| Tuesday, 14th April 2026, 10:11 pm

നിങ്ങളാരാണെന്ന് ഭരണകൂടം തീരുമാനിക്കുമ്പോള്‍; പുതിയ ട്രാന്‍സ്‌ജെന്‍ഡര്‍ നിയമം, ഭരണഘടനാ ധാര്‍മികതയുടെ പിന്‍നടത്തം

പി.ബി ജിജീഷ്

2014ല്‍ ഇന്ത്യന്‍ സുപ്രീം കോടതി സമീപകാല ചരിത്രത്തില്‍ വളരെ അപൂര്‍വമായി മാത്രം ചെയ്യാവുന്ന ഒരു കാര്യത്തിന് തയ്യാറായി. സമൂഹത്തിന്റെ അരികുകളിലേക്ക് പുറന്തള്ളപ്പെട്ട മനുഷ്യരുടെ ആവലാതികള്‍ക്ക് ചെവി കൊടുത്തു. അങ്ങനെ നമ്മുടെ ഭരണഘടനാ സംവാദങ്ങള്‍ക്ക് നവീനമായൊരു ഭാഷ കൈവന്നു.

നിയമവൃത്തങ്ങളില്‍ പുതിയൊരു കാഴ്ചപ്പാടിന്റെ വെളിച്ചം പ്രസരിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി, ലിംഗ വ്യക്തിത്വം അഥവാ ജെന്‍ഡര്‍ ഐഡന്റിറ്റി ഒരു വൈദ്യശാസ്ത്ര പ്രശ്‌നമോ, സാമൂഹ്യ ആനുകൂല്യമോ അല്ലെന്നും, മനുഷ്യാന്തസിന്റെ അലംഘനീയമായ ഭാഗമാണെന്നും രാജ്യത്തിന്റെ പരമോന്നത നീതിപീഠം വിധിയെഴുതി.

സുപ്രീം കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നവർ

സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശം ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 21ന്റെ ഭാഗമാണ് സ്വന്തം ലിംഗം ഏതെന്ന് തിരിച്ചറിയുവാനും നിര്‍ണയിക്കുവാനുമുള്ള അവകാശമെന്ന് കോടതി പ്രസ്താവിച്ചു. 12 വര്‍ഷങ്ങള്‍ക്ക് ശേഷം, ആ വാഗ്ദാനത്തില്‍ നിന്ന് പിന്നോട്ട് നടക്കുവാന്‍ പാര്‍ലമെന്റ് തീരുമാനിച്ചിരിക്കുന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ പേഴ്‌സണ്‍സ് (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ്) ഭേദഗതി നിയമം 2026, ഒരു നിയമഭേദഗതി മാത്രമല്ല, നമ്മുടെ രാജ്യം എങ്ങനെയാണ് വ്യക്തികളുടെ അസ്തിത്വം അംഗീകരിക്കുന്നത് എന്നതിന്റെ അടിസ്ഥാന തത്വത്തെ അട്ടിമറിക്കുകയാണ് ചെയ്യുന്നത്.

നിയമഭേദഗതിക്കെതിരെ ഒഡീഷ കിണ്ണര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പ്രതിഷേധം

സുപ്രീം കോടതിയുടെ നിര്‍വചനമനുസരിച്ച്, ഭരണഘടന മനുഷ്യന്റെ സ്വയം നിര്‍ണായാവകാശത്തെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ പുതിയ നിയമം അത് ബ്യൂറോക്രസിക്ക് മുന്നില്‍ തെളിയിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്.

സ്വയം നിര്‍ണയത്തില്‍ നിന്ന് സാക്ഷ്യപ്പെടുത്തലിലേക്ക്

2014ലെ നാല്‍സ വിധിക്കും, 2018-ലെ പുട്ടസ്വാമി കേസിലെ സ്വകാര്യതാ വിധിക്കും ശേഷം, ലൈംഗിക വ്യക്തിത്വത്തെക്കുറിച്ച് ഇന്ത്യന്‍ നിയമഭാഷണങ്ങളില്‍ വലിയ മാറ്റമുണ്ടായി. അതിന്റെ തുടര്‍ച്ചയായിട്ടാണ് 2019ലെ ട്രാന്‍സ്‌ജെന്‍ഡര്‍ നിയമം വരുന്നത്. എന്തൊക്കെ കുറവുകള്‍ ഉണ്ടായിരുന്നുവെങ്കിലും സുപ്രീംകോടതി വിധിയിലെ അടിസ്ഥാന തത്വങ്ങളെ ആ നിയമം ഉള്‍ക്കൊണ്ടിരുന്നു.

അതില്‍ ഏറ്റവും പ്രധാനം, സ്വന്തം ഐഡന്റിറ്റി സ്വയം തിരിച്ചറിയുക എന്നുള്ളതായിരുന്നു. നിയമത്തിലെ വകുപ്പ് 4(2) സ്വയം നിര്‍ണയ അവകാശത്തെ അംഗീകരിക്കുന്നതായിരുന്നു. ഒരാള്‍ താനാരാണെന്ന് ആരുടെ മുന്നിലും തെളിയിക്കേണ്ട ആവശ്യമില്ല, സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകുമായിരുന്നു. 2026ലെ ഭേദഗതിയിലൂടെ ആ അവകാശം നീക്കം ചെയ്തിരിക്കുന്നു.

പുതിയ സംവിധാനത്തില്‍, ഒരാളുടെ ലൈംഗിക വ്യക്തിത്വം നിര്‍ണയിക്കുന്നത് മെഡിക്കല്‍ ബോര്‍ഡ് വഴിയാണ്. അവരത് ജില്ലാ മജിസ്‌ട്രേറ്റിന് റിപ്പോര്‍ട്ട് ചെയ്യും.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയുടെ നിര്‍വചനവും വളരെ സങ്കുചിതമാക്കി. സ്വയം നിര്‍ണയിക്കാനുള്ള അവകാശം ഒഴിവാക്കി ശസ്ത്രക്രിയയിലൂടെയും മറ്റും ലിംഗഭേദം വരുത്തിയവര്‍ എന്നു മാത്രമാക്കി.

സമൂഹം കല്‍പ്പിച്ചു നല്‍കിയ, അല്ലെങ്കില്‍ ജൈവപരമായി കൃത്യമായി നിര്‍ണയിക്കപ്പെട്ട അതിരുകള്‍ക്കപ്പുറത്തുള്ള മനുഷ്യരെയെല്ലാം പുറന്തള്ളുന്ന തരത്തിലായി.

ഫലത്തില്‍, ഈ നിയമം പാസായതോടുകൂടി, ”നിങ്ങള്‍ നിങ്ങള്‍ക്ക് തോന്നുന്നതുപോലെയുള്ള ആളല്ല, നിങ്ങളാരാണെന്ന് ഞങ്ങള്‍ പറയും” എന്ന് ഭരണകൂടം മനുഷ്യരോട് പറയുകയാണ്. ഇത് കേവലം നിയമപരമായ വ്യത്യാസമല്ല, സൈദ്ധാന്തികമായ നിലപാട് മാറ്റമാണ്.

ഭരണഘടനാപരമായ വൈരുദ്ധ്യം

നമ്മുടെ ഭരണഘടനാ പദ്ധതിയുടെ അന്തസത്തയെ നിരാകരിക്കും വിധമുള്ള നിയമമാണിത്. നാല്‍സ വിധിയില്‍ സുപ്രീം കോടതി, ഭരണഘടനയുടെ അനുച്ഛേദം 15ല്‍ പ്രതിപാദിക്കുന്ന ‘ലിംഗം’ ജെന്‍ഡര്‍ ഐഡന്റിറ്റിയെ ഉള്‍ക്കൊള്ളുന്നതാണെന്ന് വ്യാഖ്യാനിക്കുകയുണ്ടായി.

ലിംഗപരമായ സ്വയം നിര്‍ണയ അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ, അനുച്ഛേദം 21ന്റെ, ഭാഗമാണമായിരുന്നു കോടതി നിലപാട്. 2018ലെ സ്വകാര്യതാവിധിയില്‍, മനുഷ്യന്റെ സ്വയം നിര്‍ണയ അവകാശം സ്വകാര്യതയുടെ ഭാഗമാണെന്ന വ്യാഖ്യാനത്തിലൂടെ ഈ അവകാശത്തെ വിപുലീകരിച്ചു.

ഈ പശ്ചാത്തലത്തില്‍, സ്വയം ആരാണെന്ന് ഒരു മനുഷ്യന്‍ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ പോയി തെളിയിക്കേണ്ടി വരുന്നത്, ഭരണഘടന വിരുദ്ധമാണെന്ന് പറയേണ്ടിവരും.

ട്രാന്‍ഡസ്‌ജെന്‍ഡര്‍ അമെന്‍ഡ്‌മെന്റ് ബില്ലിനെതിരെ കേരളത്തില്‍ നടന്ന പ്രതിഷേധത്തില്‍ നിന്നും. Photo: Sheetal Shyam/Facebook.com

ഭരണഘടനാപരമായി ഉറപ്പു നല്‍കിയിട്ടുള്ള 3 കാര്യങ്ങള്‍ ഇവിടെ ലംഘിക്കപ്പെടുന്നുണ്ടെന്ന് കാണാം. ആദ്യമായി, മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരായി സ്വന്തം ലൈംഗിക വ്യക്തിത്വം തെളിയിക്കേണ്ടി വരുന്നതിലൂടെ മനുഷ്യാന്തസ്സിനെയാണ് വെല്ലുവിളിക്കുന്നത്.

രണ്ട്, വളരെ സ്വകാര്യമായ വൈദ്യശാസ്ത്ര വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടി വരുന്നതിലൂടെ സ്വകാര്യതയുടെ ലംഘനവുമാകുന്നു. മൂന്നാമതായി, സ്വന്തം വ്യക്തിത്വം നിര്‍ണയിക്കാനുള്ള അവകാശം ഭരണകൂടത്തിന് കൈമാറുന്നതിലൂടെ സ്വയം നിര്‍ണയാവകാശം കവര്‍ന്നെടുക്കുന്നു.

ഒരുവന്റെ ശരീരത്തിന് മേലുള്ള ആത്യന്തികമായ ഉടമസ്ഥത ആര്‍ക്കാണ്? ഭരണകൂടത്തിനോ അതോ അവനവനു തന്നെയോ എന്ന ചോദ്യത്തിന് ഒരിക്കല്‍ നമ്മുടെ കോടതികള്‍ ഉത്തരം പറഞ്ഞതാണ്. ഈ നിയമ ഭേദഗതിയിലൂടെ ഗവണ്‍മെന്റ് അതിനെ ലംഘിക്കുകയും വീണ്ടും അതേ ചോദ്യം ഉന്നയിക്കുകയും ചെയ്യുന്നു.

മെഡിക്കല്‍ ഗേറ്റ് കീപ്പിങ്

പുതിയ നിയമ ഭേദഗതിയിലെ ഏറ്റവും പ്രശ്‌നമുള്ള ഭാഗം മെഡിക്കല്‍ ബോര്‍ഡുകളെ ആശ്രയിക്കുന്നതാണ്. ഒരാളുടെ ലിംഗനിര്‍ണയം വൈദ്യശാസ്ത്രപരമായി നടത്തേണ്ടതാണെന്ന വളരെ കുഴപ്പം പിടിച്ചതും, കാലഹരണപ്പെട്ടതുമായ ആശയത്തെ ഈ നിയമഭേദഗതിയിലൂടെ പുനരാനയിക്കുകയാണ്.

ഒരാള്‍ ആരാണെന്ന ചോദ്യത്തിന് ഉത്തരം ഡോക്ടര്‍മാരും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുമാണ് നല്‍കേണ്ടത് എന്ന സാഹചര്യമാണ് സംജാതമാവുന്നത്. എന്തൊക്കെ മാനദണ്ഡങ്ങളാണ് മെഡിക്കല്‍ ബോര്‍ഡ് പരിഗണിക്കുക? അപേക്ഷ നിരസിക്കപ്പെട്ടാല്‍ പരിഹാരം എന്താണ്? അപ്പീല്‍ നല്‍കേണ്ടതെവിടെയാണ്?

തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നിയമം നല്‍കുന്നില്ല. ഈ അവ്യക്തത മനുഷ്യരെ പുറന്തള്ളുവാനും അവകാശങ്ങള്‍ നിഷേധിക്കുവാനുമുള്ള സാഹചര്യമൊരുക്കും. ഔപചാരികമായ ആരോഗ്യ സംവിധാനങ്ങള്‍ പ്രാപ്യമല്ലാത്ത ആയിരക്കണക്കിന് ട്രാന്‍സ് മനുഷ്യരുടെ ജീവിതം ദുരിതത്തിലാവും.

നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ നിന്നും. Photo: Sheetal Shyam/Facebook.com

ലൈംഗികതയുടെ ക്രിമിനല്‍വത്കരണം

അപകടകരവും അവ്യക്തവും വിശാലവുമായ ശിക്ഷാ നടപടികള്‍ ഈ നിയമഭേദഗതി വിഭാവനം ചെയ്യുന്നു. ഒരാളെ ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡന്റിറ്റി അവകാശപ്പെടാന്‍ ‘പ്രേരിപ്പിക്കുക’യോ ‘പ്രോത്സാഹിപ്പിക്കുക’യോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാക്കിയതിലൂടെ ചൂഷണം ചെയ്യപ്പെടുന്നവരെ മാത്രമല്ല, അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന വരെ പോലും ശിക്ഷിക്കാന്‍ ഉതകുന്ന തരത്തിലായി നിയമം.

ഇവരെല്ലാം സദാസമയം സംശയത്തിന്റെ നിഴലിലാവുന്നു. കൊളോണിയല്‍ കാലഘട്ടത്തില്‍ ചില പ്രത്യേക വിഭാഗങ്ങളെയാകെ ക്രിമിനലുകളെന്ന മുന്‍വിധിയോടെ കാണുന്ന നിയമങ്ങള്‍ ഉണ്ടായിരുന്നു.

1871ലെ ക്രിമിനല്‍ ട്രൈബ്‌സ് ആക്ട് പോലെ ഈ നിയമവും അറിഞ്ഞോ അറിയാതെയോ മനുഷ്യരെ ജന്മനാ കുറ്റവാളികളാക്കുന്ന പഴയ യുക്തിയെ പിന്‍പറ്റുന്നുണ്ട്.

മനുഷ്യര്‍ നല്‍കേണ്ടിവരുന്ന വില

നിയമങ്ങളും നിയമഭേദഗതികളും, പലപ്പോഴും നിര്‍വചനങ്ങളും വകുപ്പുകളും നടപടിക്രമങ്ങളും ഒക്കെ വച്ചാണ് ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍, ഇതൊക്കെ ബാധിക്കുന്ന മനുഷ്യരുണ്ട്. അവരുടെ ജീവിതങ്ങളില്‍ ഇതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ് എന്നാണ് നമ്മള്‍ അന്വേഷിക്കേണ്ടത്.

മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ നിന്ന് സ്വന്തം ലൈംഗിക അസ്ഥിത്വം തെളിയിക്കേണ്ടി വരുന്നത് ഒരു സാധാരണ നടപടിക്രമല്ല. വശംവദത്വത്തിന്റെ നിമിഷമാണത്.

കുടുംബവും സമൂഹവും കയ്യൊഴിഞ്ഞ ഒരു കൂട്ടം മനുഷ്യരോടാണ് നമ്മള്‍ ഇത് ചെയ്യുന്നത്. അവര്‍ക്ക് ആ സാഹചര്യം താങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. ബോര്‍ഡിനു മുന്നില്‍ അപേക്ഷ നിരസിക്കപ്പെട്ട മനുഷ്യരുടെ അവസ്ഥ എന്താണ്? സാമൂഹ്യ സുരക്ഷാ പദ്ധതികളും അടിസ്ഥാന അവകാശങ്ങളും അനിശ്ചിതത്വത്തിലാണ്.

പുറന്തള്ളപ്പെടും എന്ന് മാത്രമല്ല സാമൂഹികമായി ഇവര്‍ നിലനില്‍ക്കുന്നില്ല എന്ന സാഹചര്യം ഉണ്ടാകും. അസ്ഥിത്വം അംഗീകരിക്കപ്പെടാത്ത മനുഷ്യരെ സൃഷ്ടിക്കുന്നത് ഒരു ജനാധിപത്യ സമൂഹത്തിനും ഭൂഷണമല്ല.

ജനാധിപത്യ പ്രക്രിയയുടെ പരാജയം

നിയമനിര്‍മാണപ്രക്രിയയില്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളുമായോ, ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും ആയോ അര്‍ത്ഥവത്തായ യാതൊരു കൂടിയാലോചനകളും നടന്നിട്ടില്ല എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം.

അവശവിഭാഗങ്ങളെ സംബന്ധിച്ച നിയമങ്ങള്‍ അവരുമായി കൂടിയാലോചന നടത്തിയാണ് പൂര്‍ത്തീകരിക്കേണ്ടത്. മുകളില്‍നിന്ന് അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ഭരണഘടനാധിഷ്ഠത ജനാധിപത്യ സമൂഹത്തില്‍, നടപടിക്രമങ്ങള്‍ കേവലം സാങ്കേതികതയല്ല, തീരുമാനങ്ങളുടെ നിയമസാധുതയെയാണ് അത് സൂചിപ്പിക്കുന്നത്.

ആഗോള മാതൃകകള്‍ക്ക് വിരുദ്ധം

ആഗോളതലത്തില്‍, കൂടുതല്‍ രാജ്യങ്ങള്‍ ലൈംഗിക അസ്തിത്വത്തിന്റെ സ്വയം നിര്‍ണയാവകാശം അംഗീകരിക്കുന്ന തരത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് നമ്മളുടെ ഈ പിന്‍ നടത്തം.

വൈദ്യപരിശോധനകള്‍ ആവശ്യപ്പെടുന്നത് വിവേചനപരവും അവകാശങ്ങളെ അവഗണിക്കുന്നതും ആണെന്ന പൊതുബോധം ലോകത്ത് ഇന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശങ്ങളും മനുഷ്യന്റെ സ്വയം നിര്‍ണായ അവകാശത്തെയും അന്തസ്സിനെയും ഉയര്‍ത്തിപ്പിടിക്കുന്നതാണ്.

നാല്‍സ വിധിയിലൂടെ ഈ രംഗത്ത് ലോകത്തിന് വഴികാട്ടിയായിരുന്ന ഇന്ത്യ ഇന്ന് പ്രതിലോമതകളെ വീണ്ടും കൊണ്ടുവരുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്.

ഭരണഘടനാ ധാര്‍മികതയും ഭരണകൂടത്തിന്റെ പരിമിതികളും

ഒരു ജനാധിപത്യ സമൂഹത്തിന്റെ ദിശാസൂചകമായി പ്രവര്‍ത്തിക്കേണ്ടത് ഭരണഘടനാ ധാര്‍മികതയാണെന്ന് നിലപാടായിരുന്നു ഡോക്ടര്‍ അംബേദ്കറിനുണ്ടായിരുന്നത്. സാമൂഹികമായ മുന്‍വിധികള്‍ക്കും ഭരണകൂടത്തിന്റെ സൗകര്യത്തിനുമപ്പുറം വ്യക്തിയുടെ അന്തസ്സിന് പ്രാമുഖ്യം നല്‍കുന്ന സംവിധാനമാണത്.

ആ ധാര്‍മിക മൂല്യത്തെ പിന്‍പറ്റുന്നതായിരുന്നു 2019ലെ ട്രാന്‍സ്‌ജെന്‍ഡര്‍ നിയമം. എന്നാല്‍ അതിനെയൊക്കെ നിഷേധിക്കുകയാണ് പുതിയ നിയമം. സഹാനുഭൂതിക്ക് പകരം നിയന്ത്രണവും, ട്രാന്‍സ് വിഭാഗത്തോടുള്ള വിശ്വാസത്തിന് പകരം സംശയവും ആണ് നിയമത്തില്‍ നിഴലിക്കുന്നത്.

മനുഷ്യന്റെ വ്യക്തിത്വം ആത്യന്തികമായി നിര്‍ണയിക്കേണ്ടത് ഭരണകൂടമാണ് എന്നാണ് പറയുന്നത്. അത് ഒരു അപകടകരമായ ആശയമാണ്.

ഭരണകൂടം പൗരരെ അംഗീകരിക്കുകയാണോ അവരെ സാക്ഷ്യപ്പെടുത്തുകയാണോ ചെയ്യേണ്ടത് എന്നത് ഒരു രാഷ്ട്രീയ ചോദ്യമാണ്. സുപ്രീം കോടതി നിര്‍വചിച്ചിട്ടുള്ളത് പോലെ, ഭരണഘടന പറയുന്നത് പൗരനെ അംഗീകരിക്കുക എന്നാണ്.

അതിനു വിരുദ്ധമായ സമീപനം ഉണ്ടാകുമ്പോള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ മാത്രം അവകാശമല്ല ഇല്ലാതാവുന്നത്, ഭരണഘടന എല്ലാവര്‍ക്കും ഉറപ്പ് നല്‍കുന്ന സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണത്.

നിങ്ങള്‍ ആരാണെന്ന് നിര്‍വചിക്കാന്‍ ഭരണകൂടത്തിന് കഴിയും എന്നാണെങ്കില്‍, നിങ്ങളാരല്ല എന്ന് പറയാനും അവര്‍ക്ക് കഴിയും. ഒരു ജനാധിപത്യ സംവിധാനവും ഭരണകൂടത്തിന് അനുവദിച്ചു കൊടുക്കാന്‍ പാടില്ലാത്ത അധികാരമാണത്.

Content Highlight: P.B. Jijeesh writes about the Transgender Amendment Bill 2026

പി.ബി ജിജീഷ്

We use cookies to give you the best possible experience. Learn more