| Saturday, 18th October 2025, 8:53 am

സ്‌കൂളിന്റെ തിട്ടൂരത്തിന് ഓശാന പാടി തട്ടമഴിപ്പിച്ചത് വിശ്വാസ സംരക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസ്, ലീഗും പിന്തുണച്ചില്ല; തട്ടം വിവാദത്തില്‍ സരിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പള്ളുരുത്തിയിലെ സെന്റ് റീത്താസ് സ്‌കൂളിലെ തട്ടം വിവാദത്തില്‍ മുസ്‌ലിം ലീഗിനെതിരെയും കോണ്‍ഗ്രസിനെതിരെയും വിമര്‍ശനവുമായി പി. സരിന്‍. മുസ്‌ലിം ലീഗില്‍ നിന്നും രാഷ്ട്രീയ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ വിദ്യാര്‍ത്ഥിനിക്ക് സ്‌കൂള്‍ ഉപേക്ഷിക്കേണ്ടി വരില്ലായിരുന്നു എന്ന് സരിന്‍ പറഞ്ഞു.

സ്‌കൂളിന്റെ തിട്ടൂരത്തിന് ഓശാന പാടി പെണ്‍കുട്ടിയെ തട്ടമഴിക്കാന്‍ പ്രേരിപ്പിച്ചത് വിശ്വാസ സംരക്ഷണ പാര്‍ട്ടിയായ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസാണെന്നും ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടി എന്നവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ എം.പി ഹൈബി ഈഡനാണ് വേട്ടക്കാരോടൊപ്പം സന്ധി ചെയ്ത് ഒത്തുതീര്‍പ്പ് നാടകം കളിച്ചതെന്നും സരിന്‍ വിമര്‍ശിച്ചു.

ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് സരിന്റെ വിമര്‍ശനം.

കുട്ടിയുടെ ഭരണഘടനാപരമായ അവകാശത്തിന് യാതൊരു വിലയും കല്‍പ്പിക്കാത്ത ഈ ഒത്തുതീര്‍പ്പ് ഫോര്‍മുല കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ബി.ജെ.പി പേടിയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്നും സരിന്‍ കുറ്റപ്പെടുത്തി.

വിഷയത്തിന്റെ തുടക്കം മുതല്‍ നിലപാടില്‍ ഉറച്ചുനിന്നത് വിദ്യാഭ്യാസ മന്ത്രിയാണ്. കേരളത്തിലെ സര്‍ക്കാര്‍ സംവിധാനമാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അവകാശ സംരക്ഷണത്തില്‍ ഊന്നി നിന്നാണ് വിഷയത്തെ ഇടതുപക്ഷം നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ശബരിമലയെ കൂട്ടുപിടിച്ച് നടത്തുന്ന പ്രചരണ വേലകളിലും, നാഷണല്‍ ഹൈവേക്ക് വേണ്ടി കുരിശ് മാറ്റിസ്ഥാപിച്ച വിഷയത്തിലും ഏതേത് മനുഷ്യരുടെ വിശ്വാസത്തിന് വേണ്ടിയാണോ അവര്‍ ശബ്ദിക്കുന്നു എന്ന് വരുത്തി തീര്‍ക്കുന്നത്, അതേ ആത്മാര്‍ഥത എന്തേ ഈ വിഷയത്തില്‍ ഉണ്ടായില്ല? തട്ടം ധരിച്ചു സ്‌കൂളില്‍ പോകുന്ന വിഷയം വന്നപ്പോള്‍ ‘തട്ടം ഉപേക്ഷിച്ചു വേണേല്‍ പഠിച്ചോളാന്‍’ ആ വിദ്യാര്‍ഥിയെ മാത്രമല്ല ഒരു സമുദായത്തെ മുഴുവന്‍ സമ്മര്‍ദത്തിലാക്കിയതും നിങ്ങളുടെ നേതാക്കള്‍ തന്നെയല്ലേ?’ സരിന്‍ ചോദിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

മുസ്‌ലിം ലീഗ് എന്നൊരു പാര്‍ട്ടി കേരളത്തിനോ മുസ്‌ലിം സമുദായത്തിനോ ഒരു ഗുണത്തിനും പെടില്ല എന്ന് ഹിജാബ് വിഷയത്തില്‍ നിന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ആ വിദ്യാര്‍ഥിനിക്കും കുടുംബത്തിനും ലീഗ് എന്ന സമുദായ പാര്‍ട്ടിയില്‍ നിന്നും രാഷ്ട്രീയ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ പഠിച്ചിരുന്ന സ്‌കൂള്‍ ഉപേക്ഷിക്കേണ്ടി വരില്ലായിരുന്നു എന്ന് ഷാജിമാര്‍ ഇനിയെങ്കിലും മനസ്സിലാക്കിയാല്‍ നന്ന്.

സ്‌കൂളിന്റെ തിട്ടൂരത്തിന് ഓശാന പാടി വിശ്വാസിയായ കുട്ടിയുടെ തട്ടമഴിക്കാന്‍ പ്രേരിപ്പിച്ചത് വിശ്വാസ സംരക്ഷണ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടി എന്നവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ എം.പി ഹൈബി ഈഡനാണ് വേട്ടക്കാരോടൊപ്പം സന്ധി ചെയ്ത് ഒത്തുതീര്‍പ്പ് നാടകം കളിച്ചത്. സ്‌കൂളില്‍ തട്ടമിട്ടുകൊണ്ട് പഠിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞു കൊണ്ടാണ് ആ പെണ്‍കുട്ടിയും മാതാപിതാക്കളും പരാതി നല്‍കിയത്.

കേട്ടപാതി കേള്‍ക്കാത്ത പാതി കോണ്‍ഗ്രസിന്റെ രണ്ട് നേതാക്കളും ഓടിവന്ന് ഒത്തുതീര്‍പ്പ് ഉണ്ടാക്കിയത്രേ! എന്താണ് ഒത്തുതീര്‍പ്പില്‍ പറഞ്ഞത്? കുട്ടിയോടും കുട്ടിയുടെ മാതാപിതാക്കളോടും പറഞ്ഞു തട്ടമിടാതെ തന്നെ നിങ്ങള്‍ക്ക് സ്‌കൂളില്‍ പഠനം തുടരാം ഭരണഘടനാപരമായ കുട്ടിയുടെ അവകാശത്തിന് യാതൊരു വിലയും കല്‍പ്പിക്കാത്ത ഈ ഒത്തുതീര്‍പ്പ് ഫോര്‍മുല കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ബി.ജെ.പി പേടിയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. വിഷയത്തിന്റെ തുടക്കം മുതല്‍ നിലപാടില്‍ ഉറച്ചുനിന്നത് വിദ്യാഭ്യാസ മന്ത്രിയാണ്. കേരളത്തിലെ സര്‍ക്കാര്‍ സംവിധാനമാണ്. ആ വിഷയത്തെ ഇടതുപക്ഷം നേരിട്ടത് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അവകാശ സംരക്ഷണത്തില്‍ ഊന്നി നിന്നാണ്.

ഒരു പ്രസ്താവനയിലൂടെ എങ്കിലും വിദ്യാഭ്യാസ മന്ത്രി പറഞ്ഞതിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഒരൊറ്റ കോണ്‍ഗ്രസുകാരനെയും ലീഗുകാരനെയും കണ്ടില്ല. അതും പോരാഞ്ഞ് വിദ്യാഭ്യാസ മന്ത്രി മതസ്പര്‍ധയുണ്ടാക്കുന്നു എന്നു പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചത്. ഇനി പറയാനുള്ളത് സൈബര്‍ കോണ്‍ഗ്രസുകാരോടാണ് : നിങ്ങളുടെ നേതാക്കളുടെ കഴിഞ്ഞ ഒരാഴ്ചത്തെ എഫ്ബി പോസ്റ്റുകള്‍ എടുത്ത് നോക്കൂ.

ശബരിമലയെ കൂട്ടുപിടിച്ച് നടത്തുന്ന പ്രചരണ വേലകളിലും, നാഷണല്‍ ഹൈവേക്ക് വേണ്ടി കുരിശ് മാറ്റിസ്ഥാപിച്ച വിഷയത്തിലും ഏതേത് മനുഷ്യരുടെ വിശ്വാസത്തിന് വേണ്ടിയാണോ അവര്‍ ശബ്ദിക്കുന്നു എന്ന് വരുത്തി തീര്‍ക്കുന്നത്, അതേ ആത്മാര്‍ഥത എന്തേ ഈ വിഷയത്തില്‍ ഉണ്ടായില്ല? തട്ടം ധരിച്ചു സ്‌കൂളില്‍ പോകുന്ന വിഷയം വന്നപ്പോള്‍ ‘തട്ടം ഉപേക്ഷിച്ചു വേണേല്‍ പഠിച്ചോളാന്‍’ ആ വിദ്യാര്‍ഥിയെ മാത്രമല്ല ഒരു സമുദായത്തെ മുഴുവന്‍ സമ്മര്‍ദ്ദത്തിലാക്കിയതും നിങ്ങളുടെ നേതാക്കള്‍ തന്നെയല്ലേ?!

ഇതെല്ലാം പൊതുജനം ശ്രദ്ധിക്കുന്നുണ്ട് പ്രതിപക്ഷമേ. ഏതായാലും ഹിജാബ് വിവാദത്തില്‍ ഉറക്കത്തിലായിരുന്ന മുസ്‌ലിം ലീഗ് എന്ന സമുദായ പാര്‍ട്ടിയുടെ നേതാക്കള്‍ ഓരോന്നായി ഇപ്പോള്‍ രംഗത്ത് വരുന്നത് അഭിനന്ദനാര്‍ഹമാണ്. ഇനിയും ഉറക്കം നടിക്കുന്ന യൂത്ത് ലീഗും എം.എസ്.എഫും ഉടന്‍ രംഗത്ത് വരുമെന്നും കരുതാം. നാല് വോട്ടിനു വേണ്ടി എവിടേയും കമിഴ്ന്ന് വീഴാന്‍ മാത്രം ശീലിച്ചവര്‍ക്ക് നടുനിവര്‍ത്തി നിന്ന് അനീതിക്കെതിരേ പോരാടാന്‍ ഇനിയും കഴിയുന്നില്ലെങ്കില്‍ പിന്നെയാ സമുദായ സ്‌നേഹത്തിന്റെ ക്ലാസും കൊണ്ട് ഇടതുപക്ഷത്തിനെ പഠിപ്പിക്കാന്‍ വരരുത്.

Content Highlight: P Sarin criticize Congress and Muslim League on Thattam controversy

We use cookies to give you the best possible experience. Learn more