ടുകളോളം നിറഞ്ഞ നീണ്ട സജീവ ഇടപെടലുകളില്‍ നിന്ന് സ്വരൂപിച്ച മനുഷ്യപക്ഷ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ച ധിഷ്ണശാലിയായ ഇങ്ങനെയൊരു ജനനേതാവിനെ നമുക്കിനി ലഭിക്കാന്‍ ഇടയുണ്ടാവില്ല.

ആധുനിക കേരളം പരിവര്‍ത്തനങ്ങളിലൂടെ മുന്നേറിയ സുദീര്‍ഘവും വൈവിധ്യപൂര്‍ണവുമായ ചരിത്ര സംഭവങ്ങളെ നേരിട്ടു കണ്ടും, അനുഭവിച്ചും, അവയില്‍ ഇടപെട്ടും മുന്നേറിയ മറ്റേറെ രാഷ്ട്രീയ നേതാക്കള്‍ ഉണ്ടെന്നു തോന്നുന്നില്ല. 96ാം വയസ്സ് വരെ അങ്ങേയറ്റം ഊര്‍ജ്ജസ്വലതയോടെ പൊതുയിടങ്ങളില്‍ നിറഞ്ഞു നിന്ന നേതാവും അപൂര്‍വമാണ്.

നൂറ് വര്‍ഷത്തെ സുദീര്‍ഘമായ ജീവിതത്തിലൂടെ വൈവിധ്യമാര്‍ന്ന ചരിത്രാനുഭവങ്ങളുടെ വെറുമൊരു സാക്ഷി മാത്രമാവാതെ വിശ്രമരവിഹിതമായ സമരത്തിലൂടെ ഒരു ചരിത്ര പുരുഷനായി വളരുകയാണ് വി.എസ് ചെയ്തത്.

രാജവാഴ്ചയുടെയും ദിവാന്‍ ഭരണത്തിന്റെയും ക്രൂരതകള്‍ ആടി തിമിര്‍ത്തകാലം, ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ അലകള്‍ തിളച്ചു മറിഞ്ഞ കാലം, സാമൂഹ്യ പരിവര്‍ത്തനത്തിന്റെയും രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും വെളിച്ചം ഒഴുകി പരന്ന കാലം, ആഗോളവത്കരണത്തിന്റെ അഭിരുചികള്‍ നിറഞ്ഞടിയ കാലം, ഐ.ടി കുതിപ്പിന്റെ അത്ഭുതങ്ങള്‍ മിഴി തുറന്നുകാലം – എല്ലാ ഘട്ടത്തിലും മനുഷ്യ പുരോഗതിക്കായി നിലയുറപ്പിച്ച വി.എസ് എന്ന മനുഷ്യന്റെ സമരതീഷ്ണമായ സഞ്ചാരം കേരളത്തിന്റെ സാമൂഹ്യ വികാസ ചരിത്രം മനസ്സിലാക്കുന്നതിനുള്ള വഴികാട്ടിയായി പുതിയ കാലത്തിനു മുന്നിലുണ്ടാവും.

വി.എസിന്‍റെ അന്ത്യയാത്ര

ജാതി ജന്മി നാടുവാഴിത്തത്തിന്റെ പുതിയ രൂപം ഇന്ത്യയില്‍ ആടിത്തിമിര്‍ക്കുന്ന കാലത്ത് വഴിവിളക്കായി നമുക്ക് മുന്നോട്ടുപോകാനുള്ള കരുത്തും കരളുറപ്പും നല്‍കും. വയലേലകളിലെ ചൂഷണം ശീതീകരിച്ച മുറികളിലും തുടരുന്ന കാലത്തെ പോരാട്ടങ്ങള്‍ക്ക് ദിശാബോധം നല്‍കാനും, മാര്‍ക്‌സിസമാണ് ശരിയെന്ന് വിളിച്ചു പറയാനും ഏറ്റവും പുതിയ തലമുറക്കാരെയും പഠിപ്പിക്കുന്ന ഒരു മഹാ ദൗത്യം കൂടി തന്റെ വിലാപയാത്രയിലൂടെ യാഥാര്‍ത്ഥ്യമാക്കിയാണ് വി.എസ് കടന്നു പോയത്.

ഈ നൂറ്റാണ്ടിന്റെ നേതാവ് അങ്ങനെ മനുഷ്യനുള്ളിടത്തോളം ഞാന്‍ ജീവിക്കുമെന്നും, മനുഷ്യഷ്യനുള്ളിടത്തോളം കമ്മ്യൂണിസ്റ്റുകള്‍ ഉണ്ടാകുമെന്നും ഓര്‍മപ്പെടുത്തി കടന്നു പോയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു.

Content Highlight: P.T. Raheesh writes about V.S. Achuthanandan.

പി.ടി. രാഹേഷ്

പി.ടി.രാഹേഷ്. പാലക്കാട് ജില്ലയിലെ മുതുതല സ്വദേശി. കോവിഡ് കാല അനുഭവങ്ങളുടെ സമാഹാരമായ 'ബൂസ്റ്റര്‍ഡോസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും എഴുതാറുണ്ട്. കുട്ടികള്‍ക്കിടയില്‍ ബദല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.

We use cookies to give you the best possible experience. Learn more