| Thursday, 14th August 2025, 8:30 pm

ഷര്‍ട്ടില്ലാതെ ഫ്‌ളൈറ്റില്‍ തൂങ്ങിപ്പിടിച്ച് പോകുന്ന നായകന്‍, കൂലിക്കിടയില്‍ 'എയറി'ലായ വാര്‍ 2

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ക്ലാഷിനാണ് ഇത്തവണ ഇന്ത്യന്‍ സിനിമ സാക്ഷ്യം വഹിച്ചത്. തമിഴ് ചിത്രം കൂലിയും ബോളിവുഡ് ചിത്രം വാര്‍ 2വുമാണ് ബോക്‌സ് ഓഫീസില്‍ നേര്‍ക്കുനേര്‍ വന്നത്. വന്‍ ബജറ്റിലെത്തിയ രണ്ട് ചിത്രങ്ങളില്‍ വിജയം ആര്‍ക്കാണെന്നതില്‍ വലിയ ചര്‍ച്ചകളായിരുന്നു അരങ്ങേറിയത്.

ആദ്യ ഷോയ്ക്ക് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളായിരുന്നു കൂലിക്ക് ലഭിച്ചത്. തുടര്‍ച്ചയായ രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകള്‍ക്ക് ശേഷം ലോകേഷ് അണിയിച്ചൊരുക്കിയ ചിത്രം മുന്‍ സിനിമകളുടെ ലെവലിലേക്ക് വന്നില്ലെന്നായിരുന്നു ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. മാസ് രംഗങ്ങള്‍ കൊണ്ട് ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന അനുഭവമാണ് കൂലി സമ്മാനിച്ചത്.

എന്നാല്‍ വന്‍ ബജറ്റിലെത്തിയ വാര്‍ 2വിന് മോശം പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിലെ ആറാമത്തെ ചിത്രമായാണ് വാര്‍ 2 ഒരുങ്ങിയത്. ഇതേ യൂണിവേഴ്‌സിലെ മുന്‍ ചിത്രങ്ങളുടെ അതേ പാറ്റേണ്‍ തന്നെയാണ് വാര്‍ 2വും പിന്തുടരുകയെന്ന് ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ വിമര്‍ശനമുയര്‍ന്നിരുന്നു.

അതിനെയെല്ലാം ശരിവെക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ റിവ്യൂ എല്ലാം. പറഞ്ഞു പഴകിയ അതേ കഥ തന്നെയാണ് വാര്‍ 2വിനും. എന്നാല്‍ അതിനെ ഒട്ടും എന്‍ഗേജിങ്ങാക്കാതെ ഓവര്‍ ദി ടോപ്പ് ആക്ഷന്‍ സീനുകള്‍ കുത്തിനിറച്ച് മോശം സിനിമാനുഭവമാക്കി മാറ്റിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ലോജിക്കില്ലാത്ത ആക്ഷന്‍ രംഗങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

ഷര്‍ട്ട് ധരിക്കാതെ ആകാശത്ത് പറക്കുന്ന ഫ്‌ളൈറ്റില്‍ തൂങ്ങിപ്പിടിച്ച് നില്‍ക്കുന്ന ജൂനിയര്‍ എന്‍.ടി.ആറിന്റെ വീഡിയോ ട്രോള്‍ മെറ്റീരിയലായി മാറിയിരിക്കുകയാണ്. ഫ്‌ളൈറ്റില്‍ നിന്ന് നേരെ കപ്പലിലേക്ക് ചാടുന്ന ഭാഗമെല്ലാം ഒ.ടി.ടി റിലീസിന് ശേഷം വലിയ രീതിയില്‍ ചര്‍ച്ചയാകുമെന്ന് ഇപ്പോഴേ ഉറപ്പായിക്കഴിഞ്ഞു. ഇതേ സീനില്‍ ജൂനിയര്‍ എന്‍.ടി.ആറിന്റെ സിക്‌സ് പാക്കും ട്രോള്‍ മെറ്റീരിയലായി മാറിയിരിക്കുകയാണ്. ഒട്ടും ഒറിജിനാലിറ്റി തോന്നിക്കാത്ത വി.എഫ്.എക്‌സിലൂടെയാണ് താരകിന്റെ സിക്‌സ് പാക്ക് സിനിമയില്‍ കാണിച്ചിരിക്കുന്നത്.

സ്പീഡ് ബോട്ട് ഉപയോഗിച്ച് F1 ട്രാക്കിലൂടെയുള്ള ചേസിങ്ങും, മഞ്ഞുമലയിലെ ഫൈറ്റും ഇപ്പോള്‍ കീറിമുറിക്കപ്പെടുകയാണ്. ബോളിവുഡിലെ അരങ്ങേറ്റം ഇത്തരമൊരു സിനിമയിലായതിന്റെ നിരാശയിലാണ് എന്‍.ടി.ആര്‍ ആരാധകര്‍. നെഗറ്റീവ് റിവ്യൂ ലഭിച്ചതിനാല്‍ ചിത്രം ബജറ്റെങ്കിലും തിരിച്ച് പിടിക്കുമോ എന്ന ആശയക്കുഴപ്പത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

Content Highlight: Over the top scenes in War 2 movie criticized in social media

We use cookies to give you the best possible experience. Learn more