കണ്ണൂര്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തും ശുദ്ധീകരണം ആവശ്യമാണെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. ദീര്‍ഘ കാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തകര്‍ വിട്ടുപോയത് ഗൗരവമായി പരിശോധിക്കണമെന്നും ജയരാജന്‍ പറഞ്ഞു. സി.പി.ഐ.എം കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വിയാണ് ഉണ്ടായത്. അപ്പോള്‍ ആ തോല്‍വി പരിശോധിക്കുന്നതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അതിന്റെതായിട്ടുള്ള സംഘടന രീതിയുണ്ട്. വന്നിട്ടുള്ള തെറ്റുകള്‍ക്കും പോരായ്മകള്‍ക്കും തെറ്റായിട്ടുള്ള പ്രവണതകള്‍ക്കും എതിരായിട്ടുള്ള ഉള്‍പ്പാര്‍ട്ടി സമരം പാര്‍ട്ടിക്കകത്ത് നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അത് ഇനിയും നടക്കാന്‍ വേണ്ടി പോവുകയാണ്. അപ്പോള്‍ ശുദ്ധീകരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തും ആവശ്യമാണ്. തെറ്റായിട്ടുള്ള പ്രവണതക്ക് വിധേയമായിട്ടുള്ള ആളുകള്‍ ഈ പാര്‍ട്ടിക്കകത്ത് ഉണ്ടെങ്കില്‍ അത് പരിശോധിക്കുക തിരുത്തുക. ഈ പ്രക്രിയ പാര്‍ട്ടിക്കകത്ത് ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യപരമായി പാര്‍ട്ടിക്കകത്ത് മെമ്പര്‍മാര്‍ക്ക് പറയാനുള്ള അവകാശം കൊടുത്തുകൊണ്ട് അവരുടെ അഭിപ്രായങ്ങള്‍ കൂടി കേട്ടുകൊണ്ടുള്ള ഒരു തെറ്റുതിരുത്തല്‍ പ്രക്രിയയാണ് പാര്‍ട്ടിക്കകത്ത് നടത്താന്‍ വേണ്ടി പോകുന്നത്. അത് അത് ആണ് കേരളത്തിലെ പാര്‍ട്ടിക്ക് മുന്നോട്ടു പോകാനുള്ള വഴി തുറക്കുക.
ടി.കെ ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും ജി. സുധാകരനും അടക്കമുള്ള നേതാക്കള്‍ സി.പി.ഐ.എം വിട്ടു പോയത് പാര്‍ട്ടി ഗൗരവത്തോടെ പരിശോധിക്കണമെന്നും പി ജയരാജന്‍ അഭിപ്രായപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് ഗൗരവമായി പരിശോധിക്കേണ്ട ഒരു കാര്യമാണ്. കാരണം ദീര്‍ഘകാല പ്രവര്‍ത്തന അനുഭവമുള്ള ചില കേഡര്‍മാരാണ് ശത്രുക്കളുടെ ആയുധകമായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എമ്മിനകത്ത് വല്ല പോരായ്മയും വരുന്നുണ്ടെങ്കില്‍ അത് പാര്‍ട്ടിക്കകത്ത് ഉന്നയിച്ച് പരിഹാരം കാണും. അതിനുള്ള ജനാധിപത്യ സംവിധാനം ഇവിടെയുണ്ട്. അതിനുപകരം പുറത്ത് സി.പി.ഐ.എമ്മിനെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന വിരുദ്ധ ശക്തികളോടൊപ്പം ചേര്‍ന്നുകൊണ്ട് പാര്‍ട്ടിയെ കടന്നാക്രമിക്കുന്ന തെറ്റിലേക്കാണ് അവര്‍ പോയിട്ടുള്ളതെന്നും പാര്‍ട്ടി വിട്ട നേതാക്കളെക്കുറിച്ച് ജയരാജന്‍ പറഞ്ഞു.
താത്ക്കാലികമായിട്ട് അവര്‍ക്ക് വിജയം ഉണ്ടായിട്ടുണ്ട്. അത് ജനങ്ങളോട് ആ കാര്യങ്ങളൊക്കെ ബോധ്യപ്പെടുത്തി അത്തരം പോരായ്മകള്‍ ഭാവിയില്‍ ഇല്ലാതിരിക്കാന്‍ വേണ്ടിയുള്ള പരിശ്രമങ്ങള്‍ പാര്‍ട്ടി നടത്തും. അത് പാര്‍ട്ടി പരസ്യമായിട്ട് പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി ഈ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് എന്താണ് കാരണം എന്ന് കൃത്യമായി പരിശോധിച്ചിട്ടുണ്ട്. സ്വതന്ത്രവും ഉള്ളു തുറന്നതുമായ ചര്‍ച്ച നിങ്ങള്‍ക്ക് നടത്താമെന്നാണ് പാര്‍ട്ടി നേതൃത്വം മെമ്പര്‍മാരോട് പറഞ്ഞത്. അങ്ങനെ സ്വതന്ത്രമായിട്ടുള്ള ചര്‍ച്ചയില്‍ പാര്‍ട്ടി മെമ്പര്‍മാര്‍ അവരുടെ മനസ്സില്‍ ആ അടിഞ്ഞുകൂടിയിട്ടുള്ള പല സംശയങ്ങളെക്കുറിച്ചും പരസ്യമായമായിട്ട് തുറന്നടിച്ചിട്ടുണ്ടെന്നും ജയരാജന്‍ അറിയിച്ചു.
ഈ ഒരു പ്രോസസ് സി.പിഐ.എമ്മിനകത്ത് നടന്നതിന്റെ അടിസ്ഥാനത്തിലാണ് ഒടുവില്‍ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി രേഖ അംഗീകരിച്ചത്. അതോട് കൂടി അവസാനിക്കുന്നില്ല. ആ രേഖയെ അടിസ്ഥാനപ്പെടുത്തി വന്നിട്ടുള്ള തെറ്റുകള്‍ പോരായ്മകള്‍ തെറ്റായിട്ടുള്ള പ്രവണതകള്‍ അതിനെതിരായിട്ടുള്ള ഉള്‍പാര്‍ട്ടി സമരം പാര്‍ട്ടിക്കകത്ത് നടന്നു. ഇനിയും നടക്കാന്‍ വേണ്ടി പോവുകയാണ്.
അതിന്റെ ഭാഗമായിട്ടാണ് സെപ്റ്റംബര്‍ 13, 14, 15 തീയതികളില്‍ സി.പി.ഐ.എമ്മിന്റെ വിശാലമായിട്ടുള്ള സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട് ചേരുന്നത്. ഇനി അങ്ങോട്ട് എങ്ങനെ കേരളത്തിലെ സി.പി.ഐ.എമ്മിനും എല്‍.ഡി.എഫിനും മുന്നോട്ടു പോകാം എന്നതിന്റ ഇതിന്റെ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: P Jayarajan About Election Failure of CPIM