| Thursday, 2nd May 2013, 12:31 pm

ജെ.പി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് ചാക്കോയെ മാറ്റില്ലെന്ന് സ്പീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതി കേസ് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പി.സി.ചാക്കോയെ മാറ്റില്ല.

പി.സി.ചാക്കോയെ ജെപിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ മീരാകുമാര്‍ തള്ളി. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. []

ചെയര്‍മാനെ മാറ്റുന്ന രീതിയില്‍ നടപടിക്രമമില്ലെന്നും പ്രതിപക്ഷം ഇത് അംഗീകരിക്കണമെന്നും സ്പീക്കര്‍ മീരാ കുമാര്‍ ആവശ്യപ്പെട്ടു.

ബി.ജെ.പി, സി.പി.ഐ.എം, സി.പി.ഐ, ബി.ജെ.ഡി, ജെ.ഡി(യു), തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ പാര്‍ട്ടികളാണ് ചാക്കോയെ നീക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നത്.

2ജി സ്‌പെക്ട്രം അഴിമതിക്കേസിലെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ജെ.പി.സി അധ്യക്ഷ  സ്ഥാനത്ത് നിന്ന്  ലോക്‌സഭാ സ്പീക്കര്‍ നീക്കുന്നെങ്കില്‍ നീക്കട്ടെയെന്ന് പി.സി ചാക്കോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സംയുക്ത പാര്‍ലമെന്ററി സമിതിയിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ജെ.പി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുന്ന കാര്യം ആലോചിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തന്റെ രാജി നേരിട്ട് ആവശ്യപ്പെടാതെ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാറിനെ സമീപിക്കുകയാണ് ജെ.പി.സിയിലെ പ്രതിപക്ഷാംഗങ്ങള്‍ ചെയ്തതെന്ന്  ചാക്കോ ചൂണ്ടിക്കാട്ടി.

30 അംഗ സമിതിയിലെ 15 അംഗങ്ങളും തന്നെ നീക്കണമെന്ന് ആവശ്യപ്പെട്ടത് സ്പീക്കറോടാണ്. അക്കാര്യത്തില്‍ സ്പീക്കര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ 2ജി വിഷയത്തില്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും കുറ്റക്കാരാണെന്നു തെളിയിക്കുന്നതിനു വേണ്ട ഫയലോ രേഖകളോ ജെ.പി.സിക്കു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

അതിനാലാണ് കരട് റിപ്പോര്‍ട്ടില്‍ ഇരുവരെയും ഉള്‍പ്പെടുത്താത്തതെന്നും, 30 അംഗങ്ങളുള്ള സമിതിയില്‍ ഇരുവരെയും വിളിച്ചു വരുത്തുന്ന കാര്യത്തില്‍ ഭൂരിപക്ഷ അഭിപ്രായം ഉണ്ടായില്ലെന്നും ചാക്കോ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more