| Sunday, 15th June 2025, 5:36 pm

ലോകമെമ്പാടുമുള്ള 272 ദശലക്ഷത്തിലധികം കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല; യുനെസ്‌കോ റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: ലോകമെമ്പാടുമുള്ള 272 ദശലക്ഷത്തിലധികം കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന റിപ്പോർട്ട് പുറത്ത് വിട്ട് യുനെസ്കോ. യുനെസ്കോയുടെ ഗ്ലോബൽ എഡ്യൂക്കേഷൻ മോണിറ്ററിംഗ് ടീം (ജി.ഇ.എം) റിപ്പോർട്ട് പ്രകാരം, ആഗോളതലത്തിൽ സ്കൂൾ വിദ്യാഭ്യാസം ലഭിക്കാത്തവരുടെ എണ്ണം 272 ദശലക്ഷമായി വർധിച്ചു. കഴിഞ്ഞ വർഷങ്ങളിലെ കണക്കുകളേക്കാൾ 21 ദശലക്ഷത്തിലധികം കൂടുതലാണിത്.

രണ്ട് കാരണങ്ങളാണ് ഈ വർധനവിന് കാരണമെന്നും റിപ്പോർട്ട് പറയുന്നു. ‘രണ്ട് കാരണങ്ങളാണ് ഈ വർദ്ധനവിന് കാരണം. ഒന്നാമതായി, ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ വിഭാഗം നൽകിയ പുതിയ ജനസംഖ്യാ കണക്കുകളിൽ സ്കൂൾ വിദ്യാഭ്യാസം നേടേണ്ട പ്രായത്തിലുള്ള കുട്ടികളുടെ എണ്ണം മുമ്പത്തേക്കാൾ ഏകദേശം 50 ദശലക്ഷം കൂടുതലാണെന്ന് കാണിക്കുന്നു. കൂടാതെ അഫ്ഗാനിസ്ഥാനിൽ സെക്കൻഡറി സ്കൂൾ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് വിലക്കേർപ്പെടുത്തിയതും മറ്റൊരു കാരണമാണ്,’ റിപ്പോർട്ട് പറയുന്നു.

സംഘർഷങ്ങൾ ഡാറ്റ ശേഖരണത്തെ തടസപ്പെടുത്തുന്നതിനാൽ ഈ കണക്ക് ഉയരാനാണ് സാധ്യതയെന്നും യുനെസ്‌കോ പറയുന്നു.

റിപ്പോർട്ട് പ്രകാരം പ്രൈമറി സ്കൂൾ പ്രായത്തിലുള്ള കുട്ടികളിൽ ഏകദേശം 11 ശതമാനം പേരും (78 ദശലക്ഷം), ലോവർ സെക്കൻഡറി സ്കൂൾ പ്രായത്തിലുള്ള കൗമാരക്കാരിൽ 15 ശതമാനം പേരും (64 ദശലക്ഷം), അപ്പർ സെക്കൻഡറി സ്കൂൾ പ്രായത്തിലുള്ള യുവാക്കളിൽ 31 ശതമാനം പേർ (130 ദശലക്ഷം) എന്നിങ്ങനെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ല.

2030 ആകുമ്പോഴേക്കും സ്കൂളിന് പുറത്തുള്ള കുട്ടികളുടെ എണ്ണം പ്രൈമറി തലത്തിൽ രണ്ട് ശതമാനമായി കുറയ്ക്കണമെന്നും ലോവർ സെക്കൻഡറിയിൽ ഇത് അഞ്ച് ശതമാനമാക്കണമെന്നും അപ്പർ സെക്കൻഡറിയിൽ 16% എന്നിങ്ങനെ കുറക്കാൻ രാജ്യങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് യുനെസ്‌കോ പറയുന്നു. ഈ തോതിൽ കുറക്കുകയാണെങ്കിൽ 2030 ആകുമ്പോഴേക്കും സ്കൂളിന് പുറത്തുള്ള കുട്ടികളുടെ എണ്ണം 107 ദശലക്ഷമായി കുറയുമെന്നും യുനെസ്‌കോ പറയുന്നു.

Content Highlight: Over 272 million children out-of-school across the globe: Global Education Monitoring report

We use cookies to give you the best possible experience. Learn more