| Friday, 24th July 2026, 11:57 pm

അബ്ദുള്ളകോയ മദനിയായിരുന്നു റഷീദലി തങ്ങളായിരുന്നോ യു.ഡി.എഫ് കാലത്തെ ഷിയ അംഗം: പി. രാജീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ വഖഫ് ബോര്‍ഡ് നിയമനത്തെക്കുറിച്ച് സി.പി.ഐ.എം നേതാവ് പി. രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 2014ല്‍ അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് വഖഫ് ബോര്‍ഡിലുള്‍പ്പെടുത്തിയ അംഗങ്ങളില്‍ ഷിയ പണ്ഡിതനെ ഉള്‍പ്പെടുത്താനുള്ള വ്യവസ്ഥ ലംഘിക്കപ്പെട്ടെന്ന് രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വഖഫ് ബോര്‍ഡിലേക്ക് സുന്നി, ഷിയ ഇസ്‌ലാമിക മതചിന്തയിലെ ഓരോ പണ്ഡിതരെ നാമനിര്‍ദ്ദേശം ചെയ്യണമെന്നാണ് അന്ന് പ്രാബല്യത്തിലുണ്ടായിരുന്ന നിയമത്തിലെ 14(1) (ഡി) വ്യവസ്ഥയില്‍ നിര്‍ദേശിക്കുന്നതെന്ന് പി. രാജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എന്നാല്‍ അന്നത്തെ ഗസറ്റ് വിജ്ഞാപനത്തില്‍ ഈ വ്യവസ്ഥ പ്രകാരം വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതായി കാണിക്കുന്നത് പാണക്കാട് റഷീദലി ശിഹാബ് തങ്ങളെയും അബ്ദുള്ള കോയ മദനിയെയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമത്തിലെ 14(1) (ഡി) വ്യവസ്ഥ പ്രകാരം നിയമിച്ച രണ്ട് പേരും ഷിയ മതചിന്തയില്‍ പെടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അബ്ദുള്ള കോയ മദനി, സുന്നി ഇസ്ലാമിക പണ്ഡിതനും കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റുമാണ്. അപ്പോള്‍ ആരാണ് ഷിയ മതപണ്ഡിതന്‍? പാണക്കാട് റഷീദലി തങ്ങളെയാണോ മുസ്ലിംലിഗ് ഷിയ പണ്ഡിതനാക്കിയതെന്നും രാജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

വ്യക്തതത കിട്ടാന്‍ അടുത്ത ബുധനാഴ്ച വരെ കാക്കണോ? അതിനു മുമ്പ് തന്നെ പാണക്കാട് റഷീദലി ശിഹാബ് തങ്ങളിനെയാണോ അതോ അബ്ദുള്ളകോയ മദനിയാണോ മുസ്ലിംലിഗ് നിശ്ചയിച്ച ഷിയപണ്ഡിതന്‍ എന്നു വ്യക്തമാക്കുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ബോര്‍ഡില്‍ ഷിയ വിഭാഗത്തില്‍നിന്നും പ്രാതിനിധ്യമുണ്ടാകണമെന്നും അതൊന്നും നോക്കാതെയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ബോര്‍ഡ് രൂപികരിച്ചതെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടിരുന്നെന്നും പി. രാജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ഷിയ വിഭാഗത്തിന് നിയമാനുസുതമായ പ്രതിനിധ്യമില്ലെന്ന് വകുപ്പ് മന്ത്രിയായ മുസ്ലിംലീഗ് നേതാവ് പറഞ്ഞതായും രാജീവ് ചൂണ്ടിക്കാട്ടുന്നു.

ഷിയ വിഭാഗത്തിനോടുള്ള മുസ്ലിംലിഗിന്റെ പ്രത്യേക താല്‍പര്യം കണ്ടപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മുസ്ലിംലിഗ് തന്നെ വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയ ഷിയ പണ്ഡിതന്‍ ആരാണെന്നറിയാന്‍ കൗതുകം തോന്നിയെന്നും രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അന്നത്തെ ഗസറ്റ് വിജ്ഞാപനവും രാജീവ് ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

2014 Kerla Gazette Notificaion Of Waqf Board Members

2014 Kerla Gazette Notificaion Of Waqf Board Members

Details of Clause14(1)(D) of previous waqf law

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വഖഫ് ബോര്‍ഡില്‍ ഷിയ വിഭാഗത്തില്‍നിന്നും പ്രാതിനിധ്യമുണ്ടാകണമെന്നും അതൊന്നും നോക്കാതെയാണ് എല്‍ഡി എഫ് സര്‍ക്കാര്‍ ബോര്‍ഡ് രൂപികരിച്ചതെന്ന് മുഖ്യമന്ത്രി. ഷിയ വിഭാഗത്തിന് നിയമാനുസുതമായ പ്രതിനിധ്യമില്ലെന്ന് വകുപ്പ് മന്ത്രിയായ മുസ്ലിംലീഗ് നേതാവ്.

ഷിയ വിഭാഗത്തെയും അമുസ്ലീങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്ന പതിനാലാം വകുപ്പ് പൂര്‍ണ്ണമായും അനുസരിച്ചുകൊള്ളാമെന്ന് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഉറപ്പ് നല്‍കി യുഡിഎഫ് സര്‍ക്കാര്‍.

ഷിയ വിഭാഗത്തിനോടുള്ള മുസ്ലിംലിഗിന്റെ പ്രത്യേക താല്‍പര്യം കണ്ടപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മുസ്ലിംലിഗ് തന്നെ വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയ ഷിയ പണ്ഡിതന്‍ ആരാണെന്നറിയാന്‍ കൗതുകം തോന്നി. അന്ന് പ്രാബല്യത്തിലുണ്ടായിരുന്ന നിയമത്തിലെ 14( ഹ) (റ) പ്രകാരം സുന്നി, ഷിയ ഇസ്ലാമിക മതചിന്തയിലെ ഓരോ പണ്ഡിതരെ നാമനിര്‍ദ്ദേശം ചെയ്യണമെന്നാണ്.

14(1)(റ) പ്രകാരം അന്ന് മുസ്ലിംലിഗ് ഉള്‍പ്പെടുത്തിയ രണ്ടുപേരുകള്‍ ചിത്രത്തിലുള്ള ഗസറ്റ് വിജ്ഞാപനത്തില്‍ ക്രമനമ്പര്‍ 8 ല്‍ സയ്ദ് റഷീദലി പി എം, നൂര്‍മഹല്‍ , പാണക്കാടും ക്രമനമ്പര്‍ 9ല്‍ ടി പി അബ്ദുള്ളകോയ മദനിയുമാണ്. അബ്ദുള്ള കോയ മദനി, സുന്നി ഇസ്ലാമിക പണ്ഡിതനും കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റുമാണ്.

അപ്പോള്‍ ആരാണ് ഷിയ മതപണ്ഡിതന്‍? പാണക്കാട് റഷീദലി തങ്ങളെയാണോ മുസ്ലിംലിഗ് ഷിയ പണ്ഡിതനാക്കിയത്?

വ്യക്തതത കിട്ടാന്‍ അടുത്ത ബുധനാഴ്ച വരെ കാക്കണോ? അതിനു മുമ്പ് തന്നെ പാണക്കാട് റഷീദലി ശിഹാബ് തങ്ങളിനെയാണോ അതോ അബ്ദുള്ളകോയ മദനിയാണോ മുസ്ലിംലിഗ് നിശ്ചയിച്ച ഷിയപണ്ഡിതന്‍ എന്നു വ്യക്തമാക്കുമായിരിക്കും!

Content Highlight: P Rajeev about Waqf Board Members during UDF government led By Oommen Chandy

We use cookies to give you the best possible experience. Learn more