പത്തനംതിട്ട: എസ്.എഫ്.ഐയെ പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍. എസ്.എഫ്.ഐയുടെ സര്‍വകലാശാല സമരത്തെ പുകഴ്ത്തിയ അദ്ദേഹം യൂത്ത് കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളേയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളേയും വേദിയില്‍ ഇരുത്തിയായിരുന്നു പി.ജെ. കുര്യന്റെ വിമര്‍ശനം.
എസ്.എഫ്.ഐയുടെ സംഘടനാ രീതി അുസരിച്ച് ക്ഷുഭിത യൗവനത്തെ നിലനിര്‍ത്തുവെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു മണ്ഡലത്തില്‍ പോയി 25 ചെറുപ്പക്കാരെ വിളിച്ച് ചേര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാര്യമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
എന്തൊക്കെ എതിര്‍ പ്രചാരണങ്ങള്‍ ഉണ്ടെങ്കിലും എസ്.എഫ്.ഐയുടെ സംഘടനാശക്തി ശക്തമാണെന്നും പി.ജെ കുര്യന്‍ പറഞ്ഞു. സര്‍വകലാശാലയില്‍ അഗ്രസീവായ യൂത്തിനെ അവര്‍ നിര്‍ത്തുന്നുവെന്നും നമുക്ക് അഗ്രസീവായ യൂത്ത് ഒന്നും വേണ്ടെങ്കിലും ഒരു മണ്ഡലത്തില്‍ 25 പേരെ കൊണ്ടുവരാന്‍ സാധിച്ചാല്‍ മതിയെന്നുമാണ് പി.ജെ കുര്യന്‍ പറഞ്ഞത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. യുവജനങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് അകലുകയാണെന്നും 75 പേരെങ്കിലും ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് അഞ്ച് ചെറുപ്പക്കാര്‍ പോലും ഇല്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ പറഞ്ഞതുപോലെ കേട്ടിരുന്നെങ്കില്‍ പത്തനംതിട്ട ജില്ലയില്‍ മൂന്ന് സീറ്റുകള്‍ അധികം കിട്ടുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടൂര്‍ പ്രകാശ് അടക്കമുള്ള നേതാക്കള്‍ തന്റെ അഭിപ്രായം അവഗണിച്ചുവെന്നും ഇത്തവണയും സ്ഥാനാര്‍ത്ഥികളെ അടിച്ചേല്‍പ്പിക്കാനാണ് ശ്രമമെങ്കില്‍ കനത്ത പരാജയമാണ് കാത്തിരിക്കുന്നതെന്നും പി.ജെ. കുര്യന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: P.J. Kurian praises S.F.I and criticise Youth congress