മലയാളസിനിമയില്‍ തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ച നടനാണ് പി. ശ്രീകുമാര്‍. ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്ന അദ്ദേഹം 150-ഓളം ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു. 2005ല്‍ പുറത്തിറങ്ങിയ ‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രമാണ് ശ്രീകുമാറിന്റെ ജീവിതത്തില്‍ വഴിത്തിരിവായി മാറിയ ചിത്രം. അതിന് ശേഷം നിരവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. മലയാളത്തില്‍ വലിയ വിജയമായ മോഹന്‍ലാല്‍ ചിത്രം ദൃശ്യം, മമ്മൂട്ടി നായകനായ ഫയര്‍മാന്‍ തുടങ്ങിയ സിനിമകളിലെല്ലാം തന്നെ ശ്രീകുമാര്‍ വേഷമട്ടിരുന്നു.
പി. ശ്രീകുമാര്‍. Photo: One India Malayalam
1969ല്‍ പുറത്തിറങ്ങിയ കണ്ണൂര്‍ ഡീലക്‌സ് എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച ശ്രീകുമാര്‍ 1985ല്‍ പുറത്തിറങ്ങിയ കൈയ്യും തലയും പുറത്തിടരുത് എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശ്രീകുമാര്‍ അസ്ഥികള്‍ പൊക്കുന്നു എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ ക്യാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് സംസാരിക്കുകയാണ് ശ്രീകുമാര്‍.
മമ്മൂട്ടിയെ ആണോ മോഹന്‍ലാലിനെ ആണോ കൂടുതല്‍ ഇഷ്ടമെന്ന അവതാരകന്റെ ചോദ്യത്തിന് രണ്ട് പേരെയും ഇഷ്ടമാണെന്നും മമ്മൂട്ടിയോട് ഒരു ഇഷ്ടക്കൂടുതലുണ്ടെന്നും പറയുകയാണ് താരം. എന്നാല്‍ മോഹന്‍ലാല്‍ തനിക്ക് സഹോദരനെ പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മമ്മൂട്ടിയുടെ അടുത്താണോ മോഹന്‍ലാലിന്റെ അടുത്താണോ കൂടുതല്‍ ഇഷ്ടം എന്ന് എന്നോട് ചോദിച്ചാല്‍ അതെനിക്ക് മമ്മൂട്ടിയുടെ അടുത്തല്ലേ വരാന്‍ പാടുള്ളൂ. ആ ചോദ്യം എന്നോട് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. എന്റെ ജീവിതം വഴിതിരിച്ചുവിട്ട ആളാണ് മമ്മൂട്ടി. എങ്കിലും മോഹന്‍ലാല്‍ എന്റെ സ്വന്തം അനിയനെ പോലെയാണ്. അയാള്‍ എന്റെ ഒപ്പം നല്ല രീതിയില്‍ സഹകരിക്കുകയും എന്നെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന ആളാണ്.
Photo: Reddit
ഞാനും മോഹന്‍ലാലും തമ്മില്‍ എല്ലാ കാര്യങ്ങളും ഡിസ്‌കസ് ചെയ്യും. അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കാന്‍ പോയാല്‍ എനിക്ക് ഇത് വരെയോ പോകാവൂ എന്നൊരു അതിര്‍ത്തിയില്ല. എവിടെ ഇരിക്കുമ്പോഴും എങ്ങനെ ഇരിക്കുമ്പോഴും എന്നെ വിളിച്ച് ലാലിന്റെ അടുത്ത് ഇരുത്തും. പൂര്‍ണമായും സ്‌നേഹവും സ്വാതന്ത്ര്യവും അദ്ദേഹം തരാറുണ്ട്,’ ശ്രീകുമാര്‍ പറഞ്ഞു.
Content Highlight: P sreekumar talks about his connection with Mohanlal and Mammootty