| Wednesday, 20th August 2025, 10:13 pm

ആ തെമ്മാടി പാര്‍ട്ടിയില്‍ അതിനപ്പുറവും നടക്കും: യുവ നടിയുടെ വെളിപ്പെടുത്തലില്‍ ഡോ. സരിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യുവനേതാവിനെതിരായ മാധ്യമ പ്രവര്‍ത്തകയും യുവനടിയുമായ റിനി ആന്‍ ജോര്‍ജ് നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരിച്ച് സി.പി.ഐ.എം നേതാവ് പി. സരിന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഡോ. സരിന്‍ പ്രതികരിച്ചത്.

ആരാണയാള്‍ എന്നതിനപ്പുറത്തേക്ക് ആ പെണ്‍കുട്ടി നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ഓരോരുത്തരെയും ചൊടിപ്പിക്കേണ്ടത് എന്ന് പറഞ്ഞുകൊണ്ടാണ് സരിന്‍ തന്റെ പോസ്റ്റ് തുടങ്ങുന്നത്.

അയാള്‍ ആരുതന്നെയായാലും അതിനെല്ലാം ഒത്താശ ചെയ്തവരും കൂട്ടുനിന്നവരും മൗനം പാലിച്ചവരും ആരൊക്കെയാണെന്നും എന്തിന് വേണ്ടിയായിരിക്കും എന്നുമൊക്കെ ആലോചിക്കുമ്പോഴാണ് കൂടുതല്‍ ചൊടിപ്പുണ്ടാവുകയെന്നും സരിന്‍ തന്റെ പോസ്റ്റില്‍ കുറിച്ചു.

ആ തെമ്മാടി പാര്‍ട്ടിയില്‍ ഇതിനപ്പുറം നടക്കുമെന്ന് കേരള സമൂഹം വിലയിരുത്തണമെന്നും പറഞ്ഞുകൊണ്ടാണ് സരിന്‍ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.

യുവനേതാവില്‍ നിന്ന് തനിക്ക് മോശം അനുഭവമുണ്ടായെന്നായിരുന്നു റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. യുവനേതാവ് തനിക്ക് മോശം സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നും മോശമായ രീതിയില്‍ സമീപിച്ചെന്നും റിനി വെളിപ്പെടുത്തി. ഈയടുത്ത് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നെന്നും റിനി കൂട്ടിച്ചേര്‍ത്തു.

സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വിഷയമായിരുന്നു ഇതെന്നും എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഒന്നും ഈ വാര്‍ത്തക്ക് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്നും റിനി പറയുന്നു. താന്‍ ഒരു പാര്‍ട്ടിയെയും തേജോവധം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇത്തരം പ്രവണത രാഷ്ട്രീയത്തിലുണ്ടെന്നും അവര്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് റിനി ഇക്കാര്യം പറഞ്ഞത്.

പിന്നീട് താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് റിനി മറ്റ് മാധ്യമങ്ങളോടും സംസാരിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് ഈ യുവനേതാവിനെ താന്‍ പരിചയപ്പെട്ടതെന്നും പരിചയപ്പെട്ട ഉടന്‍ തന്നെ അയാള്‍ മോശം സന്ദേശങ്ങള്‍ അയച്ചെന്നും റിനി പറയുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുക്കാമെന്ന് പറഞ്ഞെന്നും താന്‍ അപ്പോള്‍ തന്നെ അതിനെതിരെ പ്രതികരിച്ചെന്നും റിനി പറഞ്ഞു.

ഇതിന് ശേഷം കുറച്ച് നാളത്തേക്ക് കുഴപ്പമില്ലായിരുന്നെന്നും എന്നാല്‍ പിന്നീട് അശ്ലീല സന്ദേശമയക്കുന്നത് തുടര്‍ന്നെന്നും അവര്‍ വെളിപ്പെടുത്തി. ഈ വ്യക്തിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രശ്‌നങ്ങളുണ്ടെന്നും നേതാക്കന്മാരുടെ പങ്കാളികള്‍ക്കും പെണ്മക്കള്‍ക്കും വരെ ഇയാളില്‍ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: P Sarin reacts to the revelation of young artist

We use cookies to give you the best possible experience. Learn more