| Saturday, 25th July 2026, 7:16 am

കാര്യങ്ങൾ മനസിലാക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടുള്ള ഫ്രസ്‌ട്രേഷനാണ് പലരും ഇവിടെ വന്നു തീർക്കുന്നത്: ഗൗരി ലക്ഷ്മി

നന്ദന. ടി

2013-ൽ പുറത്തിറങ്ങിയ ഏഴു സുന്ദര രാത്രികൾ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര സംഗീത ലോകത്തേക്ക് കടന്നുവന്ന ഗായികയും സംഗീതസംവിധായികയുമാണ് ഗൗരി ലക്ഷ്മി. സ്വന്തമായി വരികളെഴുതി ഈണം നൽകി ആലപിക്കുന്ന ഗൗരി, മുറിവ്, കനവുകൾ, തരംഗമായി മാറിയ എന്റെ പേര് പെണ്ണ് തുടങ്ങിയ സ്വതന്ത്ര ഗാനങ്ങളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ടു.

തന്റെ ഗാനങ്ങൾക്കും നിലപാടുകൾക്കും നേരെ നിരന്തരം ഉയരുന്ന വിമർശനങ്ങളെയും സൈബർ ആക്രമണങ്ങളെയും വളരെ തന്റേടത്തോടെ നേരിടുന്ന വ്യക്തി കൂടിയാണ് അവർ. തനിക്കെതിരെ വരുന്ന അധിക്ഷേപങ്ങളെപ്പോലും സ്വന്തം സർഗാത്മകതയിലേക്ക് കലർത്തി പാട്ടുകളാക്കി മാറ്റുന്ന ഗൗരി, സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെയും ട്രോളുകളെയും തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുകയാണ്. അസ്‌ല മാർലി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ഗായിക.

ഗൗരി ലക്ഷ്മി.photo.screen grab/youtube

‘അപമര്യാദയായിട്ടുള്ള പെരുമാറ്റങ്ങൾ മൂർച്ഛിച്ചിട്ട് ഒന്നോ രണ്ടോ വർഷമേ ആയിട്ടുള്ളൂ. ഈ സമയത്തിലൂടെ കടന്നുപോയിട്ടുള്ള ഒരു വ്യക്തി എന്ന രീതിയിൽ എനിക്ക് മനസിലായത്, അവർ പറയുന്നത് എന്നെക്കുറിച്ചല്ല, മറിച്ചു പൊതുസമൂഹത്തിന് മനസിലാകാത്തതോ പരിചയമില്ലാത്തതോ ആയ കാര്യങ്ങൾ മുന്നിൽ വെച്ചുകൊടുക്കുമ്പോൾ അതിനെതിരെ ഒരു പ്രതിരോധം ഉണ്ടാകും എന്നാണ്.

ആ പ്രതിരോധത്തെ നമ്മൾ എന്തോ നല്ലത് ചെയ്യുന്നതിന്റെ സൂചനയായിട്ടേ ഞാൻ കാണുന്നുള്ളൂ. അതായത് കുടുംബപരമായിട്ടോ സാമൂഹിക-സാംസ്‌കാരികപരമായിട്ടോ നമ്മളെ പഠിപ്പിച്ചു വെച്ചതിന്റെ എതിർ വശത്തേക്ക് നമ്മൾ എന്തോ ചെയ്യുന്നുണ്ട്. പണ്ട് ആരൊക്കെയോ അങ്ങനെയൊക്കെ ചെയ്തുവെച്ചത് കൊണ്ടാണ് നമ്മുടെ സമൂഹം പരിണമിച്ചത്.

സ്ത്രീകൾ വീടിന് പുറത്തിറങ്ങരുത് അല്ലെങ്കിൽ കീഴ്‌ജാതിക്കാർ മേൽജാതിക്കാരുടെ മുന്നിൽ വരാൻ പാടില്ല എന്നൊക്കെ പറയുന്ന കാര്യങ്ങളിൽ പോലും, ആരോ ഒരാൾ അതിനെതിരായി എന്തോ ചെയ്തതുകൊണ്ടാണ് മാറ്റങ്ങൾ തുടങ്ങിയത്. ഇനി അങ്ങോട്ടും അതുതന്നെയാണ് സംഭവിക്കുക.

അതുകൊണ്ട് ഈ വിമർശനങ്ങളെയൊക്കെ ഞാൻ കാണുന്നത് അവരുടെ ഇടുങ്ങിയ ചിന്താഗതിയായിട്ടാണ്. കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധിമുട്ടിന്റെ ഭാഗമായി ജീവിതത്തിൽ ഉണ്ടാകുന്ന ഫ്രസ്‌ട്രേഷൻ കൊണ്ടാണ് ചിലർ ഇവിടെ വന്നു പൊട്ടിത്തെറിക്കുന്നത്. അങ്ങനെ കാണുമ്പോൾ ഇത് ഭയങ്കര തമാശയായി തോന്നും.

ചിലപ്പോഴൊക്കെ ഇത്തരം കമന്റുകൾ കാണുമ്പോൾ ചിരി വന്നിട്ട് ഞാൻ റാൻഡം ആയി മറുപടികൾ കൊടുക്കാറുണ്ട്. കഴിഞ്ഞ ദിവസം എന്റെ ഒരു പാട്ടിന് താഴെ വന്നിട്ട് ഈ കോപ്രായങ്ങൾ കാണാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് ഒരാൾ കമന്റ് ഇട്ടു. ഞാൻ അതിന് താഴെ മറുപടി നൽകിയത് വെണ്ണിലാ ചന്ദനക്കിണ്ണം എന്ന പാട്ടിലെ കണ്ണാരം പൊത്തി കളിക്കാം, മണ്ണപ്പം ചുട്ടുകളിക്കാം എന്ന വരികൾ പറഞ്ഞാണ്. അപ്പോൾ ഇത്തരത്തിൽ മര്യാദയില്ലാത്ത ആളുകളാണ് യഥാർത്ഥത്തിൽ പ്രശ്നം,’ ഗൗരി ലക്ഷ്മി പറഞ്ഞു.

ഗൗരി ലക്ഷ്മി.photo.Manoram Online

Content Highlight: Gowry Lekshmi talks about facing cyber attacks and how she responds to them

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more