| Monday, 16th September 2019, 2:23 pm

മുന്‍ മുഖ്യമന്ത്രിയ്ക്ക് കശ്മീരില്‍ പോകണമെങ്കില്‍ സുപ്രീം കോടതി അനുമതി വേണം; ഇതാണോ നോര്‍മല്‍? മോദി സര്‍ക്കാറിനെ ചോദ്യം ചെയ്ത് ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ സ്ഥിതി സാധാരണമാണെന്ന കേന്ദ്രസര്‍ക്കാര്‍ അവകാശവാദത്തെ ചോദ്യം ചെയ്ത് എ.ഐ.എം.ഐ.എം നേതാവ് അസദ്ദുദ്ദീന്‍ ഉവൈസി. കശ്മീരില്‍ സ്ഥിതി സാധാരണമായിട്ടാണോ മുന്‍ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദിന് കശ്മീരിലേക്ക് പോകാന്‍ സുപ്രീം കോടതിയുടെ അനുമതി വാങ്ങേണ്ടി വന്നതെന്നും അദ്ദേഹം ചോദിച്ചു.

‘എന്തുകൊണ്ടാണ് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിക്ക് ജമ്മുകശ്മീരിലേക്ക് പോകാന്‍ സുപ്രീം കോടതിയുടെ അനുവാദം വാങ്ങേണ്ടി വന്നത്? കശ്മീരില്‍ സ്ഥിതി സാധാരണമല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. എല്ലാം നോര്‍മലാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കില്‍ എന്തിനാണ് രാഷ്ട്രീയം കളിക്കുന്നത്?’ എന്നും അദ്ദേഹം ചോദിക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നാണ് ഗുലാം നബി ആസാദിന് കശ്മീര്‍ സന്ദര്‍ശിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് അനുമതി നല്‍കിയത്. ശ്രീനഗര്‍, ജമ്മു, ബാരാമുള, അനന്ത്നാഗ് എന്നീ നാലു ജില്ലകളിലാണ് സന്ദര്‍ശനാനുമതി ലഭിച്ചിരിക്കുന്നത്. ജനങ്ങളെ കാണാനും അനുമതിയുണ്ട്.

ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു തീരുമാനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ അഭിഷേക് മനു സിങ്വിയാണ് ആസാദിനു വേണ്ടി ഹാജരായത്. ജനങ്ങളെക്കണ്ട് അവരുടെ ക്ഷേമം തിരക്കാന്‍ ആസാദിനെ അനുവദിക്കണമെന്നാണ് സിങ്വി ആവശ്യപ്പെട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം മൂന്നുതവണയാണ് ആസാദ് കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങിയത്. ഈ മൂന്നുവട്ടവും വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹത്തെ തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം വ്യക്തിപരമായി ഹര്‍ജി സമര്‍പ്പിച്ചത്.

തന്റെ കുടുംബാംഗങ്ങളെ കാണാനും കശ്മീര്‍ സ്വദേശിയായ ആസാദ് അനുമതി ചോദിച്ചിരുന്നു. എന്നാല്‍ അതിനു കോടതി നേരത്തേ അനുമതി നിഷേധിച്ചിരുന്നു. ഇന്നത്തെ കോടതിവിധിയില്‍ അതുകൂടി ഉള്‍പ്പെടുമോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more