| Thursday, 12th November 2026, 12:28 pm

മൂന്നാം മുന്നണിക്കായി ഒവൈസിയും ചന്ദ്രശേഖര്‍ ആസാദും; യു.പി തെരഞ്ഞെടുപ്പിനായി പുതിയ സഖ്യം രൂപീകരിക്കും

റെന്വര്‍ പി

ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഒവൈസിയും ചന്ദ്രശേഖര്‍ ആസാദും പുതിയ സഖ്യം രൂപീകരിച്ചേക്കും. ഒവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എമ്മും ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിയും തമ്മിലുള്ള സഖ്യരൂപീകരണത്തിന് ധാരണയായതായി ഇരു പാര്‍ട്ടികളുടെയും നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര്‍പ്രദേശിലെ നാഗിന മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് നിലവില്‍ ചന്ദ്രശേഖര്‍ ആസാദ്. ആസാദിന്റെ പാര്‍ട്ടിയുമായി തങ്ങള്‍ കൈകോര്‍ക്കുമെന്ന് എ.ഐ.എം.ഐ.എം വക്താവ് ഷദാബ് ചൗഹാന്‍ സ്ഥിരീകരിച്ചതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സഖ്യത്തിന്റെ സ്വഭാവം എന്തായിരിക്കുമെന്ന് നേതാക്കള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
സഖ്യം പ്രഖ്യാപിക്കുന്നതിനായി അസദുദ്ദീന്‍ ഒവൈസിയും ആസാദും വ്യാഴാഴ്ച ലഖ്നൗവില്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തുമെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.

സഖ്യത്തിന്റെ വിശദാംശങ്ങളും മറ്റ് കാര്യങ്ങളും വ്യാഴാഴ്ച നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്ന് ഷദാബ് ചൗഹാനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. എ.ഐഎംഐഎം, ഭീം ആര്‍മി നേതൃത്വങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ ആസാദും ഒവൈസിയും ലഖ്നൗവില്‍ എത്തിയിട്ടുണ്ട്. എന്നാല്‍, സഖ്യത്തെക്കുറിച്ചോ, സംസ്ഥാന തലസ്ഥാനത്തെ ഗോമതിനഗറിലുള്ള ഒരു ഹോട്ടലില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നടക്കാന്‍ പോകുന്ന സംയുക്ത വാര്‍ത്താസമ്മേളനത്തെക്കുറിച്ചോ അവര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

എ.ഐ.എം.ഐ.എമ്മുമായുള്ള സഖ്യത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ‘എന്താണെന്നത് നിങ്ങളുടെ മുന്നില്‍ വെളിപ്പെടുത്തും’ എന്നായിരുന്നു ആസാദ് മറുപടി നല്‍കിയത്. എല്ലാ ചോദ്യങ്ങള്‍ക്കും നാളെ ഉത്തരം നല്‍കാമെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ ആസാദ് പറഞ്ഞിരുന്നു.

യുവാക്കളെയും കര്‍ഷകരെയും, ദുര്‍ബലരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളെയും ശാക്തീകരിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ടവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാതിരിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

യു.പിയില്‍ ബി.ജെ.പിയും കോണ്‍ഗ്രസും അല്ലാത്ത ഒരു മൂന്നാം മുന്നണിയായി എ.ഐ.എം.ഐ.എം- ആസാദ് സമാജ് പാര്‍ട്ടി സഖ്യം മാറിയേക്കാമെന്ന് വിലയിരുത്തപ്പെടുന്നു. ദളിത്, മുസ് ലിം സമുദായങ്ങളില്‍ നിന്നുള്ള ഏകദേശം 41 ശതമാനം വോട്ടുകളാണ് ഈ പാര്‍ട്ടികള്‍ ലക്ഷ്യമിടുന്നത്. 403 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ഈ രണ്ട് പാര്‍ട്ടികളും എത്ര സീറ്റുകളില്‍ മത്സരിക്കുമെന്ന് ഇതുവരെ വ്യക്തമല്ല. മറ്റ് ചെറിയ പാര്‍ട്ടികള്‍ കൂടി ഈ സഖ്യത്തിന്റെ ഭാഗമാകുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന കരാറില്‍ തന്നെയും ഉള്‍പ്പെടുത്തണമെന്ന ഒവൈസിയുടെ നിര്‍ദ്ദേശത്തോട്, ഇന്ത്യ സഖ്യത്തിലെ പ്രധാന കക്ഷികളായ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും താല്‍പ്പര്യം കാണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ആസാദ് സമാജ് പാര്‍ട്ടിയുമായി എ.ഐ.എം.ഐ.എം സഖ്യമുണ്ടാക്കുമെന്ന വാര്‍ത്ത പുറത്തുവരുന്നത്.

ഇന്ത്യ സഖ്യത്തില്‍ തന്നെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമാജ് വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും ഒവൈസി ഒക്ടോബര്‍ രണ്ട് വരെ സമയം നല്‍കിയിരുന്നു. എന്നാല്‍ ഇതിനോട് ആരും അനുകൂലമായി പ്രതികരിച്ചില്ല. ഇതേത്തുടര്‍ന്ന് അതൃപ്തനായ ഒവൈസി, ആസാദിന്റെ പാര്‍ട്ടിയുമായി ചേര്‍ന്ന് ഒരു മൂന്നാം മുന്നണി’ രൂപീകരിക്കാന്‍ ഒരുങ്ങുകയാണെന്ന് പി.ടി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് തലത്തില്‍ ഒവൈസിക്ക് വലിയ സ്വാധീനമില്ല. എന്നാല്‍ സംസാഥാനത്തെ മുസ്‌ലിം സമുദായത്തിലെ ഒരു വിഭാഗത്തിനിടയില്‍ അദ്ദേഹത്തിന് സ്വാധീനുമള്ളതായാണ് കണക്കാക്കുന്നത്. യുവാക്കളായ ദളിത് വോട്ടര്‍മാര്‍ക്കിടയില്‍ ആസാദിന് സ്വാധീനം വര്‍ധിച്ച് വരുന്നതായാണ് വിലയിരുത്തപ്പെടുന്നത്. ഈ ഘടകങ്ങള്‍ പുതിയ മുന്നണിക്ക് സഹായകരമാവുമെന്നും കണക്കാക്കപ്പെടുന്നു.

Content Highlight: Owaisi, Azad likely to announce alliance for UP polls on November 12

 

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more