| Wednesday, 12th November 2025, 8:23 pm

'ഇനിയുള്ള എല്ലാ സ്‌ക്രിറ്റിപ്പിലും എന്നെ ഉള്‍പ്പെടുത്തുമായിരിക്കും'; പി.പി. ദിവ്യയ്ക്ക് സീറ്റില്ലെന്ന വാര്‍ത്തകള്‍ക്കെതിരെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പരിഗണിക്കപ്പെട്ടില്ലെന്ന മാധ്യമവാര്‍ത്തകള്‍ക്കെതിരെ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ.എം നേതാവുമായ പി.പി. ദിവ്യ. റിപ്പോട്ടര്‍ ടി.വി, മാതൃഭൂമി, മനോരമ എന്നീ ചാനലുകള്‍ക്ക് എതിരെയാണ് പി.പി. ദിവ്യയുടെ വിമര്‍ശനം.

ഒരു തദ്ദേശ സ്ഥാപനത്തില്‍ ഒരു വ്യക്തി മൂന്ന് തവണ മത്സരിക്കുന്നത് അപൂര്‍വമാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് ചിന്തിച്ചാല്‍ മനസിലാക്കാമെന്ന് പി.പി. ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ അംഗമായും വൈസ് പ്രസിഡന്റായും പ്രസിഡന്റായും ചുമതല വഹിച്ചുകൊണ്ട് തന്റെ രാഷ്ട്രീയ ജീവിതത്തിലെ 15 വര്‍ഷം പൂര്‍ത്തിയാക്കിയതായും പി.പി. ദിവ്യ ചൂണ്ടിക്കാട്ടി.

സി.പി.ഐ.എം തനിക്ക് നല്‍കിയ വലിയ പരിഗണന ജില്ലാ പഞ്ചായത്തില്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതെല്ലാം മറച്ചുവെച്ച് മാധ്യമങ്ങള്‍ വാര്‍ത്താ ദാരിദ്ര്യം കാണിക്കുകയാണെന്നും പി.പി. ദിവ്യ വിമര്‍ശിച്ചു.

വേട്ടപട്ടികളുടെ ചിത്രം ലോഗോ ആക്കുന്നതായിരിക്കും ഈ മാധ്യമങ്ങള്‍ക്ക് നല്ലതെന്നും ദിവ്യയുടെ പോസ്റ്റില്‍ പറയുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിയും വരെയുള്ള എല്ലാ സ്‌ക്രിറ്റിപ്പിലും തന്നെ ഉള്‍പ്പെടുത്തുമായിരിക്കുമെന്നും പി.പി. ദിവ്യ പരിഹസിച്ചു.

അതേസമയം കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കികൊണ്ടുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് നേതൃത്വം പുറത്തുവിട്ടിരിക്കുന്നത്. ആകെയുള്ള 25 ഡിവിഷനുകളില്‍ 16ലും സി.പി.ഐ.എം മത്സരിക്കും. ഇതില്‍ 15 പേര്‍ പുതുമുഖങ്ങളാണ്.

എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയെ തുടര്‍ന്നാണ് ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. കേസിലെ ഏക പ്രതി കൂടിയാണ് പി.പി. ദിവ്യ. എന്നാല്‍ ഇതും സ്ഥാനാര്‍ത്ഥി നിര്‍ണയവും തമ്മില്‍ ബന്ധമില്ലെന്നാണ് നേതൃത്വം നല്‍കുന്ന വിശദീകരണം. നിലവിലെ പ്രസിഡന്റായ കെ.കെ. രത്‌നകുമാരിയും മത്സര രംഗത്തില്ല.

Content Highlight: P.P. Divya against reports that she was not considered in the selection of candidates for kannur district panchayat

We use cookies to give you the best possible experience. Learn more