കണ്ണൂര്‍: സി.പി.ഐ.എമ്മിലേക്ക് തിരിച്ചുവരാനുള്ള നീക്കങ്ങള്‍ സജീവമാക്കി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ. തനിക്കെതിരായ സംഘടനാ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദിവ്യ സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയതായും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബിയുമായി ഫോണില്‍ സംസാരിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കണ്ണൂരില്‍ നടന്ന വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് മുന്നോടിയായാണ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്.
തന്റെ തിരിച്ചുവരവ് ചില നേതാക്കള്‍ ഇടപെട്ട് തടസ്സപ്പെടുത്തുന്നുവെന്നാണ് കത്തിലെ പ്രധാന ആരോപണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തന്റെ പേരിലുള്ള കേസും മറ്റു വിശദാംശങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് ഈ നീക്കം നടക്കുന്നത്. പാര്‍ട്ടിയിലെ മറ്റ് പല നേതാക്കള്‍ക്കെതിരെയും സമാനമായ കേസുകളും നിയമനടപടികളും നിലനില്‍ക്കുന്നുണ്ടെങ്കിലും തന്നോട് മാത്രം വിവേചനപരമായാണ് പെരുമാറുന്നതെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം നടന്ന വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലേക്ക് ദിവ്യ ക്ഷണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ദിവ്യയെപ്പോലെ ശക്തയായ ഒരു നേതാവിനെ പാര്‍ട്ടിക്ക് ആവശ്യമുണ്ടെന്നും തിരിച്ചുകൊണ്ടുവരണമെന്നും ഒരു വിഭാഗം വാദിക്കുമ്പോള്‍, ഇതിനെ ശക്തമായി എതിര്‍ക്കുന്ന മറ്റൊരു വിഭാഗവും ജില്ലയിലുണ്ട്. അടുത്ത ആഴ്ച മുതല്‍ വിപുലീകൃത ഏരിയ കമ്മിറ്റി യോഗങ്ങള്‍ ആരംഭിക്കാനിരിക്കെ, ദിവ്യയെ പങ്കെടുപ്പിക്കുമോ എന്നതിനെ ആശ്രയിച്ചാകും തുടര്‍ രാഷ്ട്രീയ നീക്കങ്ങള്‍ എന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, പി.പി. ദിവ്യക്കെതിരെ കോടികളുടെ ബിനാമി സ്വത്ത് സമ്പാദന ആരോപണവുമായി കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ് രംഗത്തെത്തി. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘കാര്‍ട്ടണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിക്ക് വഴിവിട്ട സഹായങ്ങള്‍ നല്കി ദിവ്യ കോടികളുടെ ബിനാമി സ്വത്ത് സമ്പാദിച്ചുവെന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ ദിവ്യയെ സംരക്ഷിക്കുകയാണെന്നും ആരോപിച്ച് ഷമ്മാസ് വിജിലന്‍സിന് പരാതി നല്കി.
ഈ കമ്പനി വഴി സി.പി.ഐ.എം നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ദിവ്യയുടെ ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതിന്റെ രേഖകള്‍ പുറത്തുവന്നതായും പരാതിയില്‍ പറയുന്നു. ദിവ്യയുടെ ഭര്‍ത്താവ് ബിജു മോഹന്‍, മുഹമ്മദ് ആസിഫുമാണ് ഈ കമ്പനിയുടെ ഡയറക്ടര്‍മാര്‍.
എന്നാല്‍ കമ്പനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കാര്‍ട്ടണ്‍ ഇന്ത്യ എം.ഡി മുഹമ്മദ് ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് അന്വേഷിച്ച് ഹൈക്കോടതി വഴി ക്രമക്കേടുകള്‍ ഒന്നും നടന്നിട്ടില്ലെന്ന് നിയമസഭാ രേഖകളിലടക്കം സര്‍ക്കാര്‍ ക്ലിയറന്‍സ് നല്കിയ വിഷയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഷമ്മാസ് ഉന്നയിക്കുന്ന ആരോപണങ്ങളില്‍ വീണ്ടും അന്വേഷണം നടക്കുന്നത് തന്നെയാണ് നല്ലത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഷമ്മാസ് തന്റെ പിന്നാലെ നടക്കുകയാണ്. അദ്ദേഹത്തിന്റെ ലക്ഷ്യം എന്താണെന്ന് മനസിലാകുന്നില്ല. ഏത് അന്വേഷണത്തെയും പൂര്‍ണമായി സ്വാഗതം ചെയ്യുന്നു. സര്‍ക്കാരുമായി സഹകരിക്കാന്‍ കമ്പനി ബാധ്യസ്ഥരാണ്. ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ ഏതെങ്കിലും ഒരു കരാര്‍ കാര്‍ട്ടണ്‍ ഇന്ത്യ ചെയ്തിട്ടുണ്ടെന്നോ, ഇതൊരു ബിനാമി കമ്പനിയാണെന്നോ തെളിയിക്കാന്‍ ഷമ്മാസിന് സാധിച്ചാല്‍ അപ്പോള്‍ തന്നെ ഒരു കോടി രൂപ നല്‍കാം. അതിനുള്ള ചെക്ക് ഇപ്പോള്‍ വേണമെങ്കിലും എഴുതി നല്കാന് തയ്യാറാണ്,’ എന്ന് മുഹമ്മദ് ആസിഫ് പരസ്യമായി വെല്ലുവിളിച്ചു.
തനിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തെ പൂര്‍ണ ആത്മവിശ്വാസത്തോടെ സ്വാഗതം ചെയ്യുന്നതായി പി.പി. ദിവ്യ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
തന്റെ പേരിലോ ഭര്‍ത്താവിന്റെ പേരിലോ ബിനാമിയായോ ഒരുതരത്തിലുള്ള അനധികൃത സ്വത്തുക്കളോ ഇടപാടുകളോ ഇല്ലെന്നും അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കില്‍ അന്വേഷണത്തിലൂടെ കണ്ടെത്തട്ടെയെന്നും ദിവ്യ പറഞ്ഞു.
’25 കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണം കേട്ടപ്പോള്‍ ബോധം പോയില്ല എന്നേയുള്ളൂ. ജില്ലാ പഞ്ചായത്തിന്റെ എല്ലാ പദ്ധതികളും ടെന്‍ഡര്‍ സംവിധാനത്തിലൂടെ പൂര്‍ണമായും സുതാര്യമായാണ് നടപ്പാക്കിയിട്ടുള്ളത്. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും, ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും. ഏത് അന്വേഷണത്തോടും പൂര്‍ണമായി സഹകരിക്കും. സത്യം ഒരുകാലത്ത് പുറത്തുവരുമെന്ന ഉറച്ച ആത്മവിശ്വാസമുണ്ട്,’ എന്ന് ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു.
Content Highlight:P.P. Divya sends a letter to the Central Committee seeking a return to the party; Carton India MD also dismisses ‘benami’ allegations.