| Saturday, 30th June 2012, 3:55 pm

ജയരാജന്‍മാര്‍ കാരായിമാരെ സന്ദര്‍ശിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി : ഫസല്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കാരായി രാജനേയും ചന്ദ്രശേഖരനേയും സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും സി.പി.ഐ.എം. സംസ്ഥാന സമിതി അംഗം എം.വി. ജയരാജനും സന്ദര്‍ശിച്ചു.

ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് എറണാകുളം ജില്ലാ ജയിലെത്തിയ ജയരാജന്മാര്‍ കാരായിമാരെ സന്ദര്‍ശിച്ചത്. കേസുകളില്‍ അറസ്റ്റിലാകുന്ന പ്രവര്‍ത്തകരെ സന്ദര്‍ശിക്കുന്നത് പ്രാധാന്യമുള്ള കാര്യമല്ലെന്ന് പി. ജയരാജന്‍ സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫസല്‍ വധക്കേസില്‍ തന്നോട് സി.ബി.ഐ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫസല്‍ വധക്കേസില്‍ ഏഴാം പ്രതിയാണ് സി.പി.ഐ.എം തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ കാരായി ചന്ദ്രശേഖരന്‍. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കാരായി രാജന്‍ എട്ടാം പ്രതിയും. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഇരുവരും എറണാകുളം സി.ജെ.എം കോടതിയില്‍ കീഴടങ്ങിയത്.

ഇന്നലെ ഇവരെ ഒരാഴ്ച്ചത്തേക്ക് എറണാകുളം സി.ജെ.എം കോടതി സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടെങ്കിലും വൈകുന്നേരത്തോടെ ഹൈക്കോടതിഉത്തരവ് സ്‌റ്റേ ചെയ്യുകയായിരുന്നു.

2006 ഒക്ടോബര്‍ 22 ന് പുലര്‍ച്ചെയാണ് എന്‍.ഡി.എഫ് പ്രവര്‍ത്തകനായ മുഹമ്മദ്  ഫസല്‍ തലശ്ശേരി മാടപ്പീടികയ്ക്ക് സമീപം വെച്ച് വെട്ടേറ്റു മരിച്ചത്. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസുകാരാണെന്നായിരുന്നു ആദ്യം ആരോപണം ഉയര്‍ന്നത്. സി.ബി.ഐ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് കണ്ടെത്തിയത്.

ഫസലിന്റെ ഭാര്യയുടെ ഹരജിയെ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവനുസരിച്ചാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. ഫസല്‍ സി.പി.ഐ.എം വിട്ട് എന്‍.ഡി.എഫിലേക്ക് മാറിയതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

സി.പി.ഐ.എം തലശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്നു കാരായി രാജന്‍. സി.പി.ഐ.എം തലശേരി തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയാണ് കാരായി ചന്ദ്രശേഖരന്‍. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ കാരായി രാജനെ കേസിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയിരുന്നു.

We use cookies to give you the best possible experience. Learn more