തിരുവനന്തപുരം: തിരുവനന്തപുരത്ത് കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിച്ച ആഗോള സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡ്ല് ഗ്ലോബലില്‍ ശ്രദ്ധയാകര്‍ഷിച്ച് പ്രവാസികള്‍ക്കുള്ള എ.ഐ വെല്‍ത്ത് മാനേജിംഗ് ആപ്പായ ഓവര്‍സീ. പ്രവാസികളുടെ സമ്പാദ്യങ്ങളും നിക്ഷേപങ്ങളും പലപ്പോഴും ഒന്നിലധികം രാജ്യങ്ങളിലായിരിക്കുമെന്ന സങ്കീര്‍ണത കണക്കിലെടുത്തുള്ള സമഗ്ര സേവനങ്ങളും ലഭ്യമാക്കുന്നുവെന്നതിനാല്‍ നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ആപ്പിനു ലഭിക്കുന്നതെന്ന് ആപ്പ് വികസിപ്പിച്ചെടുത്ത കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് ഓവര്‍സീ വെല്‍ത്തിന്റെ പ്രൊമോട്ടര്‍മാരായ സഖില്‍ സുരേഷ്, സജല്‍ സര്‍വര്‍, അഖില്‍ ജെയിംസ്, ആസിഫ് കട്ടകത്ത്, വിഷ്ണു കാര്ത്തികേയന് എന്നിവര്‍ പറഞ്ഞു. 2017 മുതല്‍ ഫിന്‍ടെക് മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രൊമോട്ടര്‍മാരുടെ അനുഭവസമ്പത്തും എഐ സാങ്കേതികവിദ്യയും ഒരുമിച്ചതിലൂടെയാണ് പ്രവാസികളുടെ സാമ്പത്തിക മാനേജ്മെന്റിനെ ലളിതമാക്കുന്ന പുതിയ പ്ലാറ്റ്ഫോമിന്റെ ഉദയം.
വിവിധ രാജ്യങ്ങളില്‍ ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളുമുള്ള പ്രവാസികള്‍ക്ക് അവരുടെ ആസ്തികളും ബാധ്യതകളും കൃത്യമായി വിലയിരുത്തുക ശ്രമകരമാണ്. ഇതിനായി പലരും സ്പ്രെഡ്ഷീറ്റുകളെയും ട്രാക്കിംഗ് ആപ്പുകളെയുമാണ് ആശ്രയിക്കുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി വിവിധ ബാങ്കിങ്, ഇന്‍വെസ്റ്റ്മെന്റ് , ബ്രോക്കറേജ് അക്കൗണ്ടുകളിലെ വിവരങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ഏകോപിപ്പിക്കുകയും ഒപ്പം അതെല്ലാം ഇന്റലിജന്റായി മാനേജ് ചെയ്യുകയുമാണ് ഓവര്‍സീ വെല്‍ത്ത്. വ്യക്തിഗത ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ക്ക് പുറമെ, നിക്ഷേപ കാലാവധികള്‍, പ്രധാനപ്പെട്ട തീയതികള്‍, പുതുക്കലുകള്‍, ഉപയോഗിക്കാതെ കിടക്കുന്ന പണം എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പുകളും ആപ്പ് നല്‍കും. ഇതോടെ ഓരോ പ്രവാസിക്കും തന്റെ സമ്പാദ്യം കൂടുതല്‍ വ്യക്തതയോടെയും കാര്യക്ഷമതയോടെയും കൈകാര്യം ചെയ്യാനാകും.
ആപ്പിലെ എ.ഐ അസിസ്റ്റന്റ് ചാറ്റ് സംവിധാനത്തിലൂടെ തന്നെ വിവിധ സാമ്പത്തിക ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാമെന്നതാണ് മറ്റൊരു സവിശേഷത. ലൈസന്‍സുള്ള പങ്കാളികള്‍ മുഖേന നിക്ഷേപങ്ങള്‍ നടത്തുക, ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുക, ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുക, ഇന്‍ഹെറിറ്റന്‍സ് പ്ലാനിങ് നടത്തുക തുടങ്ങിയ സേവനങ്ങള്‍ ആപ്പ് വഴി ലഭ്യമാകും. ആവശ്യമെങ്കില്‍ സാമ്പത്തിക വിദഗ്ധരുടെ സേവനവും ലഭ്യമാണ്. വിവിധ രാജ്യങ്ങളിലെ സാമ്പത്തിക കാര്യങ്ങള്‍ ഒരുമിച്ച് കൈകാര്യം ചെയ്യേണ്ട പ്രവാസികള്‍ക്ക് ഇതൊരു പേര്‍സണല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റായി മാറും.
2026 ഡിസംബറില്‍ ബീറ്റാ ലോഞ്ച് നടത്താനാണ് കൊച്ചി പനമ്പിള്ളി നഗര്‍ ആസ്ഥാനമായുള്ള ഓവര്‍സീ വെല്‍ത്ത് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ പ്രധാനമായും ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ക്ക് സേവനം നല്‍കാനാണ് പദ്ധതി. 2027 അവസാനത്തോടെ ഉപഭോക്താക്കളുടെ എണ്ണം 10,000 ആക്കാനും ഒപ്പം 1,000 കോടി രൂപയുടെ അസറ്റ്സ് അണ്ടര്‍ മാനേജ്മെന്റും (AUM) 15 കോടി രൂപയുടെ വാര്‍ഷിക വരുമാനവും (Annual Recurring Revenue) കമ്പനി ലക്ഷ്യമിടുന്നു.
‘ഫിന്‍ടെക് രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍, പല രാജ്യങ്ങളിലായുള്ള ആസ്തികളും നിക്ഷേപങ്ങളും കൈകാര്യം ചെയ്യാന്‍ പ്രവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അടുത്തുനിന്ന് കണ്ടിട്ടുണ്ട് . ആ അനുഭവമാണ് ഓവര്‍സീ വെല്‍ത്ത് എന്ന ആശയത്തിലേക്ക് ഞങ്ങളെ എത്തിച്ചത്. എഐയുടെ സഹായത്തോടെ ഓരോ പ്രവാസിക്കും വ്യക്തിഗത സാമ്പത്തിക മാര്‍ഗനിര്‍ദ്ദേശം ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,’ സഹസ്ഥാപകനും സിഇഒയുമായ സഖില്‍ സുരേഷ് പറയുന്നു.
Content Highlight: Oversea AI Wealth Managerfor NRIs at Startup Fest