| Saturday, 5th September 2026, 5:15 pm

അയിത്ത ജാതിക്കാര്‍ സ്വയം ഹിന്ദുവെന്ന് വിളിച്ചിരുന്നില്ല; വെള്ളാപ്പള്ളിയുടെ 'നായാടി മുതല്‍ നസ്രാണി വരെ' മുദ്രാവാക്യം വര്‍ഗീയത സൃഷ്ടിക്കുന്നത്: പി. ജയരാജന്‍

റെന്വര്‍ പി

കണ്ണൂര്‍: അയിത്ത ജാതിക്കാര്‍ സ്വയം ഹിന്ദുക്കളെന്ന് വിശേഷിപ്പിച്ചിരുന്നില്ലെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. 1935ലെ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി സി. കേശവന്‍ അന്ന് ഈഴവ – മുസ്‌ലിം – ക്രിസ്ത്യന്‍ ഐക്യത്തിനായാണ് പറഞ്ഞിരുന്നതെന്നും അല്ലാതെ ഹിന്ദു ഐക്യത്തിന് വേണ്ടിയല്ല പറഞ്ഞതെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ എസ്.എന്‍.ഡിപി ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്‍ ഉന്നയിക്കുന്ന നായാടി മുതല്‍ നസ്രാണി വരെ എന്ന മുദ്രാവാക്യം മുസ്‌ലിങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ളതും വര്‍ഗീയത സൃഷ്ടിക്കുന്നതുമാണെന്നും ജയരാജന്‍ പറഞ്ഞു. സി.പി.ഐ.എം കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കഴിഞ്ഞ ദിവസം എനിക്ക് ഒരു ക്ഷേത്രസമിതിയുടെ പ്രസിഡണ്ട് ഒരു പോസ്റ്റ് അയച്ചുതന്നു. ആ പോസ്റ്റ് എന്തെന്ന് പറഞ്ഞാല്‍ എല്ലാ ഹിന്ദു ക്ഷേത്രങ്ങളിലും ശനിയാഴ്ചതോറും വൈകുന്നേരം ഏഴുമണി മുതല്‍ ഏഴരമണി വരെ വിശ്വാസികള്‍ ഒത്തുചേരണമെന്നാണ്. എന്തിനു വേണ്ടിയിട്ട്, ഹൈന്ദവ മുന്നേറ്റം. യഥാര്‍ത്ഥത്തില്‍ നമ്മള്‍ ചരിത്രം പരിശോധിക്കുന്ന അവസരത്തില്‍ ഈ അയിത്ത ജാതിക്കാരായിട്ടുള്ള ആളുകള്‍ ഹിന്ദു എന്ന് അവര്‍ സ്വയം വിശേഷിപ്പിച്ചിരുന്നില്ല,’ പി. ജയരാജന്‍ പറഞ്ഞു.

ലോകത്ത് ഒരിടത്തും ഇല്ലാത്ത ജാതിവ്യവസ്ഥയാ ഇവിടെയുള്ളത്. ലോകത്ത് എവിടെയെങ്കിലും ഇന്ത്യയിലെപോലെ ജാതിവ്യവസ്ഥ ഉണ്ടോ. ആ ജാതിയായിട്ടാണ് അറിയപ്പെട്ടിരുന്നത് ഒരിക്കലും ഹിന്ദു എന്ന് അറിയപ്പെട്ടിരുന്നില്ലെന്നും സി.പി.ഐ.എം നേതാവ് ചൂണ്ടിക്കാട്ടി.

‘1935ലെ കോഴഞ്ചേരി പ്രസംഗമുണ്ട്. എസ്.എന്‍.ഡി.പിയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന സി. കേശവന്‍ നടത്തിയത്. അന്ന് എല്ലാവര്‍ക്കും വോട്ടില്ല. സാര്‍വത്രിക വോട്ടവകാശത്തിനു വേണ്ടിയും സര്‍ക്കാര്‍ സര്‍വീസില്‍ അയിത്ത ജാതിക്കാര്‍ക്ക് അടക്കം പ്രാതിനിധ്യം വേണം എന്നും ആവശ്യപ്പെട്ടായിരുന്നു പ്രസംഗം.

ആ പ്രസംഗത്തില്‍ അദ്ദേഹം പറയുന്നത് ഈഴവ മുസ്‌ലിം ക്രിസ്ത്യന്‍ ഐക്യം വേണമെന്നാണ്. അതല്ലാതെ ഹിന്ദു ഐക്യത്തിന് വേണ്ടി അന്ന് പറഞ്ഞിരുന്നില്ല.

അങ്ങനെ ഒരു കാഴ്ചപ്പാടില്ലാതിരുന്ന വിഭാഗത്തെ അടക്കം ഇന്ന് ഹിന്ദു ഏകീകരണത്തിന്റെ ഭാഗമായി മാറ്റുകയാണ്. അതിന്റെ ഭാഗമായിട്ടാണല്ലോ അവരുടെ നായാടി മുതല്‍ നമ്പൂതിരി വരെ യോജിക്കണം എന്ന മുദ്രാവാക്യം,’ പി. ജയരാജന്‍ പറഞ്ഞു.

ഇപ്പോഴത്തെ എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയുന്നത് നായാടി മുതല്‍ നമ്പൂതിരി വരെ മാത്രം പോരാ നായാടി മുതല്‍ നസ്രാണി വരെ യോജിക്കണം എന്നാണ്. മുസ്‌ലിങ്ങളെ ഒഴിവാക്കി ക്രിസ്ത്യാനികള്‍ വരെ യോജിക്കാം എന്നാണ്. അപ്പോ അതൊക്കെ രാഷ്ട്രീയമായിട്ടുള്ള കാഴ്ചപ്പാടോടുകൂടി ഉണ്ടാക്കുന്ന ഒരു മുദ്രാവാക്യമാണ്. അത് വര്‍ഗീയത സൃഷ്ടിക്കുന്ന ഒരു മുദ്രാവാക്യം തന്നെയാണെന്നും പി. ജയരാജന്‍ പറഞ്ഞു.

ജാതീയത ഉദ്ദീപ്പിക്കുക എന്നിട്ട് വര്‍ഗീയ വോട്ട് ബാങ്ക് രൂപപ്പെടുത്തുക അതിന്റെ പദ്ധതിയുടെ ഭാഗമാണ് ഇത്തരം പ്രചാരണങ്ങള്‍. ഹിന്ദുത്വ പ്രചാരണങ്ങള്‍ക്കെതിരെ ക്യാമ്പയിന്‍ നടത്തിയതിനോടുള്ള ശത്രുത കാരണമാണ് തന്നെ തന്നെ തിരുവോണ ദിവസം വീട്ടില്‍ കയറി ഇല്ലാതാക്കാന്‍ ശ്രമിച്ചതിന്റെ പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പാരമ്പര്യത്തില്‍ തന്നെ മതനിരപേക്ഷത അടങ്ങിയിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം ക്ഷേത്രപ്രതിഷ്ഠ അത് മാത്രം നോക്കിയാല്‍ മതി. അന്ന് അയിത്ത ജാതിക്കാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പറ്റില്ല. അപ്പോള്‍ വിശ്വാസികളായിട്ടുള്ള ആളുകളോട് ഗുരു പറഞ്ഞത് നിങ്ങള്‍ക്കായി ഞാനൊരു ഈഴവ ശിവനെ പ്രതിഷ്ഠിക്കാം എന്നാണ്. നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ് ഗുരു പ്രഖ്യാപിച്ചതെന്നും പി. ജയരാജന്‍ ചൂണ്ടിക്കാട്ടി.

‘അവിടെ ഗുരു എഴുതി വെച്ച ശ്ലോകം ഉണ്ട്. ജാതിഭേദം മതദ്വേഷം ഏതുമില്ലാത്ത സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്നതാണ് ആ ശ്ലോകം. ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യമാണ് സാഹോദര്യം. അത് അക്കാലത്ത് ഗുരു മുന്നോട്ടു വെക്കുകയാണ്.

മതദ്വേഷം പാടില്ല, ജാതിഭേദം പാടില്ല, എല്ലാവരെയും സഹോദരന്മാരായിട്ട് കണക്കാക്കണം, ജാതിമത ഭേദമന്യെ എല്ലാവരെയും സഹോദരന്മാരായിട്ട് കണക്കാക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയിട്ടുള്ള ശ്രീനാരായണ ഗുരു ഉള്‍പ്പെടെയുള്ള നവോത്ഥാന നായകന്മാരാണ് ഇന്നത്തെ കേരളത്തെ രൂപപ്പെടുത്താന്‍ നേതൃത്വം കൊടുത്തത്,’ പി. ജയരാജന്‍ പറഞ്ഞു.

മതനിരപേക്ഷ എന്ന് പറയുന്നത് കേരളീയ സമൂഹത്തിന്റെ പാരമ്പര്യത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളതാണ.് അതിനെയാണ് ആര്‍.എസ്.എസ് വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അരുവിപ്പുറം ക്ഷേത്രത്തില്‍ ഗുരു എഴുതിവെച്ച ഈ ശ്ലോകം ആര്‍.എസ്.എസിന്റെ ശാഖയില്‍ ചൊല്ലിയാല്‍ പിന്നെ ആര്‍.എസ്.എസ് ഉണ്ടോ. അവരഎന്താ ചെയ്യുന്നത്. മുസ്‌ലിം വിരോധം, ക്രിസ്ത്യന്‍ വിരോധം, കമ്മ്യൂണിസ്റ്റ് വിരോധം. വിരോധമല്ലാതെ ക്രിയാത്മകമായിട് ഒന്നും അവര്‍ക്ക് കാഴ്ചപ്പാടില്ല. അപ്പോ സ്വാഭാവികമായിട്ടും മതനിരപേക്ഷത നമ്മുടെ പാരമ്പര്യവുമായി ചേര്‍ന്ന് കിടക്കുന്നുണ്ട്. അതുകൊണ്ട് അവര്‍ക്ക് കേരളത്തെ ഒരു ഗുജറാത്തി ആക്കി മാറ്റാന്‍ കഴിഞ്ഞിട്ടില്ലെന്നും പി. ജയരാജന്‍ പറഞ്ഞു.

Content Highlight: P Jayarajan Speaks  in CPIM Kannur DC podcast – Remarks About RSS Agenda

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more