പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഇരയാണ് താന്‍. മനപൂര്‍വ്വം ചിലര്‍ തന്നെ കേസില്‍ കുടുക്കിയതാണ്. കൃഷ്ണപ്പിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള നിലപാടുകളാണ് വി.എസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സാബു പറഞ്ഞു.
പളനിയുടെ മൊഴിയിലും മൊഴിമാറ്റത്തിലും ദുരൂഹതയുണ്ട്. തെറ്റായ മൊഴിയാണ് പളനി ക്രൈംബ്രാഞ്ചിനു നല്‍കിയത്. പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന തങ്ങളെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
1996ലെ വി.എസിന്റെ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് പളനിയ്‌ക്കെതിരെ താന്‍ മൊഴി നല്‍കിയിരുന്നു. ഇതിലുള്ള വൈരാഗ്യം മൂലമാണ് ക്രൈംബ്രാഞ്ചിനു മുന്നില്‍ പളനി തനിക്കെതിരായ നിലപാട് സ്വീകരിച്ചതെന്നും സാബു പറഞ്ഞു.
കഞ്ഞിക്കുഴി മേഖലയില്‍ വി.എസ് പക്ഷത്തിന് ശക്തമായ സ്വാധീനമാണുള്ളത്. അതില്‍ അസൂയ പൂണ്ടവരാണ് തങ്ങള്‍ക്കെതിരെ നീക്കം നടത്തിയത്. മറ്റുള്ളവര്‍ പറഞ്ഞാണ് താന്‍ സ്മാരകം തകര്‍ക്കപ്പെട്ട വിവരം അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസില്‍ ഒന്നാം പ്രതിയായ ലതീഷ് ചന്ദ്രനും താന്‍ നിരപരാധിയാണെന്ന വാദവുമായി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സി.പി.ഐ.എം വിഭാഗീയതയുടെ ഇരയാണ് താന്‍ എന്ന് ലതീഷും പറഞ്ഞിരുന്നു.