തൊടുപുഴ: മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ വിസമ്മതിക്കുകയും മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത മുഖ്യമന്ത്രി വി.ഡി. സതീശനെ വിമര്‍ശിച്ച് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു പി. ജയരാജന്റെ പ്രതികരണം.
‘മാറി നില്‍ക്ക്’ എന്നെഴുതിയ ഒരു പോസ്റ്ററാണ് പി. ജയരാജന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. വി.ഡി സതീശന്റെ രൂപം കറുത്ത നിറത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളതാണ് പോസ്റ്റര്‍.
‘മാധ്യമപ്രവര്‍ത്തകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്നെ സമീപിക്കാം,’ എന്ന വാചകവും ഈ പോസ്റ്ററിനൊപ്പം അദ്ദേഹം കുറിച്ചു. തന്നെ എപ്പോള്‍ വേണമെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് സമീപിക്കാം എന്ന വി.ഡി. സതീശന്റെ മുന്‍ അവകാശവാദത്തെ ഓര്‍മിപ്പിക്കുന്നതാണ് ഈ വാചകം.
ചാര്‍ട്ടേര്‍ഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ വിസമ്മതിച്ചത്.
ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തിന് ശേഷം പുറത്തേക്ക് ഇറങ്ങവേ മാധ്യമപ്രവര്‍ത്തകര്‍ വിവാദവിഷയത്തില്‍ പ്രതികരണം തേടിയപ്പോഴായിരുന്നു സതീശന്റെ പ്രതികരണം.
‘ഞാന്‍ നിങ്ങളെ കാണുന്നില്ല,’ എന്ന് പറഞ്ഞ മുഖ്യ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് മാറിനില്‍ക്കണമെന്നുംആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരെ മാറ്റാനായി പൊലീസിനോടും ആവശ്യപ്പെട്ടു.
സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും പരാതി നല്‍കാനെത്തിയവരെ കാണട്ടെയെന്നും മുഖ്യമന്ത്രി പറയുകയും ചെയ്തിരുന്നു.
Content Highlight: P Jayarajan Facebook Post Against CM VD Satheesan