| Saturday, 27th June 2020, 12:43 pm

15 വര്‍ഷം മുമ്പ് രാജീവ് ഗാന്ധി ഫൗണ്ടേഷന് ലഭിച്ച ഫണ്ടും 2020ലെ ഇന്ത്യന്‍ അതിര്‍ത്തിയിലെ കടന്നുകയറ്റവും തമ്മില്‍ എന്താണ് ബന്ധം? നദ്ദയ്ക്ക് ചിദംബരത്തിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് സര്‍ക്കാരില്‍ നിന്നും പണം വാങ്ങിയെന്ന ബി.ജെ.പി ആരോപണത്തിന് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദ പറയുന്നത് അര്‍ധസത്യമാണെന്ന് പി. ചിദംബരം പറഞ്ഞു.

2005ലെ മന്‍മോഹന്‍സിംഗ് ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് പണം എത്തിയത് സംബന്ധിച്ച് ഒളിച്ചു കളിക്കുന്നതെന്താണെന്നാണ് ചിദംബരം ചോദിച്ചത്.

‘ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ അര്‍ധ സത്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ആന്‍ഡമാന്‍ ആന്‍ഡ് നികോബാറിലെ സുനാമി പ്രവര്‍ത്തനങ്ങള്‍ക്കായി 2005ലെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 2 കോടി രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് നല്‍കിയിരുന്നെന്ന സത്യം എന്തുകൊണ്ടാണ് ബി.ജെ.പി ഒളിച്ചുവെക്കാന്‍ ശ്രമിക്കുന്നത്,’ പി. ചിദംബരം ചോദിച്ചു.

15 വര്‍ഷം മുമ്പ് രാജീവ് ഗാന്ധി ഫൗണ്ടേഷന് ലഭിച്ച ഫണ്ട് 2020ലെ മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യന്‍ അതിര്‍ത്തിയിലുണ്ടായ കടന്നുകയറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെയാണെന്നും ചിദംബരം ചോദിച്ചു.

ചൈനയ്ക്കനുകൂലമായി കോണ്‍ഗ്രസ് ഭരണകാലത്ത് വ്യാപാര കരാര്‍ ഉണ്ടാക്കിയതിന് തെളിവുകളുണ്ടെന്ന് കാണിച്ച് നദ്ദ വെള്ളിയാഴ്ച ചില രേഖകള്‍ പുറത്തു വിട്ടിരുന്നു. മോദി ചൈനയോട് അടിയറവു പറഞ്ഞെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു നദ്ദ രംഗത്തെത്തിയത്.

ബി.ജെ.പിയുടെ ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യയും കോണ്‍ഗ്രസിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ചൈനീസ് എംബസിമാത്രമല്ല, ചൈനീസ് സര്‍ക്കാരുതന്നെ രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം നല്‍കിയിരുന്നുവെന്നായിരുന്നു മാളവ്യ ട്വീറ്റ്‌ചെയ്തത്.

2005ലെ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ അധ്യക്ഷ സോണിയാഗാന്ധിയായിരുന്നു. ഡോ. മന്‍മോഹന്‍സിംഗ്, രാഹുല്‍ഗാന്ധി, പി. ചിദംബരം, പ്രിയങ്ക ഗാന്ധി തുടങ്ങിയവരായിരുന്നു ബോര്‍ഡംഗങ്ങള്‍.

ആരോപണങ്ങളെ തള്ളിയ കോണ്‍ഗ്രസ് ഇന്ത്യ ചൈന തര്‍ക്കത്തെ വഴിതിരിച്ച് വിടാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more