| Tuesday, 12th August 2025, 7:58 pm

മോദിയുടെ പരസ്യത്തില്‍ പറയുന്നതല്ല ഇന്ത്യന്‍ സ്ത്രീകളുടെ ജീവിതം

ഡോ. പി.എസ്. ശ്രീകല

പ്രധാനമന്ത്രിയുടെ ശബ്ദസന്ദേശത്തോടെ ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്തുവരുന്ന ഒരു പരസ്യമുണ്ട്. പൊണ്ണത്തടി കാരണമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു വരികയാണെന്നും അത് തടയാന്‍ എണ്ണയും കൊഴുപ്പുമുള്ള ഭക്ഷണം നിയന്ത്രിക്കണം എന്നുമാണ് പരസ്യത്തിന്റെ ഉള്ളടക്കം. ഇത് കേള്‍ക്കുമ്പോള്‍ എണ്ണയും കൊഴുപ്പുമടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് മാത്രമാണ് പൊണ്ണത്തടിക്കു കാരണമെന്ന തെറ്റിദ്ധാരണ ഉണ്ടായേക്കാം.

വിശപ്പ് മാറ്റാനുള്ള അവശ്യം ഭക്ഷണമോ, പോഷകമൂല്യമുള്ള ആഹാരമോ എല്ലാര്‍ക്കും ലഭ്യമാകാത്ത ഒരു രാജ്യത്ത് ഈ പരസ്യം സൃഷ്ടിക്കുന്ന തെറ്റിദ്ധാരണ ഗൗരവമുള്ളതാണ്. എല്ലാര്‍ക്കും സമ്പുഷ്ടമായ ഭക്ഷണം ലഭിക്കുന്നുവെന്ന പ്രതീതിയാണ് അത് സൃഷ്ടിക്കുക. എന്നാല്‍, അത് പ്രതീതി മാത്രമാണ്, യാഥാര്‍ഥ്യം അതില്‍ നിന്നുമെത്രയോ വ്യത്യസ്തമാണ്.

ലോകബാങ്കിന്റെ 2024 ലെ ആഗോള വിശപ്പ് സൂചികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 127 രാജ്യങ്ങളുടെ പട്ടികയില്‍ 105 ആം സ്ഥാനത്താണ് ഇന്ത്യ. 27.3 ആണ് സൂചികയില്‍ ഇന്ത്യയുടെ സ്‌കോര്‍. മാത്രമല്ല, ഇന്ത്യയിലെ ജനങ്ങളില്‍ 14 ശതമാനം പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്. കുട്ടികളില്‍ ഇത് 17.3 ശതമാനം ആണ്. ഇതിനിടയിലാണ് 24% സ്ത്രീകള്‍ പൊണ്ണത്തടിയുള്ളവരാണെന്ന റിപ്പോര്‍ട്ടും വരുന്നത്.

നരേന്ദ്ര മോദി

ഭക്ഷ്യ സുരക്ഷിതത്വമില്ലായ്മയും പോഷകഗുണമില്ലാത്ത ഭക്ഷണരീതിയും പട്ടിണിയും സ്ത്രീകളിലെ പൊണ്ണത്തടിക്കുള്ള കാരണങ്ങളില്‍ പെടുന്നു. ആവശ്യത്തിന് ഭക്ഷണം ലഭിക്കാതിരിക്കുന്ന അവസ്ഥയും ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റവും ഗുണനിലവാരമില്ലാത്ത ഭക്ഷണം കഴിച്ച് വിശപ്പടക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നു.

ഇത്തരം സാഹചര്യങ്ങളില്‍ അമിതമായി കൊഴുപ്പ് അടങ്ങിയതും കാലറി കൂടുതലുള്ളതുമായ ഭക്ഷണത്തെ ആശ്രയിക്കേണ്ടി വരുന്നത് സ്ത്രീകളില്‍ പൊണ്ണത്തടി വര്‍ദ്ധിക്കാനുള്ള കാരണങ്ങളില്‍ പ്രധാനമാണ്. വിശപ്പടക്കി ഗതികെട്ടിരിക്കുന്ന അവസ്ഥയില്‍ ഗുണനിലവാരം പരിഗണിക്കാതെ കിട്ടുന്ന ഭക്ഷണം കഴിക്കാന്‍ മനുഷ്യര്‍ നിര്‍ബന്ധിതരാവുന്നത് സ്വാഭാവികമാണ്.

ഇതിനിടയില്‍, ലോകസമ്പത്തിക ഫോറത്തിന്റെ 2025 ലെ ലിംഗാസമത്വസൂചികയില്‍ 148 രാജ്യങ്ങളില്‍ 131 ആണ് ഇന്ത്യയുടെ സ്ഥാനം എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. 2024ല്‍ 129 ആയിരുന്നു ഇന്ത്യയുടെ നില. പുറകോട്ടാണ് വളര്‍ച്ച എന്നര്‍ത്ഥം.

സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം, അവസരലഭ്യത, വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയ ശാക്തീകരണം എന്നിവയാണ് ലിംഗാസമത്വസൂചികയിലെ നിര്‍ണ്ണായക ഘടകങ്ങള്‍. ഈ ഘടകങ്ങളില്‍ ഇന്ത്യയുടെ പിന്നാക്ക അവസ്ഥയാണ് 2025ലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം, വേതന തുല്യത, വരുമാനം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് സാമ്പത്തിക പങ്കാളിത്തം വിലയിരുത്തുന്നത്. രാജ്യത്ത് പുരുഷന്മാരുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നത്.

സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം കേവലം 25 ശതമാനത്തില്‍ താഴെയാണ്. തൊഴിലവസരങ്ങള്‍ തുലോം കുറവാണെന്ന വസ്തുതയും റിപ്പോര്‍ട്ട് എടുത്തുപറയുന്നു. ഇക്കാര്യത്തില്‍ ഏറ്റവും താഴേ നില്‍ക്കുന്ന സുഡാന്‍, പാകിസ്ഥാന്‍ തുടങ്ങിയ അഞ്ചു രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയുടെ സ്ഥാനം.

ആരോഗ്യമെന്ന ഘടകം പരിശോധിക്കുമ്പോള്‍ കൂടുതല്‍ ഗുരുതരമായ അവസ്ഥയാണ് ഇന്ത്യയിലെ സ്ത്രീകള്‍ അനുഭവിക്കുന്നതെന്ന് കാണാം. പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 70.52 ആയിരിക്കുമ്പോള്‍ സ്ത്രീകളുടേത് 67.74 ആണ്. ലോകത്ത് ഏറ്റവുമധികം മാതൃമരണം നടക്കുന്ന രാജ്യമാണ് ഇന്ത്യ.

ഗര്‍ഭിണിയായിരിക്കുമ്പോഴോ ഗര്‍ഭകലം അവസാനിച്ച് 42ദിവസത്തിനുള്ളിലൊ മരണപ്പെടുന്ന അവസ്ഥയാണ് മാതൃ മരണനിരക്കില്‍ പെടുന്നത്. മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുടെ അഭാവവും ഉള്ളയിടങ്ങളില്‍ എത്തിച്ചേരാനുള്ള തടസ്സങ്ങളുമാണ് ഇന്ത്യയില്‍ ഈ സ്ഥിതിക്ക് കാരണം.

രാഷ്ട്രീയപങ്കാളിത്തത്തില്‍ രാജ്യത്ത് സ്ത്രീകളുടെ പിന്നാക്കാവസ്ഥ റിപ്പോര്‍ട്ട് എടുത്തുപറയുന്നുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ 2019ലെ സ്ത്രീപങ്കാളിതം 14.4 ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് 13.6 ശതമാനമായി കുറഞ്ഞിരിക്കുന്നു.

രാജ്യത്ത് പുരുഷന്മാരുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നത്.

ആഗോളത്തലത്തില്‍ ലിംഗ സമത്വത്തിന്റെ സ്‌കോര്‍ 68.6% ആണ് എന്നതും കാണേണ്ടതുണ്ട്. ഈ രീതി തുടര്‍ന്നാല്‍, ലിംഗസമത്വം യഥാര്‍ഥ്യമാകാന്‍ 134 വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട് കണക്കുകൂട്ടുന്നു. ഇത് ശരാശരി കണക്കാണ്. സാമ്പത്തിക പങ്കാളിത്തത്തില്‍ തുല്യത കൈവരാന്‍ 152 വര്‍ഷവും രാഷ്ട്രീയ പങ്കാളിത്തത്തില്‍ തുല്യതയ്ക്ക് 169 വര്‍ഷവും വേണ്ടിവരുമെന്ന് പറയുന്ന റിപ്പോര്‍ട്ട് ആരോഗ്യ രംഗത്തെ സമത്വത്തിന് എത്രകാലം വേണ്ടിവരുമെന്നത് പ്രവചനാതീതമാണെന്നും വ്യക്തമാക്കുന്നു.

ഇവയെല്ലാം ഏതാനും അക്കങ്ങള്‍ കൊണ്ട് രേഖപ്പെടുത്തുന്ന സ്ഥിതിവിവരക്കണക്ക് മാത്രമല്ല. മറിച്ച്, ആഗോളതലത്തിലും ഇന്ത്യയിലും പിന്തുടരുന്ന നയങ്ങളുടെ പ്രതിഫലനം കൂടിയാണ്. മുതലാളിത്ത താല്പര്യങ്ങള്‍ക്ക് മേല്‍ക്കൈയുള്ള ഭരണസംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഈ കണക്കുകള്‍. ഇവയുടെ ആഘാതം അനുഭവിക്കുന്ന ദരിദ്രജനവിഭാഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്നുവെന്ന യഥാര്‍ഥ്യവും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

ലോകബാങ്കിന്റെ സൂചികയില്‍ ചൈനയുടെ സ്ഥാനം 103 ആണെന്നതും 2024 ല്‍ നിന്ന് മൂന്ന് സ്ഥാനം മുകളിലേക്ക് ഉയരാന്‍ ആ രാജ്യത്തിനു കഴിഞ്ഞുവെന്നതും രാജ്യങ്ങള്‍ പിന്തുടരുന്ന നയങ്ങളും ഇത്തരം സ്ഥിതിവിവരക്കണക്കുകളും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു.

ക്യൂബ ഉള്‍പ്പെടെയുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും കരീബിയന്‍ മേഖലയും ലോകബാങ്കിന്റെ 2025 ലെ ലിംഗാസമത്വസൂചികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, ലാറ്റിനമേരിക്കന്‍- കരീബിയന്‍ രാജ്യങ്ങള്‍ സൂചികയിലുള്‍പ്പെടുന്ന രാജ്യങ്ങളെക്കാള്‍ ബഹുദൂരം മുന്നിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ട്.

അസമത്വത്തെ നിര്‍ണ്ണയിക്കുന്ന ഓരോ ഘടകത്തിലും, അതായത്, സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം, വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയശക്തീകരണം എന്നിവയില്‍, ഈ രാജ്യങ്ങള്‍ മുന്നേറുകയാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

ലോകത്ത് ഏറ്റവുമധികം മാതൃമരണം നടക്കുന്ന രാജ്യമാണ് ഇന്ത്യ.

വികസനനയത്തിലെ പാളിച്ചകള്‍ ലിംഗാസമത്വം വര്‍ദ്ധിപ്പിക്കുന്നുവെന്നും ലിംഗാസമത്വം വികസനത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നും തിരിച്ചറിയേണ്ടതുണ്ട്. അത്രമേല്‍ പരസ്പര പൂരകങ്ങളാണിവയെന്ന് വ്യക്തമാക്കുന്നതാണ് സ്ഥിതിവിവരക്കണക്കുകള്‍.

ഇവയുടെ അടിസ്ഥാനത്തില്‍, ജനങ്ങള്‍ക്ക്, വിശേഷിച്ച് ദരിദ്രര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനുകൂലമായ നയമാറ്റം ഉണ്ടാകുമോ എന്നതാണ് ചോദ്യം. ഇന്ത്യയെ സംബന്ധിച്ച് അത്തരമൊരു നയം മാറ്റമെന്ന പ്രതീക്ഷ വേണ്ട.

മേല്പറഞ്ഞ പ്രതികൂല സ്ഥിതിയില്‍ ജാതി – മത വര്‍ഗ്ഗീയത കൂടി കൂട്ടിച്ചേര്‍ത്ത്, രാജ്യത്ത് ഹിന്ദുത്വവല്‍ക്കരണം നടപ്പിലാക്കുകയെന്നത് മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യം. അതേസമയം ഇത്തരം അസമത്വങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന നയങ്ങള്‍ക്ക് തുടക്കം കുറിച്ചതാവട്ടെ, കോണ്ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് താനും.

ഇത്തരമൊരു സാഹചര്യത്തില്‍ ആഗോളതലത്തില്‍ ലിംഗസമത്വം യാഥാര്‍ഥ്യമാകാന്‍ വേണ്ടിവരുമെന്ന് കരുതപ്പെടുന്ന കാലത്തിനുമേത്രയോ അപ്പുറമായിരിക്കും ഇന്ത്യക്ക് വേണ്ടിവരുന്നത്. ഭരണഘടനാപരമായ തുല്യതയ്ക്ക് വേണ്ടി, അനിശ്ചിതമായി കാത്തിരിക്കേണ്ട ദുസ്ഥിതിയിലാണ് ഇന്ത്യന്‍ സ്ത്രീകളുടെ ജീവിതം.

content highlights: P.S. Sreekala writes About the living conditions of Indian women

ഡോ. പി.എസ്. ശ്രീകല

We use cookies to give you the best possible experience. Learn more