തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തിലെ എട്ട് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ രാജിവെച്ച് ബി.ജെ.പിയുമായി മുന്നണിയുണ്ടാക്കി ഭരണം പിടിച്ചതില്‍ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് പി. സരിന്‍. കോണ്‍ഗ്രസില്‍ നിന്നും നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന പല നേതാക്കളും ഇപ്പോള്‍ എം.എല്‍.എയും എം.പിയും കേന്ദ്രമന്ത്രിമാരുമാണെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ സരിന്‍ പറഞ്ഞു.
ഇത്തരത്തിലുള്ള കൂറുമാറ്റത്തെ കുതിരക്കച്ചവടമെന്നാണ് വിളിച്ചിരുന്നതെന്നും എന്നാല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയതിനെ കഴുതക്കച്ചവടമെന്ന് വിളിച്ചാല്‍ മതിയെന്നും സരിന്‍ വിമര്‍ശിച്ചു.
വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളെ കഴുതകളാക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും സരിന്‍ പരിഹസിച്ചു.
വിമതരെ തിരിച്ചെടുത്ത പാര്‍ട്ടി നേതൃത്വം നീതികേട് കാണിച്ചെന്ന് ആരോപിച്ചുകൊണ്ടാണ് എട്ട് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പാര്‍ട്ടി വിട്ടത്.
ബി.ജെ.പിയുമായി മുന്നണിയുണ്ടാക്കി മറ്റത്തൂര്‍ പഞ്ചായത്തില്‍ ഭരണം പിടിക്കാനാണ് രാജിവെച്ചവരുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ ബി.ജെ.പിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു.
എട്ട് സ്ഥാനാര്‍ത്ഥികളാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബാനറില്‍ വിജയിച്ചത്. കോണ്‍ഗ്രസിന്റെ രണ്ട് വിമതരും വിജയിച്ചു. തുടര്‍ന്ന് വിമതരെ കോണ്‍ഗ്രസ് ഒപ്പം കൂട്ടുകയായിരുന്നു. ഇതോടെ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും കക്ഷിനില പത്ത്-പത്ത് എന്ന നിലയിലേക്ക് എത്തുകയായിരുന്നു.
നാല് വാര്‍ഡുകളില്‍ എന്‍.ഡി.എയും വിജയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സ്വതന്ത്രരായി ജയിച്ചവരില്‍ ഒരാള്‍ എല്‍.ഡി.എഫ് പാളയത്തിലേക്കും മറ്റൊരാള്‍ ബി.ജെ.പിയിലേക്കും കളം മാറി. കോണ്‍ഗ്രസ് വിമതയായിരുന്ന ടെസി ഫ്രാന്‍സിസാണ് ബി.ജെ.പിയിലേക്ക് പോയത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് ബി.ജെ.പി ടെസിയെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. ഇതോടെയാണ് എട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രാജിവെച്ചതെന്നാണ് നിഗമനം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ടെസി ഫ്രാന്‍സിസിനെ ഇവര്‍ പിന്തുണച്ചിരുന്നു.
സ്വതന്ത്രന്റെ പിന്തുണ ലഭിച്ചതോടെ മറ്റത്തൂര്‍ പഞ്ചായത്തില്‍ നറുക്കെടുപ്പ് ഇല്ലാതെ തന്നെ എല്‍.ഡി.എഫിന് ഭരണം പിടിക്കാമെന്ന അവസ്ഥയാണ് നിലവിലുള്ളത്.
അതേസമയം കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച മെമ്പര്‍മാര്‍ ബി.ജെ.പിയുമായി മുന്നണിയുണ്ടാക്കുകയോ വിപ്പ് ലംഘിച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയോ ചെയ്താല്‍ അത് സ്ഥാനം നഷ്ടപ്പെടാന്‍ കാരണമാകും.
ഇടത് കോട്ടയായ മറ്റത്തൂരില്‍ ഐതിഹാസിക വിജയമാണ് യു.ഡി.എഫ് നേടിയത്. എന്നാല്‍ മെമ്പര്‍മാരുടെ കൂട്ടരാജി കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്.
Content highlight: P. Sarin criticizes ward members who resigned from Congress