| Monday, 15th September 2025, 5:35 pm

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ലോകത്തെ ടോപ്പ് അവാര്‍ഡ്, ചില്ലറക്കാരനല്ലെന്ന് തെളിയിച്ച് ഓവന്‍ കൂപ്പര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

75ാമത് എമ്മി അവാര്‍ഡ് ചടങ്ങ് അവസാനിച്ചിരിക്കുകയാണ്. സീരീസ് ലോകത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന എമ്മി അവാര്‍ഡ് ഇത്തവണ സീരീസ് പ്രേമികളെ ആവേശത്തിലാഴ്ത്തിയാണ് സമാപിച്ചത്. വലിയ ഫാന്‍ ഫോളോയിങ്ങുള്ള സിരീസുകള്‍ തന്നെയാണ് ഇത്തവണ അവാര്‍ഡ് വേദിയില്‍ തിളങ്ങിയത്. നാല് അവാര്‍ഡുകളുമായി ദി പിറ്റ്, ദി സ്റ്റുഡിയോ എന്നീ സീരീസുകളാണ് മുന്നിട്ട് നിന്നത്.

എന്നാല്‍ 75 വര്‍ഷത്തെ എമ്മിയുടെ ചരിത്രം തിരുത്തിയെഴുതിയ അവാര്‍ഡാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ലിമിറ്റഡ് സീരീസുകളിലെ സപ്പോര്‍ട്ടിങ് ആക്ടറുടെ അവാര്‍ഡാണ് എല്ലാവരെയും ഞെട്ടിച്ചത്. അഡോലസെന്‍സ് എന്ന സീരീസില്‍ എല്ലാവരെയും തന്റെ പ്രകടനം കൊണ്ട് ഞെട്ടിച്ച ഓവന്‍ കൂപ്പറിനാണ് അവാര്‍ഡ് ലഭിച്ചത്.

16ാം വയസിലാണ് എമ്മി അവാര്‍ഡ് നേടി ഓവന്‍ എല്ലാവരെയും ഞെട്ടിച്ചത്. എമ്മി അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടം ഓവന്‍ ഇതോടെ സ്വന്തമാക്കി. ജെറെമി മില്ലര്‍ എന്ന കഥാപാത്രമായുള്ള അസാധ്യ പ്രകടനമാണ് ഓവനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സീരീസുകളിലൊന്നായിരുന്നു അഡോലസന്‍സ്.

തന്റെ സഹപാഠിയായ പെണ്‍കുട്ടിയെ കൊന്നതിന് അറസ്റ്റിലാകുന്ന ജെറെമി മില്ലറിന്റെ കഥയാണ് സീരീസ് പറയുന്നത്. സൈക്കോളജിക്കല്‍ ക്രൈം ഡ്രാമ ഴോണറിലുള്ള സീരീസ് മേക്കിങ് കൊണ്ട് പ്രേക്ഷകരുടെ മനസില്‍ സ്ഥാനം നേടി. സിംഗിള്‍ ടേക്കില്‍ എടുത്ത ഓരോ എപ്പിസോഡും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി.

സോഷ്യല്‍ മീഡിയയുടെ ഉപയോഗവും കുട്ടികളില്‍ അത് ഉണ്ടാക്കുന്ന സ്വാധീനവുമെല്ലാം കൃത്യമായി പ്രതിപാദിക്കുന്ന സീരീസ് റിലീസ് സമയത്ത് പലരും ചര്‍ച്ചയാക്കിയിരുന്നു. കേരളത്തില്‍ കുട്ടികള്‍ക്കിടയില്‍ അക്രമവാസന കൂടുന്ന സമയത്ത് പലരും പ്രതിപാദിച്ച സിരീസ് കൂടിയായിരുന്നു അഡോലസന്‍സ്. നെറ്റ്ഫ്‌ളിക്‌സിലൂടെയായിരുന്നു സീരീസ് പ്രേക്ഷകരിലേക്കെത്തിയത്.

ലിമിറ്റഡ് സീരീസുകളുടെ കാറ്റഗറിയില്‍ ആറ് പുരസ്‌കാരങ്ങളാണ് അഡോലസന്‍സ് നേടിയത്. മികച്ച സീരീസ്, മികച്ച നടന്‍, സഹനടന്‍, സഹനടി, സംവിധാനം, രചന എന്നിങ്ങനെയാണ് അഡോലസന്‍സ് നേടിയ പുരസ്‌കാരങ്ങള്‍. ഓവന്‍ കൂപ്പറിന്റെ നേട്ടത്തോടെ സീരീീസ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

Content Highlight: Owen Cooper won best Supporting Actor Award in Emmy for Adolescence series

We use cookies to give you the best possible experience. Learn more