| Wednesday, 4th June 2025, 3:28 pm

മുസ്‌ലിം പെണ്‍കുട്ടികളെ തട്ടമിടീക്കാന്‍ വ്യഗ്രത കാണിക്കുന്ന കെയറിങ് ഇക്കമാര്‍ക്ക് പ്ലാറ്റ്‌ഫോം കൊടുത്തവര്‍; ഇന്‍ഡിപ്പെന്‍ഡന്‍സ്‌ മുന്നണിക്കെതിരെ വിമര്‍ശനവുമായി സരിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് തെരഞ്ഞെടുപ്പില്‍ രണ്ട് ജനറല്‍ പോസ്റ്റുകളില്‍ എസ്.എഫ്.ഐ ജയിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥി സംഘടനയായ  ഇന്‍ഡിപ്പെന്‍ഡന്‍സ്‌ മുന്നണിക്കെതിരെ വിമര്‍ശനവുമായി ഡോ. പി. സരിന്‍.

ബദല്‍ പുരോഗമന ആശയങ്ങളുമായി, വിദ്യാര്‍ത്ഥികളുടെ ചെറുത്തുനില്‍പ്പിന് പുതിയ മാനങ്ങള്‍ നല്‍കിയിരുന്ന ഒരു  ഇന്‍ഡിപ്പെന്‍ഡന്‍സ്‌ മുന്നണി പണ്ട് ക്യാമ്പസില്‍ നിലനിന്നിരുന്നെങ്കിലും ഇപ്പോള്‍ അത് യഥാര്‍ത്ഥ മുന്നണി പ്രശ്‌നങ്ങളില്‍ നിന്ന് വ്യതിചലിച്ചതായി സരിന്‍ പറഞ്ഞു.

ലിംഗന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുകയും മുസ്‌ലിം പെണ്‍കുട്ടികളെ തട്ടമിടീക്കാന്‍ വ്യഗ്രത കാണിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായി മുന്നണി മാറിയെന്നും സരിന്‍ വിമര്‍ശിച്ചു. മുന്നണിയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു സരിന്‍.

യഥാര്‍ത്ഥ വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ നിന്ന് വ്യതിചലിച്ച്, ആരുടെയെങ്കിലും കയ്യിലെ പാവകളായി തുള്ളാനായിട്ട് ഒരു INDI മുന്നണി നിലനില്‍ക്കേണ്ടതില്ല എന്നാണ് അതിന്റെ തുടക്കക്കാരില്‍ ഒരാള്‍ എന്ന നിലയില്‍ തനിക്ക്‌ പറയുവാനുള്ളതെന്നും സരിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

‘ശാസ്ത്രത്തെപ്പോലും വളച്ചൊടിച്ച് ലിംഗന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുന്ന അഭിനവ ധര്‍മ്മ യോദ്ധാക്കള്‍ക്കും, ഫസ്റ്റ് ഇയര്‍ തൊട്ട് മുസ്‌ലിം പെണ്‍കുട്ടികളെ തട്ടമിടീക്കാന്‍ വ്യഗ്രത കാണിക്കുന്ന ‘കെയറിംഗ്’ ഇക്കമാര്‍ക്കും ഒക്കെ പ്ലാറ്റ്‌ഫോം കൊടുത്ത് എന്ത് പുരോഗമന ആശയമാണ് ഇവര്‍ക്കിന്ന് പറയാനുള്ളത്?

യഥാര്‍ത്ഥ വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ നിന്ന് വ്യതിചലിച്ച്, ആരുടെയെങ്കിലും കയ്യിലെ പാവകളായി തുള്ളാനായിട്ട് INDI ആ മുന്നണി നിലനില്‍ക്കേണ്ടതില്ല എന്നാണ് അതിന്റെ തുടക്കക്കാരില്‍ ഒരാള്‍ എന്ന നിലയില്‍ പറയുവാനുള്ളത്. വിദ്യാര്‍ത്ഥികളെ സമൂഹത്തില്‍ നിന്നകറ്റി സ്വന്തം രാഷ്ട്രീയ ലാഭം മാത്രം നോക്കുന്ന ഏതൊരു പ്രസ്ഥാനവും ക്യാമ്പസിലെ തുറന്ന അന്തരീക്ഷം എത്രത്തോളം മലീമസമാക്കും എന്ന് നേരിട്ട് അറിഞ്ഞിട്ടുള്ളതാണ്. അത് എതിര്‍ക്കപ്പെടേണ്ടതുമാണ്,’ സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സമൂഹത്തില്‍ നിലനിന്നിരുന്ന വേലിക്കെട്ടുകള്‍ പൊട്ടിച്ച് സ്ത്രീകള്‍ മുന്നോട്ട് കുതിക്കുന്ന ഈ കാലഘട്ടത്തില്‍, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എണ്ണത്തില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഉള്ള ബാച്ചുകളില്‍ നിന്ന് തന്നെ ആ മാറ്റം തുടങ്ങിവയ്ക്കാന്‍ കഴിഞ്ഞു എന്നതാണ് മുന്നണിയുടെ ഏക രാഷ്ട്രീയ നേട്ടമെന്നും സരിന്‍ തന്റെ പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

അങ്ങനെയുള്ള ഒരു ക്യാമ്പസില്‍ രാഷ്ട്രീയം പറഞ്ഞ് തന്നെ എസ്.എഫ്.ഐ ജയിച്ച് കയറുന്നത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ശുഭപ്രതീക്ഷയാണെന്ന് പറഞ്ഞ സരിന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളെ തന്റെ പോസ്റ്റിലൂടെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: P. Sarin criticize Independents,  students’ organisation in Kozhikode Medical College

We use cookies to give you the best possible experience. Learn more