| Thursday, 10th June 2021, 9:01 pm

'അതിന് ഞാന്‍ മരിക്കണം'; ജിതിന്‍ പ്രസാദക്ക് പിന്നാലെ ബി.ജെ.പിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി കപില്‍ സിബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദയെ പോലെ ബി.ജെപിയിലേക്ക് പോകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘അതിന് ഞാന്‍ മരിക്കണം’ എന്ന മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിയുടെ ആഴം വെളിവാക്കിയാണ് വിമത ശബ്ദമുയര്‍ത്തിയ 23 നേതാക്കളിലൊരാളായ ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. കപില്‍ സിബലും വിമത ശബ്ദമുയര്‍ത്തിയ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രധാനിയായിരുന്നു. അതോടെയാണ് കപില്‍ സിബലിന് ഇങ്ങനെ ഒരു ചോദ്യം നേരിടേണ്ടിവന്നത്.

‘പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയല്ലാതെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഒരു ഘട്ടത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയം ഇപ്പോള്‍ എത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം എന്ത് ചെയ്തു, എന്ത് ചെയ്തില്ല എന്നതിനെ കുറിച്ച് ഞാന്‍ ഈ സാഹചര്യത്തില്‍ ഒന്നും പറയുന്നില്ല.

ബി.ജെ.പിയാണ് ജയിക്കാന്‍ പോകുന്നതെന്ന് കരുതി ചിലര്‍ അങ്ങോട്ട് പോകുന്നു. പശ്ചിമ ബംഗാളില്‍ നമ്മള്‍ ഇതാണ് കണ്ടത്. മധ്യപ്രദേശിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും ബി.ജെ.പി. ഈ രാഷ്ട്രീയമാണ് കളിച്ചത്. ആദര്‍ശത്തിന്റെ അടിസ്ഥാനത്തിലല്ല തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നത്. വ്യക്തിപരമായി എന്തെങ്കിലും നേട്ടമുണ്ടാക്കണം എന്ന താല്‍പര്യത്തോടെയാണ്,’ കപില്‍ സിബല്‍ പറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ജിതിന്‍ പ്രസാദ ബുധനാഴ്ചയാണ് ബി.ജെ.പി. അംഗത്വം എടുത്തത്. പാര്‍ട്ടിയില്‍ ചേരുന്നതിന് മുമ്പായി ജിതിന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ജനങ്ങളെ സഹായിക്കാന്‍ കഴിയാത്ത ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ കാര്യമില്ലെന്ന് തോന്നിയിട്ടാണ് കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചതെന്നും ജിതിന്‍ പ്രസാദ പറഞ്ഞിരുന്നു. ബി.ജെ.പി. അംഗത്വം സ്വീകരിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചയാളാണ് താനെന്നും വളരെ ആലോചിച്ചതിന് ശേഷമാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും ജിതിന്‍ പ്രസാദ കൂട്ടിച്ചേര്‍ത്തു.ബംഗാളിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. രാജ്യത്തെ ഒരേയൊരു ദേശീയ പാര്‍ട്ടി ബി.ജെ.പിയാണെന്നാണ് അംഗത്വം സ്വീകരിച്ചു കൊണ്ട് ജിതിന്‍ പ്രസാദ പറഞ്ഞത്.

ഒരു പ്രധാന കോണ്‍ഗ്രസ് നേതാവ് ജൂണ്‍ 9ന് ബി.ജെ.പിയില്‍ ചേരുമെന്നു നേരത്തെ പാര്‍ട്ടി വക്താവ് അനില്‍ ബലൂനി ട്വീറ്റ് ചെയ്തിരുന്നു.20 വര്‍ഷത്തോളമായി ജിതിന്‍ പ്രസാദയ്ക്ക് പാര്‍ട്ടിയുമായുള്ള ഇടച്ചില്‍ രഹസ്യമല്ല. 2019ല്‍ ബി.ജെ.പിയില്‍ ചേരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം തന്നെ അത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

നേതൃത്വത്തിനെതിരെ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ കോണ്‍ഗ്രസ് നേതാക്കളില്‍ ജിതിന്‍ പ്രസാദയുമുണ്ടായിരുന്നു.ഇന്ത്യന്‍ സെകുലര്‍ ഫ്രണ്ടുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതിനെതിരെയും ജിതിന്‍ പ്രസാദ പരസ്യമായി വിമര്‍ശനമുന്നയിച്ചിരുന്നു.രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ജിതിന്‍ പ്രസാദ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്തായിരുന്നു കേന്ദ്രമന്ത്രിയായിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാ

CONTENT HIGHLIHHTS : ‘Over my dead body’: Kapil Sibal rules out joining BJP, slams Jitin Prasada’s defection

Latest Stories

We use cookies to give you the best possible experience. Learn more