| Sunday, 29th June 2025, 3:30 pm

ഭാഷ അടിച്ചേല്‍പ്പിക്കല്‍ മൂലം കര്‍ണാടകയില്‍ തോറ്റത് 90,000ത്തിലധികം വിദ്യാര്‍ത്ഥികള്‍: തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കര്‍ണാടകയില്‍ 90,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ തോറ്റത് ഭാഷ അടിച്ചേല്‍പ്പിക്കല്‍ മൂലമാണെന്ന് തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴി. ഭാഷാ പഠനം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഓപ്ഷനായിരിക്കണമെന്നും നിര്‍ബന്ധമാക്കരുതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ നയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധികൃതര്‍ക്കും ഒരു വഴക്കമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഷാ നയത്തെയും വിദ്യാഭ്യാസ ധനസഹായത്തെയും വിമര്‍ശിച്ചുകൊണ്ടായിരുന്നു മന്ത്രി അന്‍ബില്‍ മഹേഷിന്റെ പരാമര്‍ശം.

‘വിദ്യാഭ്യാസ ഫണ്ടുകള്‍ ഞെരുക്കി കേന്ദ്രം സംസ്ഥാനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. പക്ഷെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഇടപെട്ട് വിദ്യാഭ്യാസത്തിനുള്ള മുഴുവന്‍ ചെലവും സംസ്ഥാനം വഹിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്,’ മന്ത്രി പറഞ്ഞു.

ഉയര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ സുപ്രധാന വിദ്യാഭ്യാസ ഫണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും മന്ത്രി അന്‍ബില്‍ മഹേഷ് ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഷാ നയം കൂടുതല്‍ വിവാദമാകുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുടെ പരാമര്‍ശം.

കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ നിലപാടുകള്‍ക്കെതിരെ ഡി.എം.കെ എം.പി കനിമൊഴി രംഗത്തെത്തിയിരുന്നു. തമിഴ് മറ്റൊരു ഭാഷയുടെയും ശത്രുവല്ലെന്ന് കനിമൊഴി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുള്ള മറുപടിയെന്നോണമായിരുന്നു കനിമൊഴിയുടെ പ്രതികരണം.

‘ഹിന്ദി ഒരു ഭാഷയുടെയും ശത്രുവല്ല, മറിച്ച് എല്ലാവരുടെയും സുഹൃത്താണ്’ എന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. എന്നാല്‍ ഇതിന് മറുപടിയായി ‘ഹിന്ദി ഒരു ഭാഷയുടെയും ശത്രുവല്ലെങ്കില്‍, തമിഴും ഒരു ഭാഷയുടെയും ശത്രുവല്ല. ഉത്തരേന്ത്യക്കാരും തമിഴ് പഠിക്കട്ടെ. വടക്കേ ഇന്ത്യയിലെ ജനങ്ങള്‍ കുറഞ്ഞത് ഒരു ദക്ഷിണേന്ത്യന്‍ ഭാഷയെങ്കിലും പഠിക്കട്ടെ. അതാണ് യഥാര്‍ത്ഥ ദേശീയോദ്ഗ്രഥനം,’ കനിമൊഴി പ്രതികരിച്ചു.

ഇതിനുപിന്നാലെയാണ് മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴിയും കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Content Highlight: Over 90,000 students failed in Karnataka due to language imposition: Tamil Nadu Education Minister

We use cookies to give you the best possible experience. Learn more