| Friday, 28th June 2019, 10:36 am

ശ്യാമള ടീച്ചറിന്റെ ഭാഗത്ത് വീഴ്ച ഉണ്ട്; ടീച്ചര്‍ അത് ഉള്‍ക്കൊള്ളണം; പി.കെ ശ്യാമളയെ തള്ളി വീണ്ടും പി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് ആവര്‍ത്തിച്ച് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ജയരാജന്‍. ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ നഗരസഭാ അധ്യക്ഷയ്ക്ക് വീഴ്ച പറ്റിയെന്നും അത് അംഗീകരിക്കണമെന്നും ജയരാജന്‍ സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

”പാര്‍ട്ടി വേറെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നടത്തിപ്പ് വേറെ. നിയമാനുസൃതമായ ചുമതലകളാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്നത്. പാര്‍ട്ടിക്ക് തദ്ദേശഭരണ സ്ഥാപനങ്ങളുടെ കാര്യത്തില്‍ നേരിട്ടു നിര്‍ദ്ദേശം കൊടുക്കാന്‍ പറ്റില്ല.

സാജന്‍ പാറയില്‍ എന്ന പ്രവാസി വ്യവസായി 15 കോടിയോളം മുടക്കി ബക്കളത്ത് ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. അതിനു കെട്ടിടനിര്‍മ്മാണച്ചട്ടത്തിന്റെ ലംഘനം ഉണ്ട് എന്നു കണ്ടുകൊണ്ട് നഗരസഭാ അധികൃതര്‍ നോട്ടീസ് നല്‍കി. പിന്നീട് അതു പൊളിച്ചുനീക്കാനുള്ള നോട്ടീസും കൊടുത്തു.

ആ ഘട്ടത്തില്‍ അവര്‍ മന്ത്രിക്കു പരാതി കൊടുത്തു. തദ്ദേശഭരണവകുപ്പിന്റെ കോഴിക്കോട് സൂപ്രണ്ടിങ്ങ് എഞ്ചിനീയറോട് അതു സംബന്ധിച്ച് അന്വേഷിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. അതു ഫലം ചെയ്തില്ല എന്നു വന്നപ്പോഴാണ് സി.പി.ഐ.എം ജില്ലാ സെക്രട്ടറി എന്ന നിലയ്ക്ക് എന്നെ കാണാന്‍ വന്നത്.

ഞാന്‍ ഒരു ജനപ്രതിനിധിയല്ല. പക്ഷേ, സി.പി.ഐ.എമ്മിന്റെ ജില്ലാ സെക്രട്ടറിയാണ്. ആ നിലയ്ക്ക് എന്തുകൊണ്ടാണ് അനുമതി കൊടുക്കാത്തത് എന്ന കാര്യം അന്വേഷിച്ചു. പൊളിച്ചുനീക്കാന്‍ നോട്ടീസ് കൊടുത്തത് എന്തുകൊണ്ടാണെന്നും ഞാന്‍ അന്വേഷിച്ചു. അതന്വേഷിച്ചപ്പോള്‍ കെട്ടിടനിര്‍മ്മാണച്ചട്ടത്തിന്റെ ലംഘനമുണ്ടായി എന്നായിരുന്നു മറുപടി.

സ്വാഭാവികമായും അതു ക്രമവല്‍ക്കരിക്കാനുള്ള നിര്‍ദ്ദേശമാണ് ഞാന്‍ നഗരസഭയ്ക്കു മുന്‍പാകെ വെച്ചത്. അതുപ്രകാരം ജില്ലാ ടൗണ്‍ പ്ലാനറുടെ നേതൃത്വത്തിലുള്ള ഒരു സമിതിയോട് ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ നടത്താന്‍ ആവശ്യപ്പെട്ടു. ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ട് പ്രകാരം ന്യൂനതകള്‍ പരിഹരിച്ച് പാര്‍ത്ഥാസ് ബില്‍ഡേഴ്‌സ് വീണ്ടും നഗരസഭയ്ക്ക് ഏപ്രില്‍ മാസം അപേക്ഷ കൊടുത്തു. അതിനുശേഷവും കാലതാമസം വന്നു എന്നതാണ് സാജനെ വല്ലാതെ വിഷമിപ്പിച്ചതും ഇത്തരത്തില്‍ ദാരുണമായ അന്ത്യം അദ്ദേഹത്തിന് ഉണ്ടായതും. അതില്‍ അങ്ങേയറ്റം ദു:ഖമുണ്ട്.

ഒരു നിക്ഷേപകനെ ദ്രോഹിക്കുന്ന നിലപാട് അവിടുത്തെ സെക്രട്ടറി, എഞ്ചിനീയര്‍, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ സ്വീകരിച്ചതിനാലാണ് സര്‍ക്കാര്‍ അവര്‍ക്കെതിരെ നടപടിയെടുത്തത്. കെട്ടിടനിര്‍മ്മാണച്ചട്ടം അനുസരിച്ച് അനുമതി കൊടുക്കേണ്ടതും മറ്റും ഉദ്യോഗസ്ഥന്മാരാണ്. എന്നാല്‍, സി.പി.ഐ.എമ്മിന്റെ ജില്ലാക്കമ്മിറ്റി അംഗം കൂടിയായ ശ്യാമളടീച്ചറാണ് അവിടുത്തെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍. അവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ട്. ശ്യാമളടീച്ചറിന്റെ ഭാഗത്ത് വീഴ്ച ഉണ്ട്. അത് ടീച്ചര്‍ ഉള്‍ക്കൊള്ളണം.”- എന്നായിരുന്നു ജയരാജന്‍ പറഞ്ഞത്.

ആന്തൂര്‍ വിഷയത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമളയ്ക്ക് തെറ്റു പറ്റിയിട്ടില്ലെന്നാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്. പി.കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് നിയമസഭയിലടക്കം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ശ്യാമളയ്ക്കു വീഴ്ച പറ്റിയെന്ന് പരസ്യ നിലപാടെടുത്ത ജയരാജനെ തള്ളിയായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍.

We use cookies to give you the best possible experience. Learn more