| Thursday, 8th May 2025, 9:24 am

ഇസ്രഈലുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കണം; യു.കെ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി 200ഓളം ഇസ്രഈലികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഇസ്രഈലുമായുളള വ്യാപാര ബന്ധം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.കെ സര്‍ക്കാരിന് കത്തെഴുതി ഇസ്രഈലി പൗരന്മാര്‍. യു.കെയില്‍ താമസിക്കുന്ന 200ഓളം ഇസ്രഈലികളാണ് ബ്രിട്ടീഷ് സര്‍ക്കാരിന് കത്തെഴുതിയത്. മിഡിൽ ഈസ്റ്റ് ഐയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.

യു.കെ-ഇസ്രഈല്‍ വ്യാപാര പങ്കാളിത്ത കരാര്‍ താത്കാലികമായി നിര്‍ത്തിവെക്കണമെന്നാണ് ബ്രിട്ടീഷ് പൗരത്വമുള്ള ഇസ്രഈലികള്‍ ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറിനും വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിക്കുമാണ് ഇവര്‍ കത്തയച്ചത്.

പട്ടിണിക്കിട്ട് ഗസയിലെ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന ക്രിമിനല്‍ നടപടിയില്‍ ബ്രിട്ടന്‍ പങ്കാളിയാകരുതെന്നും ഇസ്രഈലികള്‍ പറഞ്ഞു. ഗസയില്‍ നിന്ന് വരുന്ന പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ഭീതിയോടെയാണ് തങ്ങള്‍ കാണുന്നതെന്നും ഇസ്രഈല്‍ ഉപരോധത്തെ തുടര്‍ന്ന് രണ്ട് മാസമായി ഗസയില്‍ മാനുഷിക സഹായമെത്തിയിട്ടെന്നും കത്തില്‍ ഒപ്പുവെച്ചവര്‍ പറഞ്ഞു.

‘നെതന്യാഹുവിന്റെ തെമ്മാടി സര്‍ക്കാരിനോട് അപേക്ഷിച്ചിട്ട് കാര്യമില്ല. ഗസയില്‍ കടുത്ത പട്ടിണിയുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഈ ദുരന്തം കൂടുതല്‍ വഷളാകുന്നതിന് മുമ്പ് ഇടപെടേണ്ടതുണ്ട്. അതിനായി യു.കെ അടിയന്തിരമായി നടപടിയെടുക്കണം,’ കത്തില്‍ പറയുന്നു.

2019ലാണ് ഇസ്രഈലും യു.കെയും വ്യാപാര കരാറില്‍ ഒപ്പുവെക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുവന്നതിന് ശേഷമാണ് യു.കെ ഇസ്രഈലുമായി കരാറിലെത്തിയത്.

കരാര്‍ അനുസരിച്ച് ഇരുരാജ്യങ്ങളും പ്രതിവര്‍ഷം ഏകദേശം ഏഴ് ബില്യണ്‍ പൗണ്ട് (9.36 ബില്യണ്‍ ഡോളര്‍) ലാഭം കൊയ്യുന്നുണ്ട്. ഈ കരാര്‍ നിര്‍ത്തിവെക്കാനാണ് യു.കെ പൗരത്വമുള്ള ഇസ്രഈലികള്‍ ആവശ്യപ്പെട്ടത്.

2022 മുതല്‍ ഇരുരാജ്യങ്ങളും പുതിയ സ്വതന്ത്ര വ്യാപാര കരാര്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. 2023 മാര്‍ച്ചില്‍ പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനായി ഒരു ദീര്‍ഘകാല കരാറിലും ഇസ്രഈലും യു.കെയും ഒപ്പുവെച്ചിരുന്നു.

കഴിഞ്ഞ ദിവസം ഇസ്രഈലിന് ആയുധങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക് ഉണ്ടായിട്ടും ബ്രിട്ടീഷ് കമ്പനികള്‍ ഇസ്രഈലിന് ആയുധങ്ങള്‍ കൈമാറുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 2024 സെപ്റ്റംബറില്‍ ഇസ്രഈലിന് ആയുധങ്ങള്‍ കൈമാറുന്ന 30ഓളം കമ്പനികളുടെ ലൈസന്‍സുകള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇത് മറികടന്നാണ് ആയുധ വില്‍പ്പന നടക്കുന്നത്.

മാരകമായ എഫ്-35 ജെറ്റ് വിമാനങ്ങളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടെയാണ് ബ്രിട്ടന്‍ ഇസ്രഈലിന് കൈമാറിയത്. ഇറക്കുമതിയെ സംബന്ധിച്ചുള്ള ഇസ്രഈലില്‍ നിന്നുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്.

ഇസ്രഈലിലേക്കുള്ള ആയുധക്കയറ്റുമതി അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെ ലംഘനമാണന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഇസ്രഈലിലേക്കുള്ള ആയുധക്കയറ്റുമതി നിര്‍ത്തിവെച്ചത്.

Content Highlight: Over 200 Israelis write to UK Prime Minister calling for end to trade relations with Israel

We use cookies to give you the best possible experience. Learn more