പാട്‌ന: ബീഹാറിലെ മധേപുരയിലെ സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച 70ഓളം വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. മധേപുര സദര്‍ ബ്ലോക്കിലെ സാഹുഗഡ് കരുതോലയിലെ യു.പി സ്‌കൂളിലാണ് സംഭവം.
കുട്ടികള്‍ സുരക്ഷിതരാണെന്നും അപകടനില തരണം ചെയ്‌തെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരു വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമായി തുടരുകയാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികള്‍ ഛര്‍ദ്ദിയും വയറുവേദനയും തലകറക്കവും കാരണം അവശരാവുകയായിരുന്നു.
അധ്യാപകരും വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളും ചേര്‍ന്നാണ് കുട്ടികളെ സദറിലെ ആശുപത്രിയിലെത്തിച്ചത്. സ്‌കൂളിലും ആശുപത്രിയിലും തടിച്ചുകൂടിയ രക്ഷിതാക്കള്‍ പ്രതിഷേധം ആരംഭിച്ചതോടെ സ്ഥലത്ത് സംഘര്‍ഷവും ഉടലെടുത്തു.
സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി ഒരു എന്‍.ജി.ഒയാണ് ഭക്ഷണമെത്തിച്ചത്. വിതരണത്തിനെത്തിച്ച ഭക്ഷണത്തില്‍ പല്ലി വീണതാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഭക്ഷണ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
ഭക്ഷ്യ വിഷബാധയെ കുറിച്ച് വിവരമറിഞ്ഞ ഡി.ഇ.ഒ സഞ്ജയ് കുമാര്‍ സദര്‍ ആശുപത്രിയിലെത്തി വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കുകയും ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും വീീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും ഡി.ഇ.ഒ അറിയിച്ചു.
Content Highlight: Over 70 students hospitalized after eating school lunch in Bihar; parents protest