താങ്കളെപ്പോലുള്ള ഉത്തരവാദപ്പെട്ട പാര്‍ട്ടി നേതാക്കള്‍ നിലപാടെടുത്ത് കഴിഞ്ഞിട്ടും സാംസ്‌കാരിക രംഗത്ത് സ്വത്വവാദത്തിന്റെയും വംശീയവാദത്തിന്റെയും നിഴലുകള്‍ വീണു കിടക്കുന്ന മുസ്‌ലിം മതമൗലികവാദികളുമായുള്ള തന്റെ ബാന്ധവം കെ ഇ എന്‍ കുഞ്ഞഹമ്മദ് തുടരുകയും ചെയ്യുന്നു. സ്വത്വവാദത്തിന്റെ മറപിടിച്ച് കടുത്ത വംശീയവാദമാണ് കുഞ്ഞഹമ്മദും പോക്കറും ഉയര്‍ത്തിയതെന്ന് താങ്കളുടെ ശ്രദ്ധയിപ്പെട്ടിട്ടുണ്ടോയെന്ന് അറിയില്ല. വംശീയ വാദം എന്നത് അപരനോടുള്ള ഒടുങ്ങാത്ത പകയും വിദ്വേഷവും പടര്‍ത്തുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ്. ആര്‍ എസ് എസ് പോലുള്ള ഹിന്ദു രാഷ്ട്ര വാദത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന സംഘടനകളും മുസ്‌ലിം മതമൗലികവാദ സംഘടനകളും വംശീയവാദത്തിന്റെ വക്താക്കളാണ്.
അതേസമയം മുസ്‌ലിം സമൂഹത്തിന് മേല്‍ക്കൈയുള്ള കേരളത്തില്‍ ആ മതത്തിന്റെ പേരില്‍ സ്വത്വവാദവും വംശീയ വാദവും ഉയര്‍ത്തപ്പെടുന്നുണ്ട്. ഇത് അങ്ങയെപ്പോലുള്ളവര്‍ കണ്ടില്ലെന്ന് നടിച്ചാല്‍ ഭാവിയില്‍ അത് വംശീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. കേരളത്തില്‍ സി പി ഐ എം പോലുള്ള രാഷ്ട്രീയ സംഘടനകളുടെ ഉജ്വലമായ സെക്യുലര്‍ ബോധമാണ് കേരളത്തിന്റെ സാമൂഹിക ഐക്യത്തിന്റെ അടിത്തറ.
തീവ്രവാദത്തെയും ഭീകരവാദത്തെയും ഹിന്ദു മുസ്‌ലിം വ്യത്യാസമില്ലാതെ ഒരേ നാണയത്തില്‍ കാണാനാണ് സി പി ഐ എം പഠിപ്പിച്ചത്. ഈ നിലപാടില്‍ നിന്ന് ഒരിക്കലും സി പി ഐ എം പിന്നോട്ടു പോവരുത്. കെ ഇ എന്‍ കുഞ്ഞഹമ്മദും പോക്കറും പുരേഗമന കലാസാഹിത്യ സംഘത്തിലൂടെ ഒളിച്ചു കടത്തികൊണ്ടുവന്ന വംശീയ വാദം ഇടതുപക്ഷ വീക്ഷണമായി പാര്‍ട്ടിയില്‍ അവതരിപ്പിക്കുന്നതില്‍ ഒരു ഘട്ടത്തില്‍ ഇവര്‍ വിജയം നേടി.
ഇതിന്റെ ആപത്ത് തിരിച്ചറിഞ്ഞുകൊണ്ടാണ് ആറു വര്‍ഷം മുമ്പ് സാംസ്‌കരിക രംഗത്തെ ബിന്‍ലാദന്‍മാര്‍ എന്ന ലേഖനം ഞാന്‍ എഴുതിയത്. പക്ഷെ പാര്‍ട്ടി അത് കാര്യമായെടുത്തില്ല. എന്നാല്‍ കുഞ്ഞഹമദിനെ പോലുള്ളവരുടെ വികലവും അശ്ലീലം നിറഞ്ഞതുമായ വംശീയ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം സാംസ്‌കാരികരംഗത്ത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കി. എം എന്‍ വിജയന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകേണ്ടിവന്നത് കെ ഇ എന്‍ കുഞ്ഞഹമ്മദിന്റെ ഗൂഢ പദ്ധതികളുടെ ഭാഗമായിരുന്നു.
കേരളത്തിലെ മുസ്‌ലിം തീവ്രവാദ സംഘടനയുടെ കനത്ത പിന്തുണ ഇര വാദികള്‍ക്ക് ലഭിച്ചിരുന്നു. വിജയന്‍ മാഷ്‌ക്ക് നേരെ വേട്ടയാടി ഇരവാദികള്‍ വിജയിച്ചു. പിന്നീട് ഇവരുടെ അഴിഞ്ഞാട്ടമാണ് സി പി ഐ എമ്മിന്റെ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നടന്നത്. അതോടെ സാമുദായികവും വംശീയവുമായ അസ്വസ്തകള്‍ പെരുകി.
മലയാളിയുടെ ഓണത്തെ പോലും ഇരവാദികള്‍ ഫാഷിസ്റ്റ് വല്‍ക്കരിച്ചു. പി കുഞ്ഞിരാമന്‍ നായരെയും പൂന്താനത്തെയും ഒക്കെ കേവലമെരു സവര്‍ണ്ണ കാവ്യബോധത്തിന്റെ വക്താക്കള്‍ മാത്രമായി പു ക സയ്ക്കകത്തുനിന്നുകൊണ്ട് കെ ഇ എന്‍ ചിത്രീകരിച്ചു കഴിഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ അനുവദിക്കപ്പെടരുതായിരുന്നു. ഇത് ഫാഷിസ്റ്റുകളെയാണ് സഹായിക്കുക. സി പി എമ്മിന്റെ ചെലവില്‍ വംശീയത പ്രചരിപ്പിക്കപ്പെട്ടത് ആ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരില്‍ കടുത്ത വേദനയും അമര്‍ഷവുമുണ്ടാക്കി.
വന്‍തോതില്‍ എഴുത്തുകാരും ബുദ്ധിജീവികളുമൊക്കെ ഈ പ്രസ്ഥാനത്തെ ഉപേക്ഷിക്കാന്‍ കാരണമായത് ഇരവാദികളുടെ അസഹിഷ്ണുതയും വെറുപ്പും സഹനീയമല്ലാത്തതുകൊണ്ടുമായിരുന്നു. എം എന്‍ വിജന്‍ പ്രസ്ഥാനത്തെ ഉപേക്ഷിച്ചു പോയതോടെ സി പി ഐ എമ്മിനുണ്ടായ നഷ്ടത്തിന്റെ ആഴത്തെക്കുറിച്ച് അങ്ങ് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? സാംസ്‌ക്കാരിക രംഗത്ത് സി പി ഐ എം നേരിട്ട അപചയങ്ങളുടെ തുടക്കം അവിടെ നിന്നാണ്.
വിജയന്‍മാഷിന്റെ ചിന്താ സ്വാതന്ത്ര്യത്തേയും വിമര്‍ശനാത്മക സ്‌നേഹാര്‍ദതയേയും അംഗീകരിച്ചുകൊണ്ടു അദ്ദേഹത്തെ പ്രസ്ഥാനത്തില്‍ നിലനിര്‍ത്താന്‍ അങ്ങേക്ക് സാധിക്കേണ്ടതായിരുന്നു. എങ്കില്‍ പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റുകാരനെ സാംസ്‌കാരിക കേരളം ആദരിച്ചേനെ. സാംസ്‌ക്കാരിക രംഗത്തു നിന്ന് ഇത്രയേറ എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും കൊഴിഞ്ഞു പോക്ക് പാര്‍ട്ടിക്ക് നേരിടേണ്ടി വരികയുമില്ലായിരുന്നു.
ഇടതുപക്ഷ വേഷമണിഞ്ഞ വംശീയവാദികള്‍ അങ്ങയേയും സി പി ഐ എമ്മിനെയും ചതിക്കുകയായിരുന്നു. അങ്ങയെ മുഖസ്തുതികൊണ്ട് പ്രീണിപ്പിക്കുകയും അങ്ങയുടെ മറപറ്റി ഈ കാലഘട്ടത്തിന്റെ ഏറ്റവും മനുഷ്യത്വവിരുദ്ധമായ പ്രത്യയശാസ്ത്രം പാര്‍ട്ടിയില്‍ വേരുപിടിപ്പിക്കുകയാണ് ഇരവാദികള്‍ ചെയ്തത്. മുഖസ്തുതിയില്‍ വീഴുന്നത് കമ്മ്യൂണിസ്റ്റുകളുടെ ദുര്‍ഗതിയാണ്. അതിനാല്‍ കുറേകൂടി ആഴത്തില്‍ ഈ വിഷയം പഠിക്കണം.
ഇരവാദികളെ പാര്‍ട്ടിയില്‍ കയരൂരി വിടരുത്. ഒന്നുകില്‍ അവരെ യഥാര്‍ത്ഥ ഇടതുപക്ഷക്കരായി പരിവര്‍ത്തിപ്പിക്കുക. അല്ലെങ്കില്‍ അവര്‍ക്ക് പുറത്തേക്ക് വഴികാണിക്കുക. ഇപ്പോള്‍ ബാധിച്ച ഇരുട്ടിനെ തോല്‍പ്പിക്കാന്‍ വിജന്‍മാഷിന്റെ വെളിച്ചം സ്വീകരിക്കുക. അങ്ങയ്ക്ക് എന്റെ അഭിവാദ്യങ്ങള്‍.