| Friday, 7th November 2025, 1:00 pm

മുത്തച്ഛന്‍ കൊതിച്ചിട്ടും കിട്ടാതെ പോയ കുപ്പായം കൊച്ചുമകന്; റയാന്റെ കഥ ലിങ്കി ഗ്രോസ്റ്റേറ്റിന്റേയും

എം.എം.ജാഫർ ഖാൻ

1956 സെപ്റ്റംബര്‍ 2.

പതിമൂന്നാമത് സന്തോഷ് ട്രോഫിയുടെ രണ്ടാം സെമി ഫൈനലിനിറങ്ങുന്ന ബംഗാള്‍, ബോംബെ ടീമുകളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള അനൗണ്‍സ്മെന്റ് കെട്ടിയുയര്‍ത്തിയ കോളാമ്പിയിലൂടെ കേള്‍ക്കാം.

ബംഗാള്‍: സനത് സേട്ട്, അബ്ദുല്‍ റഹിമാന്‍ (കോഴിക്കോട്), ജെയിംസ് ഫെന്‍ (ആലപ്പുഴ), നിഖില്‍ നന്ദി, പി.കെ. ബാനര്‍ജി, ചുനി ഗോസ്വാമി, മേവാലാല്‍, കിട്ടു, കെമ്പയ്യ, അബ്ദുല്‍ സലാം, സമര്‍ ബാനര്‍ജി, കന്നിയാന്‍…

ബോംബെ: എസ്.എസ്. നാരായണന്‍ (ഒറ്റപ്പാലം), ഭാസ്‌കരന്‍ (കണ്ണൂര്‍), പൂനവാല, ഡേവിഡ് സോളമന്‍, ഫ്രാങ്കി ഡിസൂസ, ജോര്‍ജ് ഫെര്‍ണാണ്ടസ്, ജോ ഡിസൂസ, നെവില്‍ ഡിസൂസ, ലിങ്കി ഗ്രോസ്റ്റേറ്റ്, നാഗരാജ്, പവിത്രന്‍ (കണ്ണൂര്‍)…

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ പ്രൗഡമായ വേദിയില്‍
തിരുവിതാംകൂറിന്റെ അവസാനത്തെ രാജാവ് ചിത്തിര തിരുനാള്‍ ബാലരാമവര്‍മ ഉള്‍പ്പടെ പല കൊട്ടാര പ്രമുഖരുണ്ട്. രണ്ട് മാസത്തിന് ശേഷം നടക്കുന്ന 1956 മെല്‍ബണ്‍ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുക്കാനുള്ള ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറഷന്റെ സംഘത്തെയും വേദിയില്‍ കാണാം.

ലിങ്കി ഗ്രോസ്റ്റേറ്റ് (നിൽക്കുന്നവരിൽ വലത്തുനിന്ന് മൂന്നാമത്) തന്റെ സഹതാരങ്ങൾക്കൊപ്പം.

കിക്കോഫിന് അക്ഷമരായി കാത്തിരിക്കുന്ന കാണികള്‍ക്ക് ആശ്വാസം പകര്‍ന്ന് റഫറി ജയറാമിന് പിന്നാലെ ഇരുടീമുകളും മൈതനമധ്യത്തിലേക്ക് നടന്നുനീങ്ങുന്നു. അന്നേരമാണ് ജനം ഒരു കാര്യം തിരിച്ചറിയുന്നത്. നായകന്‍ മേവാലാല്‍ ഉള്‍പ്പടെ പല പ്രമുഖരും ബംഗാളിന്റെ ആദ്യ ഇലവനിലില്ല. കൂവലുയര്‍ന്നു. കാണികള്‍ ആശ്ചര്യത്തോടെ പരസ്പരം നോക്കി.

ഒന്നാം സെമി ജയിച്ച് ഹൈദരാബാദ് ഫൈനലില്‍ കയറിയിട്ടുണ്ട്. പിറ്റേ ദിവസം അവരുമായി മുട്ടാന്‍ പ്രമുഖര്‍ക്കെല്ലാം ബംഗാള്‍ വിശ്രമം അനുവദിച്ചിരിക്കുകയാണ്. ‘ദുര്‍ബലരായ’ ബോംബെയുമായുള്ള സെമി ഫൈനല്‍ ഫുട്‌ബോളിലെ അഭിമാനികളായ ബംഗാളിന് വെറും പ്രാക്ടീസ് മാച്ച്. ഒപ്പം അന്നത്തെ ഇന്ത്യന്‍ ഫുട്‌ബോളിലെ ഹൈദരാബാദ് – ബംഗാള്‍ വൈര്യത്തിന്റെ ചൂടും പുകയും അന്തരീക്ഷത്തില്‍ ഉണ്ട്. ആരോട് തോറ്റാലും ബംഗാളിന് ഹൈദരാബാദിനോട് തോല്‍ക്കാന്‍ പറ്റില്ല, സഹിക്കില്ല.

കളി തുടങ്ങി. ബംഗാളിന്റെ വമ്പ് ബോംബെക്കാര്‍ മുറിച്ചുകളയുന്ന കാഴ്ചയാണ് ഗ്രൗണ്ടില്‍. ഒന്നാംപകുതിയില്‍ ഗോള്‍ വഴങ്ങാതെ രക്ഷപ്പെട്ട ബംഗാള്‍ രണ്ടാം പകുതിയില്‍ സൂപ്പര്‍ താരങ്ങളെ കളത്തിലിറക്കി. എന്നാല്‍ അപ്പോഴേക്കും ബോംബെ ഫോമിലേക്ക് എത്തിയിരുന്നു. നാല്‍പ്പത്തിയൊന്നാം മിനിറ്റ്.

അന്തരിച്ച പ്രശസ്ത കായിക പത്രപ്രവര്‍ത്തകന്‍ കെ. ഭാസ്‌കരന്‍ ആ നിമിഷത്തെ കുറിച്ച് എഴുതുന്നത് ഇങ്ങനെ –

‘നെവില്‍ ഡിസൂസ അബ്ദുള്‍ റഹ്‌മാനില്‍ നിന്ന് പന്ത് റാഞ്ചിയെടുത്ത് വലതു വിങ്ങിലൂടെ കുതിച്ചുവന്ന വില്യംസ് ഡിസൂസക്ക് നീക്കിനല്‍കി. ഓട്ടത്തിനിടയില്‍ ഡിസൂസ നല്‍കിയ ക്രോസ് ബോക്‌സിലേക്ക് താഴ്ന്നിറങ്ങി. ഓടിയെത്തിയ ഗ്രോസ്റ്റേറ്റ് നീളക്കാരന്‍ ഗോളി ചാറ്റര്‍ജിയെ ഡാര്‍ട്ട് ചെയ്ത് പന്ത് വലയിലെത്തിച്ചു’

ബോംബെ – 1
ബംഗാള്‍ – 0

കളിയടവ് പതിനെട്ടും പയറ്റിനോക്കിയ ബംഗാളിന് ഗോള്‍ തിരിച്ചടിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ചരിത്രത്തില്‍ ആദ്യമായി ബോംബെയോട് തോറ്റു. ക്വാര്‍ട്ടറില്‍ ദല്‍ഹിക്കെതിരെയും സെമിയില്‍ ബംഗാളിന് എതിരെയും വിജയഗോളുകള്‍ നേടിയ ലിങ്കി ഗ്രോസ്റ്റേറ്റ് ഹീറോയായി.

പക്ഷെ, മെല്‍ബണ്‍ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ കളിക്കാരുടെ പേര് വന്നപ്പോള്‍ ഗ്രോസ്റ്റേറ്റ് ഉള്‍പ്പെട്ടില്ല. ആ അവഗണന അദ്ദേഹത്തില്‍ ഏറെ കാലം നീറിനിന്നു. ഏറ്റവും അടുത്ത കൂട്ടുകാരോട് ഈ അവഗണന അദ്ദേഹം പലപ്പോഴും തുറന്നുപറഞ്ഞു. ഹോക്കിയും സനൂക്കറും കളിക്കാന്‍ തയ്യാറായ ഗ്രോസ്റ്റേറ്റ് ഒരിക്കലും ഫുട്‌ബോള്‍ തൊടാന്‍ പോലും തയ്യാറായില്ല.

ഗ്രോസ്റ്റേറ്റ് ആംഗ്ലോ-ഇന്ത്യനാണ്.
ഐവി മേരി – സിറില്‍ ദമ്പതികളുടെ മകനായി 1934 ലാണ് ജനനം. പരേലിലെ തുണി മില്ലുകള്‍ക്കിടയിലൂടെ പന്തുതട്ടിയാണ് തുടക്കം. പിന്നീട് സെന്‍ട്രല്‍ റെയില്‍വേ, ടാറ്റാ സ്‌പോര്‍ട്‌സ് ക്ലബ് എന്നിവക്കെല്ലാം കളിച്ചു. ബോംബെ നഗരത്തിലെ ഹീറോയായി. 1950/60 കാലത്ത് ബോംബെയില്‍ നൃത്ത സദസുകള്‍ വ്യാപകമായിരുന്നു.

കളിക്കളം വിട്ടാല്‍ ഗ്രോസ്റ്റേറ്റ് നൃത്തക്കളങ്ങളിലേക്ക് ഓടി. അങ്ങിനെയാണ് ദാദറില്‍ നിന്നുള്ള ഫിലോമിന ജോവാന എന്ന സുന്ദരിയെ കണ്ടുമുട്ടുന്നത്. പ്രണയം ഗ്യാലറി പോലെ ഇരമ്പി. ഒടുവില്‍ 1958ല്‍ പരേലിലെ ഹോളി ക്രോസ് പള്ളിയില്‍ വിവാഹം. ഏറെ വൈകാതെ ഇരുവരും സൂയസ് കനാല്‍ കടന്ന് ഇംഗ്ലണ്ടിലേക്കും അവിടെ നിന്ന് 1974ല്‍ ഓസ്‌ട്രേലിയയിലേക്കും പോയി. 2016ല്‍ ഗ്രോസ്റ്റേറ്റ് അന്തരിച്ചു.

റയാന്‍ മുത്തച്ഛന്‍ ലിങ്കി ഗ്രോസ്റ്റേറ്റിനൊപ്പം

ഗ്രോസ്റ്റേറ്റ് – ഫിലോമിന ദാമ്പതികള്‍ക്ക് ഒരു മകളുണ്ടായിരുന്നു. പേര്
ഓദ്രേ വില്യംസ്. അവര്‍ക്ക് ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ മൂന്ന് ആണ്‍മക്കള്‍ ജനിച്ചു. മൂന്ന് പേരും പ്രൊഫഷനല്‍ കളിക്കാരായി. അതില്‍ ഒരാളാണ് റയാന്‍ വില്യംസ്.

വിദേശത്ത് ജനിച്ച ഇന്ത്യന്‍ വംശജരായ കളിക്കാരെ ദേശീയ ടീമിലുള്‍പ്പെടുത്തുകയെന്ന ചരിത്ര തീരുമാനം നടപ്പാക്കാന്‍ അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ തീരുമാനിക്കുമ്പോള്‍ അതിനായി തെരഞ്ഞെടുത്ത ആദ്യ പേര് റയാന്‍ വില്യംസിന്റെതായി.

ഓസ്ട്രേലിയയുടെ ജൂനിയര്‍ ടീമുകള്‍ക്കും സീനിയര്‍ ടീമിനും റയാന്‍ കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിച്ചിട്ടുള്ള റയാന് ഓസ്ട്രേലിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ എന്‍.ഒ.സി കൂടി ലഭിച്ചാല്‍ ഇന്ത്യന്‍ ടീമിനായി കളത്തിലിറങ്ങാം. മുത്തച്ഛന്‍ കൊതിച്ചിട്ടും കിട്ടാതെ പോയ കുപ്പായം കൊച്ചുമകന്‍ അണിയുന്നുവെന്ന ചാരിതാര്‍ഥ്യത്തോടെ. കണക്ക് ചോദിക്കാന്‍ കാലം എത്ര കാലവും കാത്തിരിക്കുമല്ലേ?

Content Highlight: Overseas-born Indian-origin player Ryan Williams was included in the Indian national football team; Jaffer Khan recounts the history

എം.എം.ജാഫർ ഖാൻ

We use cookies to give you the best possible experience. Learn more