| Sunday, 9th August 2026, 10:35 am

ആ സിനിമക്ക് ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നില്ല, നൂറു പടമൊക്കെ പിറകെ ചെയ്തു: പി.ശ്രീകുമാർ

കെ.എസ് ഷാബിന

മലയാളസിനിമയിൽ തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച നടനാണ് പി. ശ്രീകുമാർ. ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്ന അദ്ദേഹം 150-ഓളം ചിത്രങ്ങളിൽ അഭിനയിച്ചുകഴിഞ്ഞു.

2005-ൽ പുറത്തിറങ്ങിയ ‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രമാണ് ശ്രീകുമാറിന്റെ ജീവിതത്തിൽ വഴിത്തിരിവായി മാറിയ ചിത്രം. അതിനു ശേഷം നിരവധി കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു. ഇപ്പോൾ ‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിൽ അഭിനയിച്ച ഓർമകൾ പങ്കുവെക്കുകയാണ് ശ്രീകുമാർ. ക്യാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

പി. ശ്രീകുമാർ. Photo: Wikepedia

അച്ചുവിന്റെ അമ്മ സിനിമയിലെ പൊലീസ് വേഷം തന്നിലേക്ക് എത്തിയത് എങ്ങനെയെന്ന് ശ്രീകുമാർ ഓർത്തെടുക്കുന്നു.

‘ഒരു ദിവസം സത്യൻ അന്തിക്കാട് എന്നോട് പറഞ്ഞു, ‘ഞാൻ ഒരു നാല് ദിവസത്തിനുള്ളിൽ അച്ചുവിന്റെ അമ്മ എന്നൊരു പടം ചെയ്യുന്നുണ്ട്. ആ പടത്തിൽ ഒരു വേഷമുണ്ട്, ഒരു എ.എസ്.ഐയുടെ വേഷമാണ്. അത് കുറച്ച് ഹ്യൂമർ ഉള്ളതാണ്. എനിക്ക് തോന്നുന്നത് നിങ്ങൾ സീരിയസ് ആയിട്ട് അഭിനയിക്കുമ്പോൾ പോലും ഒരു ഹ്യൂമർ ഉള്ള ആളാണെന്നാണ്.

നിങ്ങളെ ഒന്ന് ഹ്യൂമറിൽ പ്രസന്റ് ചെയ്താൽ കൊള്ളാമെന്നുണ്ട്’ എന്ന് സത്യൻ പറഞ്ഞു. പെട്ടെന്ന് പറഞ്ഞാൽ എങ്ങനെയാണ് ചെയ്യുക എന്ന് ഞാൻ ചോദിച്ചപ്പോൾ എന്നോട് പറഞ്ഞു, ‘ഒന്നുംകൊണ്ടും പേടിക്കണ്ട. രണ്ടു പ്രാവശ്യം തിരുവനന്തപുരത്ത് പോയി വന്നാൽ അങ്ങനെ ഒരു ഗ്യാപ്പിൽ ചെയ്യാം’ എന്ന്,” ശ്രീകുമാർ ഓർത്തെടുത്തു.

അച്ചുവിന്റെ അമ്മ. Photo: IMDb

അച്ചുവിന്റെ അമ്മ സിനിമക്ക് ശേഷം തന്റെ സിനിമ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചും ശ്രീകുമാർ സംസാരിക്കുന്നു.

‘ആ സിനിമയിൽ ഞാൻ അഭിനയിച്ചു, കുറച്ച് കാശ് കിട്ടി, അത് അത്രയും ഉള്ളൂ എന്ന് കരുതി ഞാൻ പോയി. കുറച്ചു നാൾ കഴിഞ്ഞപ്പോൾ സോനാ നായർ എന്ന നടി എന്നെ വിളിച്ചിട്ട് പറഞ്ഞു, ‘ചേട്ടാ എന്തോന്ന് ചേട്ടാ, ചേട്ടന്റെ പടം റിലീസ് ചെയ്തത് അറിഞ്ഞില്ലേ? അച്ചുവിന്റെ അമ്മ ഞങ്ങൾ കണ്ടു, കയ്യടിയും ബഹളവും ചിരിയുമൊക്കെയായിരുന്നു’ എന്ന്.

അന്ന് അത് സത്യമാണോ എന്നറിയാൻ ഞാൻ സെക്കന്റ് ഷോയ്ക്ക് ഒറ്റയ്ക്ക് പോയി നോക്കി. അത് സത്യമായിരുന്നു. അതിനു ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഒരു പത്തു നൂറു പടം പിറകെ വന്നു, എല്ലാം ചെയ്തു, പിന്നെ നിൽക്കാൻ സമയം കിട്ടിയിട്ടില്ല,’ശ്രീകുമാർ പറയുന്നു.

Content Highlight: P.Sreekumar talks about Achuvinte Amma movie

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more