| Monday, 26th October 2026, 7:42 am

മധ്യപ്രദേശില്‍ നര്‍മദാ നദീതീരത്ത് 340-ലേറെ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കണ്ടെത്തി; അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

നിഷാന. വി.വി

ഭോപ്പാല്‍: മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലുള്ള മണ്ട്ലേശ്വര്‍ നര്‍മദാ നദീതീരത്ത് മുന്നൂറിലധികം വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. നദീതീരത്ത് നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ പ്രാദേശവാസികളാണ് 343 വോട്ടര്‍ കാര്‍ഡുകള്‍ കണ്ടെടുത്തത്.

സംഭവം പ്രദേശത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.
കണ്ടെത്തിയ കാര്‍ഡുകളില്‍ ഭൂരിഭാഗവും ഇന്‍ഡോര്‍ ജില്ലയിലെ റൗ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള വോട്ടര്‍മാരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ 2016-ല്‍ വിതരണം ചെയ്ത കാര്‍ഡുകളാണെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. ഇത്രയധികം വോട്ടര്‍ കാര്‍ഡുകള്‍ നദീതീരത്ത് തള്ളിയതിന് പിന്നില്‍ വലിയ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ഖാര്‍ഗോണ്‍ ജില്ലാ കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തില്‍ പരാതി നല്‍കിയ കോണ്‍ഗ്രസ് നേതൃത്വം, കുറ്റക്കാര്‍ക്കെതിരെ ഉടനടി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നദിയില്‍ കൂടുതല്‍ കാര്‍ഡുകള്‍ ഒഴുക്കിയിട്ടുണ്ടോ എന്നറിയാന്‍ മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ച് തെരച്ചില്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, നദീതീരത്തുനിന്ന് ലഭിച്ച വോട്ടര്‍ കാര്‍ഡുകള്‍ റവന്യൂ അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മണ്ട്ലേശ്വര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ശ്വേത ശുക്ല അറിയിച്ചു.
കാര്‍ഡുകള്‍ എവിടെ നിന്നാണ് വന്നതെന്നും ആരാണ് ഇവ നദിയില്‍ ഉപേക്ഷിച്ചതെന്നും കണ്ടെത്താന്‍ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

Content Highlight: Over 340 voter ID cards found on the banks of the Narmada River in Madhya Pradesh; Congress demands an investigation.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more