| Wednesday, 7th January 2026, 9:21 pm

'വലതുപക്ഷത്തെ കള്ളന്‍' വി.ഡി. സതീശനെയും കോണ്‍ഗ്രസിനെയും ലക്ഷ്യമിട്ട് പി. സരിന്‍

രാഗേന്ദു. പി.ആര്‍

പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കോണ്‍ഗ്രസിനെയും ലക്ഷ്യമിട്ട് സി.പി.ഐ.എം നേതാവ് ഡോ. പി. സരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിൽ ‘വലതുവശത്തെ കള്ളന്‍’ എന്നാണ് വി.ഡി. സതീശനെ സരിന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കള്ളി വെളിച്ചത്തായി തുടങ്ങിയിട്ടുണ്ടെന്നും വിമര്‍ശനമുണ്ട്.

‘വലതുവശത്തെ കള്ളന്‍…
ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്.
കള്ളി വെളിച്ചത്തായിത്തുടങ്ങിയിട്ടുണ്ട്,’ എന്നാണ് സരിന്റെ എഫ്.ബി പോസ്റ്റ്.

കുറിപ്പിനോടൊപ്പം സിനിമാ പോസ്റ്ററിനോട് സമാനമായ ഒരു ചിത്രവും സരിന്‍ പങ്കുവെച്ചിട്ടുണ്ട്. ‘വലതുപക്ഷത്തെ കള്ളന്‍’ എന്നാണ് പോസ്റ്ററിലെ വാചകം.

എ വി.ഡി. സതീശന്‍ ഫിലിം ‘പ്രസന്റഡ് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി’ എന്നും പോസ്റ്ററിലുണ്ട്. പസിലിലേക്കുള്ള ആദ്യ ഭാഗം ഇതായെന്നും പോസ്റ്ററിന്റെ മുകളിലായി നല്‍കിയിട്ടുണ്ട്.

വി.ഡി. സതീശനെതിരായ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ മുന്‍നിര്‍ത്തിയാണ് പി. സരിന്റെ പോസ്റ്റെന്നാണ് സൂചന.

പുനര്‍ജനി പദ്ധതി വിവാദത്തില്‍ വിജിലന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വി.ഡി. സതീശന്‍ നടത്തിയ വിദേശയാത്രയില്‍ ക്രമക്കേടും ഗൂഢാലോചനയും നടന്നതായി പറയുന്നുണ്ട്. വി.ഡി സതീശന്‍ അനുമതി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് യാത്ര നടത്തിയതെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍.

ചരിത്ര പ്രാധാന്യമുള്ള സ്ഥലം സന്ദര്‍ശിക്കാനാണ് കേന്ദ്രം അനുമതി നല്‍കിയതെന്നും എന്നാല്‍ ഈ യാത്ര വിദേശ പണപ്പിരിവിന് വേണ്ടിയുള്ള യാത്രയാക്കി മാറ്റിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വി.ഡി സതീശന്‍ പണം പിരിച്ചതിന്റെ വീഡിയോ തെളിവുകളുണ്ടെന്നും വിജിലന്‍സ് പറയുന്നു. 11 മാസങ്ങള്‍ക്ക് മുമ്പ് സതീശനെതിരെ സി.ബി.ഐ അന്വേഷണം നടത്താമെന്ന് ശുപാര്‍ശ ചെയ്തുകൊണ്ട് വിജിലന്‍സ് കൊടുത്ത റിപ്പോര്‍ട്ടുകളിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

2018ന് ശേഷം വി.ഡി സതീശന്‍ കേന്ദ്രാനുമതിയോടെ യു.കെയിലേക്ക് നടത്തിയ യാത്ര സ്വകാര്യ സന്ദര്‍ശനത്തിനും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുമായിരുന്നുവെന്നും കണ്ടെത്തലുണ്ട്.

Content Highlight: P.Sarin targets V.D.Satheesan and Congress, ‘Right-wing thief’

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more