| Tuesday, 13th May 2025, 10:43 am

വിദ്യാര്‍ത്ഥികളുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുന്ന പൊലീസുകാരന്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്; വിസ്ഡം മുജാഹിദീന്‍ വിദ്യാര്‍ത്ഥി സമ്മേളനം നിര്‍ത്തിവെപ്പിച്ച നടപടിക്കെതിരെ പി.കെ. ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പെരിന്തല്‍മണ്ണയിലെ വിസ്ഡം സ്റ്റുഡന്‍സ് കോണ്‍ഫറന്‍സ് നിര്‍ത്തിവെച്ച പൊലീസ് നടപടിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. 10 മണി കഴിഞ്ഞ് ആറ് മിനുട്ട് ആയി എന്ന കാരണം പറഞ്ഞ് പൊലീസ് പരിപാടി നിര്‍ത്തി വെപ്പിച്ചത് ശുദ്ധ തോന്നിവാസമാണെന്ന് പി.കെ. ഫിറോസ് അഭിപ്രായപ്പെട്ടു.

ലഹരിക്കെതിരെ പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച സ്റ്റുഡന്‍സ് കോണ്‍ഫറന്‍സാണ് പൊലീസ് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചത്. മൂന്ന് മിനിറ്റ് കൊണ്ട് അവസാനിപ്പിക്കാമെന്ന് സംഘാടകര്‍ പറഞ്ഞ പ്രോഗ്രാമില്‍ പോലീസ് അതിക്രമിച്ച് കടന്ന് പ്രകോപനമുണ്ടാക്കിയതാണെന്നും പി.കെ. ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

പരിപാടി അവസാനിപ്പിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ തിരികെ പോകും വഴി വിദ്യാര്‍ത്ഥികളുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തിയിരുന്നു. പൊലീസുകാരന്റെ ഈ പ്രവര്‍ത്തിയേയും പി.കെ. ഫിറോസ് വിമര്‍ശിച്ചു.

വിദ്യാര്‍ത്ഥികളുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുന്ന ഈ പോലീസുദ്യോഗസ്ഥന്‍ എന്ത് സന്ദേശമാണ് പുതു തലമുറക്ക് പകര്‍ന്ന് നല്‍കുന്നതെന്ന് ചോദിച്ച ഫിറോസ് മനപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ആരുടെയോ ക്വട്ടേഷെനെടുത്ത ഈ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ഞായറാഴ്ച്ച രാത്രിയാണ് വിസ്ഡം കേരള സ്റ്റുഡന്‍സ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. എന്നാല്‍ പരിപാടി നടക്കുന്നതിനിടയിലേക്ക് കയറി വന്ന പൊലീസ് സമയം അതിക്രമിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി സമ്മേളനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ പൊലീസ് എത്തുമ്പോള്‍ പരിപാടിയുടെ സമാപന പ്രസംഗം നടക്കുകയായിരുന്നെന്നും ഉടന്‍ നിര്‍ത്താമെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ലെന്നുമാണ് സംഘാടകര്‍ പറയുന്നത്.

Content Highlight: P.K Firoz criticize police’s action against Wisdom Kerala students conference

Latest Stories

We use cookies to give you the best possible experience. Learn more