കോഴിക്കോട്: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദപരാമര്‍ശത്തില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം.
രണ്ട് ഗുളിക അധികം കഴിച്ചാല്‍ വെള്ളാപ്പള്ളിയുടെ അസുഖം മാറുമെന്നും അദ്ദേഹത്തിന്റെ പരാമര്‍ശത്തിനോട് ആളുകള്‍ അപ്പോള്‍ തന്നെ മനസില്‍ പ്രതികരിച്ചിട്ടുണ്ടെന്നും പി.എം.എ. സലാം പ്രതികരിച്ചു. ന്യൂസ് മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിന് പ്രതികരിക്കേണ്ട ആവശ്യമില്ല. അദ്ദേഹം പറയുന്നത് കേള്‍ക്കുന്നവര്‍ തന്നെ അതിനുള്ള പ്രതികരണം മനസില്‍ പറയുന്നുണ്ട്. ഇത് അധികം മുന്നോട്ട് കൊണ്ടുപോവേണ്ട ആവശ്യമില്ല. അദ്ദേഹം രണ്ട് ഗുളിക അധികം കഴിച്ചാല്‍ സുഖമാകും,’ പി.എം.എ. സലാം പറഞ്ഞു.
ഇന്നലെ കോട്ടയത്ത് നടന്ന എസ്.എന്‍.ഡി.പി നേതൃസംഗമം പരിപാടിയിലാണ് വെള്ളാപ്പള്ളി മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയത്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പറയുന്നത് കേട്ട് ഭരിച്ചാല്‍ മതിയെന്ന സ്ഥിതിയാണ് സംസ്ഥാന സര്‍ക്കാരിനെന്നും സൂംബ വിവാദവും സ്‌കൂള്‍ സമയമാറ്റവും ഇതിന്റെ ഭാഗമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുകയാണെന്നും ഈഴവര്‍ക്ക് ഇപ്പോള്‍ പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണെന്നും വെള്ളാപ്പള്ളി പറയുകയുണ്ടായി.
കേരളത്തിലെ മറ്റിടങ്ങളില്‍ നിയമസഭാ മണ്ഡലങ്ങള്‍ കുറഞ്ഞപ്പോള്‍ മലപ്പുറത്ത് നിയമസഭാ മണ്ഡലങ്ങള്‍ കൂടുകയാണുണ്ടായതെന്നും വെള്ളാപ്പള്ളി പറഞ്ഞു. യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികള്‍ മുസ്‌ലിം സമുദായത്തെയാണ് സഹായിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മറ്റു സമുദായങ്ങള്‍ ജാതി പറഞ്ഞാണ് എല്ലാം നേടുന്നതെന്നും എന്നാല്‍ ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ ലീഗ് മുഖപത്രമായ ചന്ദ്രികയും രംഗത്ത് എത്തിയിരുന്നു. വാര്‍ത്താപ്രാധാന്യം കിട്ടാതാവുമ്പോള്‍ വിഷം ചീറ്റുന്ന ആളുകളുണ്ടെന്നും അത്തരത്തിലുള്ള ഒരാളാണ് വെള്ളാപ്പള്ളിയെന്നാണ് ചന്ദ്രിക മുഖപ്രസംഗത്തില്‍ എഴുതിയത്. ശ്രീനാരായണഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനത്തിന്റെ മുകളില്‍ ഇരുന്നാണ് മദ്യവ്യവസായിയായ അദ്ദേഹം വിദ്വേഷം വിതയ്ക്കുന്നതെന്നും പി.സി. ജോര്‍ജും വെള്ളാപ്പള്ളിയും ഒരുപോലെയാണെന്നും പത്രം വിമര്‍ശിച്ചു.
Content Highlight: P.M.A. Salam reacts to the hate speech of Vellapally Natesan