| Friday, 10th April 2026, 6:40 pm

പി.സി. ജോര്‍ജിനെ പോലുള്ള രാഷ്ട്രീയ കോമരങ്ങള്‍ കേരളത്തിന് അപമാനം; ആവശ്യം കഴിഞ്ഞാല്‍ തള്ളിപ്പറയുന്നത് സ്ഥിരം: കത്തോലിക്ക കോണ്‍ഗ്രസ്

അനിത സി

കോട്ടയം: തെരഞ്ഞെടുപ്പിന് പിന്നാലെ കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരെ വിമര്‍ശനമുന്നയിച്ച ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്.

സഭയെയും സഭാ നേതൃത്വത്തെയും മനപൂര്‍വം മോശക്കാരാക്കാനുള്ള ശ്രമമാണ് പി.സി. ജോര്‍ജ് നടത്തുന്നതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പി.സി. ജോര്‍ജിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സഭയെ ഉപയോഗിക്കുകയും അത് കഴിഞ്ഞാല്‍ അതേ സഭയെ അധിക്ഷേപിക്കുകയും ചെയ്യുന്ന ജോര്‍ജിന്റെ ശൈലി അവസരവാദ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ പറയുന്നത് പി.സി. ജോര്‍ജിന്റെ സ്ഥിരം ശൈലിയാണ്. ഇത്തരത്തിലുള്ള രാഷ്ട്രീയ കോമരങ്ങള്‍ കേരള രാഷ്ട്രീയത്തിന് തന്നെ അപമാനമാണ്.

സഭയെയും മെത്രാനെയും അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം നിലപാടുകള്‍ വിശ്വാസികള്‍ തള്ളിക്കളയുമെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സഭാനേതൃത്വത്തെ അധിക്ഷേപിക്കുന്നത് തുടരുകയാണെങ്കില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പ്രസ്താവനയിലൂടെ അറിയിച്ചു.

വോട്ടെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് പി.സി.ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും കാഞ്ഞിരപ്പള്ളി രൂപത മെത്രാനും സഭയ്ക്കുമെതിരെ രംഗത്തെത്തിയത്.

കാഞ്ഞിരപ്പള്ളി ബിഷപ്പ് എല്ലാ മഠങ്ങളിലേക്കും വിളിച്ച് യു.ഡി.എഫിന് വോട്ട് ചെയ്യാന്‍ പറഞ്ഞുവെന്നായിരുന്നു പി.സി. ജോര്‍ജിന്റെ ആരോപണം. ബിഷപ്പ് കാണിച്ചത് മര്യാദ കേടാണെന്നും സഭയ്ക്ക് ഗുണം ലഭിച്ചത് തന്നെ കൊണ്ടാണെന്നും പി.സി. ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം, കത്തോലിക്ക സഭയിലെ ചില നേതാക്കളും മുഖപത്രമായ ദീപികയും ബി.ജെ.പിക്കെതിരെ നിലപാടെടുത്തെന്നായിരുന്നു ഷോണ്‍ ജോര്‍ജിന്റെ ആരോപണം.

എഫ്.സി.ആര്‍.എ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കാതെ മാറ്റിവെച്ചത് തങ്ങളുടെ സമ്മര്‍ദ പ്രകാരമായിരുന്നു. സഭയ്ക്ക് തങ്ങളെ വേണ്ടെങ്കില്‍ തങ്ങള്‍ക്കും സഭയെ വേണ്ടെന്ന നിലപാടെടുക്കുമെന്ന് ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സഭയ്ക്ക് വേണ്ടി ബി.ജെ.പിയില്‍ സമ്മര്‍ദം ചെലുത്തുമ്പോള്‍ ബി.ജെ.പി നേതൃത്വം ദീപിക എടുത്തുവെച്ച് തിരിച്ച് ചോദിക്കില്ലെയെന്നും ഷോണ്‍ ജോര്‍ജ് വാദിച്ചിരുന്നു. വിവിധ മുന്നണികള്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്നവര്‍ സഭയിലുണ്ടെന്നും ഷോണ്‍ പറഞ്ഞിരുന്നു.

Content Highlight: P.C. George is  a disgrace to Kerala: ​​Catholic Congress

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more