| Saturday, 10th May 2025, 3:00 pm

2021മുതൽ എസ്‌.സി/എസ്‌.ടി അതിക്രമ ഹെൽപ്പ്‌ലൈനിലേക്ക് വന്നത് 6.5 ലക്ഷത്തിലധികം കോളുകൾ; ഏറ്റവും കൂടുതൽ ഉത്തർപ്രദേശിൽ നിന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: 2021 ഡിസംബർ മുതൽ എസ്‌.സി, എസ്.ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട നാഷണൽ ഹെൽപ്പ് ലൈൻ നമ്പറിലേക്ക് 6.5 ലക്ഷത്തിലധികം കോളുകൾ വന്നതായി റിപ്പോർട്ട്. മൊത്തം കോളുകളിൽ പകുതിയോളം കോളുകൾ വന്നത് ഉത്തർപ്രദേശിൽ നിന്നാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

ലഭിച്ച പരാതികളിൽ 7,135 എണ്ണം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുകയും 4,314 എണ്ണം പരിഹരിക്കുകയും ചെയ്തതായി സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം അറിയിച്ചു.

പട്ടികജാതി (എസ്‌.സി), പട്ടികവർഗ (എസ്‌.ടി) അംഗങ്ങളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഹെല്പ് ലൈൻ ആണ് നാഷണൽ ഹെൽപ്പ് ലൈൻ എഗൈൻസ്റ്റ് അട്രോസിറ്റീസ്. 1989 ലെ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം കൃത്യമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക ഭാഷകളിൽ ഈ ഹെല്പ് ലൈൻ നമ്പർ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.

ആക്രമണം, സാമൂഹിക ബഹിഷ്‌കരണം, ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം, ഭൂമി കൈയേറ്റം, പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം നിഷേധിക്കൽ എന്നിവ മുതൽ അതിക്രമ കേസുകളിൽ പൊലീസ് നിഷ്‌ക്രിയത്വം വരെയുള്ള പരാതികൾ ഈ നമ്പറിൽ ലഭിക്കാറുണ്ട്.

2021 ഡിസംബർ മുതൽ ഈ നമ്പറിലേക്ക് 6.5 ലക്ഷത്തിലധികം കോളുകൾ വന്നതായി വ്യക്തമാക്കുകയാണ് സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം. അതിൽ തന്നെ ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിൽ നിന്ന് മാത്രം 3,33,516 കോളുകൾ ലഭിച്ചു. ഉത്തർപ്രദേശിൽ നിന്നും ലഭിച്ച കോളുകളിൽ 1,825 എണ്ണം ഔദ്യോഗിക പരാതിയായി രജിസ്റ്റർ ചെയ്യുകയും 1,515 എണ്ണം പരിഹരിക്കുകയും ചെയ്തതായി സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം അറിയിച്ചു.

ബീഹാറിൽ നിന്ന് 58,112 കോളുകൾ ലഭിച്ചുവെന്നും അതിൽ 718 പരാതികൾ രജിസ്റ്റർ ചെയ്തുവെന്നും 707 എണ്ണം പരിഹരിച്ചുവെന്നും സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം അറിയിച്ചു. രാജസ്ഥാനിൽ നിന്ന് 38,570 കോളുകളാണ് വന്നത്. അതിൽ 750 പരാതികൾ റിപ്പോർട്ട് ചെയ്യുകയും 506 എണ്ണം പരിഹരിക്കുകയും ചെയ്തു.

മഹാരാഷ്ട്രയിൽ 268 പരാതികൾ രജിസ്റ്റർ ചെയ്തെങ്കിലും ഒന്നും പരിഹാരമായില്ല. അതേസമയം, ഗോവയിൽ ഒരു പരാതി മാത്രമേ വന്നിരുന്നുള്ളു. എന്നാൽ അതും പരിഹരിക്കാനായില്ല. മധ്യപ്രദേശിൽ 1,630 പരാതികൾ രജിസ്റ്റർ ചെയ്തിരുന്നു, എന്നാൽ 282 എണ്ണം മാത്രമേ പരിഹരിക്കപ്പെട്ടിട്ടുള്ളൂ.

2021ൽ കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാർ ആരംഭിച്ച ഈ ഹെൽപ്പ് ലൈൻ, ജാതി അടിസ്ഥാനമാക്കിയുള്ള അതിക്രമങ്ങൾ തടയുന്നതിനും സമയബന്ധിതമായ നീതി ഉറപ്പാക്കുന്നതിനുമുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമാണ് നടപ്പാക്കിയത്.

Content Highlight: Over 6.5 lakh calls received on SC/ST atrocities helpline since 2021; highest from Uttar Pradesh

Latest Stories

We use cookies to give you the best possible experience. Learn more