| Tuesday, 15th July 2025, 9:41 am

ബീഹാർ വോട്ടർ പട്ടികയിൽ നിന്ന് 35 ലക്ഷത്തിലധികം പേരുകൾ നീക്കം ചെയ്‌തേക്കും; തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്ന: ബീഹാർ വോട്ടർ പട്ടികയിൽ നിന്ന് 35 ലക്ഷത്തിലധികം പേരുകൾ നീക്കം ചെയ്‌തേക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാറിൽ കുറഞ്ഞത് 35.68 ലക്ഷം മറ്റ് സ്ഥലങ്ങളിൽ സ്ഥിരതാമസമാക്കിയവരോ മരിച്ചുപോയവരോ ഒന്നിലധികം സ്ഥലങ്ങളിൽ പേരുചേർത്തവരോ ആണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.  വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം നടത്തുന്ന ബൂത്ത് ലെവൽ ഓഫീസർമാരുടെ (BLO) കണക്കുകളിൽ ഇത് വ്യക്തമാകുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.

നിലവിലെ വോട്ടർ പട്ടികയിലുള്ള 7.89 കോടി വോട്ടർമാരിൽ 11.82 ശതമാനം അതായത് 93.34 ലക്ഷം പേർ ഇതുവരെ എന്യൂമറേഷൻ  ഫോമുകൾ സമർപ്പിച്ചിട്ടില്ലെന്നും അതിനാൽ ഒഴിവാക്കപ്പെടുന്നവരുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നും കമ്മീഷൻ പറയുന്നു. ജൂലൈ 25 ന് 11 ദിവസം മാത്രമേ സമയമുള്ളൂ. എന്യൂമറേഷൻ ഫോമുകൾ സമർപ്പിച്ച എല്ലാവരുടെയും പേര് കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം .

ജൂൺ 25ന് എസ്‌.ഐ.ആർ ആരംഭിച്ചതിനുശേഷം ബൂത്ത് ലെവൽ ഓഫീസർമാർ നടത്തിയ വീടുതോറുമുള്ള സന്ദർശനങ്ങളിലൂടെ ഇതുവരെ 6.60 കോടി വോട്ടർമാരുടെ എന്യൂമറേഷൻ ഫോമുകൾ ശേഖരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. ബീഹാറിൽ മൊത്തം 7.89 കോടി വോട്ടർമാരാണ് ഉള്ളത്. അതിൽ 88.18 ശതമാനത്തിന്റെ ഫോമുകളാണ് ഇപ്പോൾ ശേഖരിച്ചിട്ടുള്ളത്.

1.59 ശതമാനം വോട്ടർമാർ മരണപ്പെട്ടതായും 2.2 ശതമാനം പേർ സ്ഥിരമായി സ്ഥലം മാറിയതായും 0.73 ശതമാനം പേർ ഒന്നിലധികം സ്ഥലങ്ങളിൽ പേര് ചേർത്തതായും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

‘ഏകദേശം 12.55 ലക്ഷം വോട്ടർമാർ മരിച്ചു. 17.37 ലക്ഷം വോട്ടർമാർ സ്ഥിരമായി ബീഹാറിന് പുറത്തേക്ക് മാറി. 5.76 ലക്ഷം വോട്ടർമാർ ഒന്നിലധികം സ്ഥലങ്ങളിൽ പേരുചേർത്തിട്ടുണ്ട്. 88.18 ശതമാനം വോട്ടർമാർ ഇതിനകം തന്നെ  ഫോമുകൾ സമർപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവരിൽ പലരും വരും ദിവസങ്ങളിൽ അവരുടെ എന്യൂമറേഷൻ ഫോമുകൾ രേഖകൾക്കൊപ്പം സമർപ്പിക്കാൻ സമയം തേടിയിരിക്കുകയാണ്,’ തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

ബീഹാറിൽ നിന്ന് താത്ക്കാലികമായി പുറത്ത് പോയ വോട്ടർമാർരെ, പത്ര പരസ്യങ്ങളിലൂടെയും അവരുമായി നേരിട്ട് ബന്ധപ്പെടുന്നതിലൂടെയും എന്യൂമറേഷൻ ഫോമുകളെക്കുറിച്ച് അറിയിക്കുമെന്നും അവ പൂരിപ്പിക്കാൻ ശ്രമിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

കൂടാതെ ഫീൽഡ് സന്ദർശന വേളയിൽ, നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചില വിദേശ പൗരന്മാർ  വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചതായും കമ്മീഷൻ ആരോപിച്ചു.

അതേസമയം വോട്ടർ പട്ടികയിൽ നിന്ന് 35 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കപ്പെടുമെന്ന റിപ്പോർട്ടിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായെത്തി. ഞായറാഴ്ച നടന്ന പത്രസമ്മേളനത്തിൽ, ബീഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തെത്തി.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിൽ, സംസ്ഥാനത്തെ 7.90 കോടി വോട്ടർമാരിൽ 80 ശതമാനത്തിലധികം പേർക്കും ഇതിനകം എസ്‌.ഐ.ആർ നൽകിയിട്ടുണ്ടെന്ന് ഇ.സി അവകാശപ്പെട്ടു. ബീഹാറിൽ നിന്നുള്ള ഏകദേശം നാല് കോടി ആളുകൾ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്നുണ്ടെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഇത് അമ്പരപ്പിക്കുന്ന ഒരു അവകാശവാദമാണ്.

ഓരോ നിയോജകമണ്ഡലത്തിലെയും ഒരു ശതമാനം വോട്ടർമാരെ ഒഴിവാക്കുന്നത് പോലും ഓരോ സെഗ്‌മെന്റിലെയും ഏകദേശം 3,200 പേരുകൾ നീക്കം ചെയ്യുന്നതിന് കാരണമാകും,’ അദ്ദേഹം പറഞ്ഞു.

Content Highlight: Over 35 lakh names to be removed from revised Bihar voter list: EC

We use cookies to give you the best possible experience. Learn more